ന്യൂഡല്‍ഹി: ഇത്തവണയും ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കനാകാതെ എൻഡിഎ. നാനൂറിന് മേല്‍ സീറ്റ് ലക്ഷ്യംവെച്ച് കളത്തിലിറങ്ങിയ എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു മാത്രമല്ല, ഉത്തര്‍പ്രദേശ് അടക്കമുള്ള ഹിന്ദിഹൃദയഭൂമി മേഖലയില്‍ തിരിച്ചടികളും നേരിടേണ്ടിവന്നു. മഹാരാഷ്ട്രയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനുമായില്ല.
നാനൂറ് സീറ്റ് മറികടക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടന്നുകയറാമെന്ന പ്രതീക്ഷയായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. കര്‍ണാടകയില്‍ ഭേദപ്പെട്ട പ്രകടനം ഒഴിച്ചാല്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ല. കേരളത്തില്‍ നടന്‍ സുരേഷ് ഗോപിക്ക് ഒരു സീറ്റ് നേടാനായി എന്നത് ആശ്വാസം നല്‍കുന്നതാണെങ്കിലും തമിഴ്‌നാട്ടിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച ഫലത്തിന് സമീപത്തെങ്ങും എത്താന്‍ ബിജെപിക്കായില്ല. തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കം എല്ലാ എന്‍ഡിഎ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു.
കർണാടകയില്‍ ബിജെപി-ജെഡിഎസ് സഖ്യം 19 സീറ്റുകൾ നേടി. ഒന്നിൽ നിന്ന് ഒമ്പതായി സീറ്റുകൾ ഉയർത്താൻ കഴിഞ്ഞുവെന്ന് അവകാശപ്പെടാമെങ്കിലും ഡി.കെ ശിവകുമാറിന്റെ തട്ടകമായ ബെംഗളൂരു റൂറലിൽ സഹോദരൻ ഡി.കെ സുരേഷ് തോറ്റത് കോൺഗ്രസിന് തിരിച്ചടിയായി.
കന്നഡ മണ്ണിൽ ബിജെപി തരംഗം ആവർത്തിക്കുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങൾ തെറ്റി. 2019ൽ ഒറ്റക്ക് മത്സരിച്ച് നേടിയ 25 സീറ്റിൽ നിന്ന് ബിജെപിയുടെ നില 17 ആയി കുറഞ്ഞു. ജെഡിഎസ് ജയിച്ച മാണ്ഡ്യയും കോലാറും കൂടി ചേർന്നാൽ എൻഡിഎ പട്ടിക 19. ബിജെപി ശക്തി കേന്ദ്രമായ വടക്കൻ കർണാടകയിലാണ് കനത്ത തിരിച്ചടി നേരിട്ടത്. പ്രജ്വൽ രേവണ്ണ വിവാദം കർണാടക രാഷ്ട്രീയത്തിൽ ആഞ്ഞുവീശിയതിന് ശേഷം വോട്ടെടുപ്പ് നടന്ന 14 മണ്ഡലങ്ങളിൽ ഏഴിലും ബിജെപി പരാജയപ്പെട്ടു.