ഇപ്പോള്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള തട്ടിപ്പിന്റെ കാലമാണ്. പുതിയ കാലത്ത് കള്ളന്‍മാരും തട്ടിപ്പുകതാരും പുതിയ സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ്. അതാണ് പുതിയ ട്രെന്‍ഡ്. പല തരത്തിലുമുള്ള തട്ടിപ്പുകള്‍ക്ക് പിന്നാലെയാണ് ഇതാ കൊറിയര്‍ തട്ടിപ്പ് വന്നിരിക്കുന്നത്. നിങ്ങള്‍ അയച്ച കൊറിയറില്‍ മയക്കുമരുന്നുണ്ടെന്ന് പറഞ്ഞ് ആദ്യം പേടിപ്പിക്കും. പിന്നാലെ മുംബൈ പോലീസ് വിളിക്കും, പരാതി കൊടുക്കണം എന്നിങ്ങനെ ഭീഷണി. ഇപ്പോള്‍ കൊല്ലത്താണ് തട്ടിപ്പിന്റെ സംഭവം നടന്നിരിക്കുന്നത്. ഇതിനു മുന്‍പ് കൊച്ചിയില്‍ സമാന രീതിയില്‍ 41 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട്ടെ ഒരു കോളേജ് പ്രൊഫസര്‍ക്കും ഇത് പോലെ പണം നഷ്ടമായി. കോഴിക്കോട് ഐ.ഐ.എമ്മിലെ ഒരു വിദ്യാര്‍ത്ഥിയും ഒരു കോളജ് പ്രൊഫസറും ഇതുപോലെ തട്ടിപ്പുകാരുടെ കെണിയില്‍ വീണിട്ടുണ്ട്. കൊല്ലത്തെ സംഭവമാണ് ഏറ്റവും ലേറ്റസ്റ്റ്. മുംബൈയില്‍ നിന്നും തായ്ലാന്‍ഡിലേക്ക് നിങ്ങള്‍ അയച്ച കൊറിയറില്‍ 200 ഗ്രാം എം.ഡി.എം.എഅടങ്ങിയിട്ടുണ്ട് എന്നായിരുന്നു കാള്‍. ഇതിലേക്ക് തന്റെ അക്കൗണ്ട് നമ്പര്‍ എ.ടി.എം നമ്പര്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും കൂടി കേട്ടപ്പോള്‍ കൊല്ലം സ്വദേശി ഞെട്ടി. താനല്ല ഈ ഈ കൊറിയര്‍ അയച്ചതെന്ന് പോലീസില്‍ പരാതി നല്‍കും എന്നു പറഞ്ഞപ്പോള്‍, വിളിച്ചയാള്‍ പരാതി നല്‍കാന്‍ മുംബൈ പോലീസില്‍ നിന്നും ഒരു കോള്‍ വരുമെന്നായിരുന്നു മറുപടി നല്‍കിയത്.
പിന്നാലെ മുംബൈ സൈബര്‍ പോലീസില്‍ നിന്നും ആണെന്നും പറഞ്ഞ് ഒരാള്‍ സ്‌കൈപ്പില്‍ പ്രത്യക്ഷപ്പെട്ടു. താങ്കളെ ഓണ്‍ലൈനായി അറസ്റ്റ് ചെയ്തിരിക്കുന്നു എന്നും തട്ടിപ്പുകാരന്‍ പറഞ്ഞു. പോരാത്തതിന് കൊല്ലം സ്വദേശിയുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് 13 ഓളം ജില്ലകളില്‍ തീവ്രവാദികള്‍ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് പറഞ്ഞു. ഇതോടെ എങ്ങനെയും തെളിയിക്കണമെന്ന് പരാതിക്കാരന്‍. ഇത് തെളിയിക്കാന്‍ പരാതിക്കാരന്‍ നല്‍കിയ അക്കൗണ്ട് നമ്പറിലേക്ക് 40 ലക്ഷം രൂപ അടയ്ക്കണം. അന്വേഷിച്ചതിനു ശേഷം ഇങ്ങനെ ഒരു കേസ് നടന്നിട്ടില്ലെങ്കില്‍ പണം തിരികെ ലഭിക്കുമെന്നും ഉദ്യോഗസ്ഥനായി വിളിച്ചയാള്‍ പറഞ്ഞു. ഇതോടെ 40 ലക്ഷം തട്ടിയെടുക്കുകയും ചെയ്തു.
ഇത് സ്ഥിരം അടവാണ്. കൊച്ചിയിലെ യുവ ബിസിനസുകാരന്, നിങ്ങളുടെ പേരിലുള്ള ഒരു പാഴ്‌സല്‍ തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് പറഞ്ഞ് കൊറിയര്‍ കമ്പനിയില്‍ നിന്ന് ഒരു കോളാണ് ആദ്യം വന്നത്. കസ്റ്റംസിന് നിങ്ങളോട് ഏന്തോ ഗുരുതരമായ വിഷയം പറയാനുണ്ടെന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കൈമാറും. തുടര്‍ന്ന് കസ്റ്റംസ് ഓഫീസര്‍ ചമഞ്ഞ ആള്‍ പാഴ്സലില്‍ മയക്കുമരുന്ന് ഉണ്ടെന്നാണ് പറയുക. ഉടനെ നിങ്ങളുടെ അറസ്റ്റുണ്ടാവുമെന്ന് ഭീതിപ്പെടുത്തും. പരിഭ്രാന്തനായ യുവാവിനോട് പിന്നെ നിരപാരാധിത്വം തെളിയിക്കാനെന്ന പേരില്‍ വ്യക്തി വിവരങ്ങളും ബാങ്ക് ട്രാന്‍സാക്ഷനുമൊക്കെ ആരായും. അങ്ങനെ ഒരു ബന്ധം സ്ഥാപിച്ച് നിങ്ങളെ ആരെങ്കിലും ചതിച്ചതാണെന്ന് പറഞ്ഞ് ആശ്വസിപ്പിച്ച് യഥാര്‍ഥ അക്കൗണ്ട് വിവരങ്ങള്‍ തപ്പിയെടുക്കും.
നിങ്ങള്‍ എന്തെങ്കിലും സംശയം പ്രകടിപ്പിക്കുകയാണെങ്കില്‍ സ്‌കൈപ്പില്‍ നേരില്‍ സംസാരിക്കാന്‍ അവര്‍ തയ്യാറാകും. എന്നിട്ട് ഔദ്യോഗിക ഐ.ഡി. കാര്‍ഡുകള്‍ കാണിച്ചു തരും. ഇവരെ വിശ്വാസത്തിലെടുത്ത് നമ്മള്‍ ബാങ്ക് വിവരങ്ങള്‍ കൈമാറും. തൊട്ടുപിന്നാലെ ഒരു മെസേജ് വരും. നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി അറിയിപ്പ്. അപ്പോള്‍ മാത്രമാവും തട്ടിപ്പിന്റെ ചുരുള്‍ നിവരുക. പിന്നീട് ഈ നമ്പറില്‍നിന്ന് പതിവ് പോലെ പ്രതികരണമൊന്നുമുണ്ടാകില്ല. ഇത്തരം ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്യാതിരിക്കുകയോ, വിവരങ്ങള്‍ കൈമാറാതിരിക്കുകയോ ചെയ്യുന്നതാണ് ബുദ്ധിപരമായ നീക്കം.