ഒരുപാട് ചരിത്രം ഉറങ്ങുന്ന മണ്ണാണ് നമ്മുടെ കേരളം. നിരവധി ചരിത്ര സ്മാരകങ്ങളും, കോട്ടകളും, അടങ്ങുന്നതാണ് നമ്മുടെ കേരളത്തിന്റെ സംസ്കാരം തന്നെ. അതിൽ ആനത്താവളം എന്നറിയപ്പെടുന്നൊരു സ്ഥലം ഉണ്ട്.. ഇത് പുന്നത്തൂർ കോട്ട എന്നും അറിയപ്പെടുന്നു.
ഇപ്പോൾ ദേവസ്വത്തിൻ്റെ 38 ആനകളെ പാർപ്പിച്ചിരിക്കുന്ന ആനത്താവളമാണ് പുന്നത്തൂർക്കോട്ട.
1975ലാണ് പുന്നത്തൂര്‍ കോവിലകം ഗുരുവായൂര്‍ ദേവസ്വം ഏറ്റെടുത്ത് ആനത്താവളം ഇങ്ങോട്ട് മാറ്റിയത്. പുന്നത്തൂര്‍ രാജകുടുംബം വക ഒമ്പത് ഏക്കര്‍ 75 സെന്‍റ് സ്ഥലവും കോവിലകവും 1.6 ലക്ഷം രൂപക്ക് ഗുരുവായൂര്‍ ദേവസ്വം വിലക്ക് വാങ്ങി. പിന്നീട് ദേവസ്വത്തിന്‍റെ ആനത്താവളം ഇങ്ങോട്ട് മാറ്റി. എന്നാല്‍, ചരിത്ര സ്മാരകമായ കോവിലകം കെട്ടിടം സംരക്ഷിക്കാന്‍ ദേവസ്വം ഒന്നും ചെയ്തില്ല. ഈ കോട്ടയുടെ കഥ അറിയേണ്ടേ.?
പൂക്കൈത മുതൽ ചേറ്റുവ വരെ നീണ്ടു കിടക്കുന്ന വന്നേരി നാട് ഭരിച്ചിരുന്നവരാണ് പുന്നത്തൂർ രാജവംശം. കുന്നംകുളത്തെ അയിനിക്കൂറിൽ പെട്ട മണക്കുളം രാജ വംശത്തിൻ്റെ ഭാഗം .
പാതിരിക്കോട്ടു മന വകയായിരുന്നു ഇന്നു കാണുന്ന കോവിലകം.
മനയ്ക്കൽ പുരുഷപ്രജകൾ ഇല്ലാതെ വന്നതിനെ തുടർന്ന് ഒരു ശിവദ്വിജ ബ്രാഹ്മണനെ (മൂസ്സത്) ദത്തെടുത്തു. ഇദ്ദേഹത്തെ വധിച്ചാണ് രാജാവ് കോവിലകം സ്വന്തമാക്കിയതെന്ന് കഥ.
ബ്രാഹ്മണൻ്റെ രക്ഷസ്സിനെ കുടിയിരുത്തിയ ക്ഷേത്രമാണത്രേ തൊട്ടടുത്തുള്ള ആൽക്കൽ ബ്രഹ്മരാക്ഷസൻ ക്ഷേത്രം.
ഈ ക്ഷേത്രത്തിലെ വാവുത്സവത്തിൻ്റെ ആറാട്ട് കോട്ടയിലെ കുളത്തിലായിരുന്നു.
കടങ്ങോട്ടു നായരും പുന്നത്തൂർ തമ്പുരാനുമായി കിടമത്സരം നിലനിന്നിരുന്നു.
നായർ തൻ്റെ അടിയാളനായ ചക്കപ്പനെ വിട്ട് കോട്ടയിലെ കവുങ്ങിൽ നിന്ന് ഒരു കുല പഴുക്ക പറിപ്പിച്ചു. ക്ഷുഭിതനായ തമ്പുരാൻ ചക്കപ്പനെ വധിച്ചു.
കടങ്ങോട്ടു നായരുടെ തറവാട് കയ്യേറി, പെട്ടരിയം ഇളയതിനു സമ്മാനിച്ചു.
ചക്കപ്പൻ്റെ പ്രേതം തമ്പുരാനെ വിട്ടില്ല. തമ്പുരാൻ കുളിച്ചു കയറിയാൽ കടവിൽ നിന്ന് ചക്കപ്പൻ പറയും “തമ്പ്രാ, അടിയൻ ഇവിടെയുണ്ടേ…”
അയിത്തമാകും.
