ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും നേടാനാകാതെ മായാവതിയുടെ ബി.എസ്.പി. നാല് തവണ യു.പിയിൽ മുഖ്യമന്ത്രിയായ മായാവതി ഉത്തർപ്രദേശിലെ രാഷ്ട്രീയമണ്ഡലത്തിൽ നിന്നും പൂർണമായും അപ്രത്യക്ഷമാകുന്നുവെന്ന സൂചനകളാണ് 2024 ലോക്സഭ തെരഞ്ഞെടുപ്പ് നൽകുന്നത്. 2019ൽ അഖിലേഷ് യാദവിനൊപ്പം ചേർന്ന് 10 സീറ്റിൽ വിജയിക്കാൻ മായാവതിക്ക് സാധിച്ചിരുന്നു. എന്നാൽ, ഇക്കുറി സംപൂജ്യയായി മടങ്ങാനായിരുന്നു മായാവതിയുടെ വിധി.
ഉത്തര്‍പ്രദേശില്‍ സഖ്യത്തിനില്ലെന്നു പറഞ്ഞ് എസ്.പി യുമായി ചേര്‍ന്ന് മത്സരിക്കാതെ ഇക്കുറി ഒറ്റക്കായിരുന്നു ബി.എസ്.പി മത്സര രംഗത്തേക്കിറങ്ങിയത്. ബി.ജെ.പി യും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ നിലവില്‍ കടുത്ത മത്സരമാണ് ഉത്തര്‍പ്രദേശില്‍ നടന്നു കൊണ്ടിരിക്കുന്നത്. നിലവില്‍ എല്ലാ മണ്ഡലങ്ങളിലും ബി.എസ്.പി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു കഴിഞ്ഞു.
ദളിത് രാഷ്ട്രീയത്തിലൂടെയാണ് മായാവതി യു.പിയിൽ ചുവടുറപ്പിക്കുന്നത്. തുടർന്ന് 1995,1997, 2002,2007 വർഷങ്ങളിൽ മായാവതി യു.പി മുഖ്യമന്ത്രിയായി. എന്നാൽ, 2007ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് കാര്യമായ നേട്ടമുണ്ടാക്കാൻ മായാവതിക്ക് സാധിച്ചില്ല. എന്നാൽ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അഖിലേഷുമൊത്ത് നേട്ടമുണ്ടാക്കാൻ ബി.എസ്.പിക്ക് കഴിഞ്ഞു. എന്നാൽ, ഇക്കുറി ഒറ്റക്ക് മത്സരിക്കാനുള്ള മായാവതിയുടെ തീരുമാനം പാളി.
ദേശീയ പാര്‍ട്ടിയെന്ന പദവിയുള്ള ബി.എസ്.പി 2009ല്‍ യു.പിയില്‍ 21 സീറ്റുകള്‍ നേടിയിരുന്നു, 2004ല്‍ 19 സീറ്റുകള്‍ നേടി. മായാവതിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ ആറു സീറ്റുകള്‍ നേടിയിരുന്നു. 1999-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 14 സീറ്റും നേടിയിരുന്നു.
അതേസമയം, ഉത്തർപ്രദേശിൽ ഇൻഡ്യ വലിയ മുന്നേറ്റമാണ് ഇക്കുറി നടത്തിയത്. 44 സീറ്റുകളിലാണ് യു.പിയിൽ ഇൻഡ്യ സഖ്യം മുന്നേറിയത്. എൻ.ഡി.എയുടെ മുന്നേറ്റം ഇക്കുറി 35 സീറ്റിലേക്ക് ഒതുങ്ങി. എസ്.പിയും കോൺഗ്രസും ചേർന്ന സഖ്യം വലിയ നേട്ടമാണ് യു.പിയിലുണ്ടാക്കുന്നത്. അഖിലേഷ്-രാഹുൽ കോമ്പോ വലിയ നേട്ടങ്ങളുണ്ടാക്കുന്ന കാഴ്ചയാണ് യു.പിയിൽ കാണുന്നത്.