തൃശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് അരലക്ഷത്തിന് മുകളിൽ. നിലവിൽ 68,862 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി മുന്നിലാണ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു.
തൃശ്ശൂരിൽ സുരേഷ് ഗോപി ഏറെക്കുറെ ജയം ഉറപ്പിച്ചെന്ന് ബിജെപി കരുതുന്നു. പലയിടങ്ങളിലും ബിജെപി ആഘോഷം തുടങ്ങിക്കഴിഞ്ഞു.5 വര്‍ഷത്തിലേറെയായി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി സിപിഐയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിന്റെ വെല്ലുവിളി മറികടന്നാണ് വിജയത്തിലേക്ക് കുതിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറക്കുന്നതിന്റെ ആഘോഷം ബിജെപി ക്യാമ്പിലുണ്ട്. അന്തിമ പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനമൊട്ടാകെ വിജയാഘോഷം നടത്താനാണ് പാര്‍ട്ടിയുടെ ആഹ്വാനം.
പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ എൽഡിഎഫ് രംഗത്തിറക്കിയതോടെ മത്സരം കനത്തു. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് തൃശൂർ.
2019ല്‍ തോറ്റെങ്കിലും ബിജെപിയുടെ വോട്ട് നില 2014ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിപ്പിച്ചു. 17.5 ശതമാനം വര്‍ധിപ്പിച്ച് 2,93,822 വോട്ടാണ് സുരേഷ് ഗോപി നേടിയത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരില്‍ സുരേഷ് ഗോപിക്ക് സീറ്റ് ഉറപ്പിച്ച് നല്‍കി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ സുരേഷ് 40,457 ആയിരുന്നു സുരേഷ് ഗോപിക്ക് ലഭിച്ച വോട്ടുകള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലെത്തിയപ്പോള്‍ വീണ്ടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ തൃശൂര്‍ എടുക്കും. വേണമെങ്കില്‍ കണ്ണൂരും. ഡല്‍ഹിയിലെ ഒരു നരേന്ദ്രന്‍ വിചാരിച്ചാല്‍ കേരളവും ഇങ്ങെടുക്കും. ഇത്തവണ പല തരത്തില്‍ കളിയാക്കിയവരോടും സുരേഷ് ഗോപി പറഞ്ഞു, ഞാന്‍ കൈ കൊണ്ടല്ല ഹൃദയം കൊണ്ടാണ് തൃശൂര്‍ എടുക്കുമെന്ന് പറഞ്ഞത്. ഏറ്റവും ഒടുവില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി എത്തിയതോടെ സുരേഷ് ഗോപിയുടെ താരപരിവേഷത്തിന് കൂടുതല്‍ മികവുണ്ടായി എന്നതാണ് യാഥാര്‍ഥ്യം.
ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ല്‍ സുരേഷ് ഗോപിയെ തൃശൂരില്‍ പരീക്ഷിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായത്. ശബരിമലയെപ്പറ്റി പ്രചാരണത്തിനിടെ ഒന്നും പറയരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയെങ്കിലും ആ വിഷയം ഉയര്‍ത്തിതന്നെയാണ് സുരേഷ് ഗോപി മുന്നേറിയത്. എന്നാല്‍ ‘ഇക്കുറി തൃശൂരില്‍ നിന്നൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗ്യാരണ്ടി’ എന്നുപറഞ്ഞുകൊണ്ടാണ് തൃശൂരില്‍ സുരേഷ് ഗോപി പ്രചാരണം ശക്തമാക്കിയത്. എതിരാളികള്‍ ട്രോളി ഒരു വശത്താക്കിയെങ്കിലും തനി സിനിമാ സ്‌റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥിയെ കാണാനും സെല്‍ഫിയെടുക്കാനും ജനങ്ങള്‍ ഒത്തുകൂടി. എന്നാല്‍ ഇതെല്ലാം വോട്ടായി മാറുമോ എന്ന് ബിജെപിക്ക് തന്നെ സംശയമുണ്ടായിരുന്നു.
കേരളത്തിൽ 17 മണ്ഡലങ്ങളിൽ യു.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ എൻ.ഡി.എ ലീഡ് ചെയ്യുമ്പോൾ ആലത്തൂരിൽ മാത്രമാണ് എൽ.ഡി.എഫ് ലീഡ് ചെയ്യുന്നത്.
ദേശീയതലത്തിൽ 280 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുകയാണ്. 239 സീറ്റുകളിലാണ് ഇൻഡ്യാ സഖ്യം മുന്നിട്ടുനിൽക്കുന്നത്. എൻ.ഡി.എക്ക് കഴിഞ്ഞ തവണത്തേക്കാൾ 73 സീറ്റ് കുറഞ്ഞപ്പോൾ ഇൻഡ്യാ സഖ്യത്തിന് കഴിഞ്ഞ തവണത്തേക്കാൾ 239 സീറ്റുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.