തുടര്‍ച്ചയായ മൂന്നാം തവണയും പത്തനംതിട്ട ലോക്സഭാമണ്ഡലം ആന്റോ ആന്റണിയെ കൈവിട്ടില്ല എന്നുപറയാം. സി.പി.എമ്മിലെ തോമസ് ഐസക്കും എന്‍.ഡി.എ യിലെ അനില്‍ ആന്റണിയും തിരഞ്ഞെടുപ്പിന്റെ സമയത് ശക്തമായ ത്രികോണപ്പോരിന്റെ പ്രതീതി ഉണ്ടാക്കിയെങ്കിലും ഫലം വന്ന ഒരു ഘട്ടത്തില്‍ പോലും അദ്ദേഹത്തിന് എതിരാളി ഉണ്ടായിരുന്നില്ല. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2019 ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
അത് ഇത്തവണ മെച്ചപ്പെടുത്തി 53,204 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ഉയര്‍ത്താന്‍ ആന്റോ ആന്റണിക്ക് കഴിഞ്ഞു. വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ സജീവമായ പ്രവര്‍ത്തിച്ച ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് തുടക്കം കുറിക്കുന്നത്. കോട്ടയം ജില്ലയിലെ മൂന്നിലവില്‍ കുരുവിള ആന്റണിയുടെയും ചിന്നമ്മ ആന്റണിയുടെയും മകനായി 1957ല്‍ ജനിച്ച ആന്റോ ആന്റണി,വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
കെ.എസ്.യുവിന്റെ താലൂക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ-വൈസ് പ്രസിഡന്റ്, ജില്ലാ-ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ആന്റോ ആന്റണി ബാലജനസംഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചു. കോട്ടയം ഡി.സി.സി.യുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് കെ.പി.സി.സി അംഗമായ ആന്റോ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു.
2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2009 ലോക്സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ. അനന്തഗോപനെ പരാജയപ്പെടുത്തി പത്തനംതിട്ടയില്‍ നിന്ന് ആദ്യമായി ലോക്സഭ അംഗമായി. 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ കോണ്‍ഗ്രസ് വിമതന് പീലിപ്പോസ് തോമസിനെയും 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം എം.എല്‍.എയായ വീണാ ജോര്‍ജ്ജിനെയും പരാജയപ്പെടുത്തി വീണ്ടും പത്തനംതിട്ടയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.