തമ്പുരാൻ വീണ്ടും കുളിക്കും. ചക്കപ്പൻ വീണ്ടും പ്രത്യക്ഷപ്പെടും.
കുളിക്കാൻ പറ്റാതെ തമ്പുരാൻ വലഞ്ഞു.
ഒടുവിൽ ചക്കപ്പൻ്റെ പ്രേതത്തെ ആവാഹിച്ച് ചിറ്റ്യേനി എന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു. ചക്കപ്പൻതറ എന്ന ഈ സ്ഥലത്ത് ഇപ്പോൾ പൂജയും ആരാധനയും ഗംഭീരമായ പൂരാഘോഷവും നടക്കുന്നുണ്ട്.
പുന്നത്തൂരെ ഒരു തമ്പുരാന് കൂട്ടായി എപ്പോഴും ഒരു നായ ഉണ്ടായിരുന്നു.
തമ്പുരാൻ എവിടേക്ക് ഇറങ്ങിയാലും ഒപ്പം നായയും ഉണ്ടാകും..
ഒരിക്കൽ കുളിക്കാൻ കടവിൽ ഇറങ്ങുമ്പോൾ നായകുരച്ചു കൊണ്ട് മുന്നിൽ നിന്നു തടഞ്ഞു.
തമ്പുരാൻ നായയെ അവഗണിച്ച് ഇറങ്ങാൻ ഭാവിച്ചപ്പോൾ നായ കുളത്തിൽ ചാടി. നായയെ മുതല പിടിച്ചു. തമ്പുരാൻ മരിക്കുന്നതു വരെ എല്ലാ വർഷവും ഈ നായയുടെ ശ്രാദ്ധം ഊട്ടിയിരുന്നു.
കോവിലകത്തേക്ക് വെളിച്ചെണ്ണ നൽകാനും കൃഷി വിപുലപ്പെടുത്താനുമായി പുന്നത്തൂർ രാജാവ് നസ്രാണികളെ ക്ഷണിച്ചു കൊണ്ടുവന്നു.
ഇവർ കൃഷിയിലും വെളിച്ചെണ്ണ വ്യാപാരത്തിലും മറ്റു ബിസിനസ്സിലും മുന്നേറി. അയിത്തം നിലനിന്നിരുന്ന കാലത്ത് നസ്രാണിക്ക് അയിത്തമില്ലായിരുന്നു.മാത്രമല്ല “തൈലാദി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാലതു ശുദ്ധമാകും” എന്നൊരു ചൊല്ലും ഉണ്ടായിരുന്നു….
മുന്നിൽ കച്ചവടവും പിന്നിൽ വീടുമായി അങ്ങാടി വീടുകൾ ഇന്നും കോട്ടപ്പടിയുടെ സൗന്ദര്യമാണ്. 600 കൊല്ലം മുൻപ് തമ്പുരാൻ നൽകിയ 10 ഏക്കർ സ്ഥലത്താണ് കോട്ടപ്പടി സെൻ്റ് ലാസേഴ്സ് പള്ളി പണിതത്. ആദ്യം ഓല മേഞ്ഞ പള്ളിയായിരുന്നു. എന്നാൽ,
ടിപ്പുവിൻ്റെ ആക്രമണകാലത്ത് പള്ളിക്ക് തീയിട്ടു. പുന്നത്തൂർ കോട്ടയും ആക്രമിച്ചു. കോട്ടയുടെ പൂമുഖവാതിലിൻ്റെ ചിത്രപ്പണികളിൽ മൈസൂർപ്പടയുടെ വാൾത്തല ഏറ്റത് ഇപ്പോഴും കാണാം.
ആനകളുമായി ബന്ധപ്പെട്ട മ്യൂസിയം ഇവിടെ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികൾ ഉണ്ടായില്ല. എന്നാല്‍, പിന്നീടുവന്ന ഭരണാധികാരികളെല്ലാം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി. മാസങ്ങള്‍ക്ക് മുമ്പ് ആനത്താവളം സന്ദര്‍ശിച്ച മന്ത്രിമാരായ കെ. രാധാകൃഷ്ണനും പി.എ. മുഹമ്മദ് റിയാസും കോവിലകം ചരിത്ര സ്മാരകമായി സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.