മാധ്യമഭീമനും 93 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവും എസ്റ്റേറ്റും ഉള്‍പ്പെടുന്ന മൊറാഗയില്‍ നടന്ന വിവാഹത്തില്‍ എലീന സുക്കോവയെയാണ് മര്‍ഡോക്ക് ജീവിതപങ്കാളിയാക്കിയത്. 67-കാരിയായ മോസ്കോ സ്വദേശിയായ എലീന മോളിക്യുലാര്‍ ബയോളജിസ്റ്റാണ്.
നവദമ്പതികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റ് മുതൽ ഇരുവരും ഡേറ്റിംഗിലാണെന്നാണ് സൂചന. മർഡോക്കിന്റെ മൂന്നാമത്തെ ഭാര്യ വെൻഡി ഡെംഗ് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. 14 വർഷത്തെ വിവാഹ ബന്ധത്തിനുശേഷം 2013ലാണ് മർഡോക്കും വെന്‍ഡിയും വേർപിരിയുന്നത്. നേരത്തെ 67 കാരിയായ റേഡിയോ അവതാരക ലെസ്ലി സ്മിത്തുമായി രണ്ടാഴ്ച്ച മാത്രം നീണ്ട ബന്ധം മർഡോക്ക് അവസാനിപ്പിച്ചത് വാർത്തയായിരുന്നു.
എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014-ല്‍ അവസാനിച്ചു. ഇതില്‍ രണ്ടു കുട്ടികളുണ്ട്. 2022-ലാണ് നാലാം ഭാര്യ നടി ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്.
ഓസ്ട്രേലിയയില്‍ ജനിച്ച മര്‍ഡോക്ക് ഇപ്പോള്‍ യു.എസ്. പൗരനാണ്. മെല്‍ബണില്‍ 1931 മാര്‍ച്ച് 11-നാണ് മര്‍ഡോക്കിന്റെ ജനനം. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി ഹെറാള്‍ഡ് ആന്‍ഡ് വീക്കിലി ടൈംസിന്റെ ഉടമയുമായിരുന്ന കെയ്ഹ് മര്ഡോക്കാണ് പിതാവ്. അമ്മ ഡെയിം എലിസബത്ത്.