ലോകത്തെ ഏറ്റവും അപകടകാരിയായ ഗുഹ എന്നറിയപ്പെടുന്ന കെനിയയിലെ എല്‍ഗോണ്‍ നാഷണല്‍ പാർക്കിലെ കിതും ഗുഹയ്ക്കെതിരെ മുന്നറിയിപ്പുമായി ശാസ്ത്രലോകം .അടുത്ത മഹാമാരിക്ക് ഈ ഗുഹ കാരണമായി മാറിയേക്കാമെന്നാണ് പഠനം. മനുഷ്യ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രമായാണ് കിതും ഗുഹയെ കണക്കാക്കുന്നത്. എബോള, മാർബർഗ് വൈറസുകള്‍ ഇവിടെ നിന്നാണ് ആരംഭിച്ചതെന്ന് കരുതുന്നു. മാർബർഗ് വൈറസിനെതിരെയാണ് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ) അടക്കം ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാർബർഗിന് പകർച്ചവ്യാധി സാദ്ധ്യതയുണ്ടെന്ന് WHO ചൂണ്ടിക്കാട്ടുന്നു.
88 ശതമാനം വരെയാണ് മാർബർഗിന്റെ മരണ നിരക്ക്. എബോളയുമായി ഏറെ സാമ്യമുണ്ട് ഈ രോഗത്തിന് . മദ്ധ്യ ആഫ്രിക്കയില്‍ വ്യാപകമായി കണ്ടുവരുന്ന പഴംതീനി വവ്വാലുകളാണ് വൈറസിന്റെ ഉറവിടം. ഇവ വഴി മനുഷ്യർക്കിടെയില്‍ രോഗവ്യാപനം സംഭവിക്കുന്നു. മാർബർഗിന് നിലവില്‍ വാക്സിനോ പ്രത്യേക മരുന്നോ ഇല്ല. മാർബർഗ് നേരത്തെ തന്നെ കണ്ടെത്തിയതാണെങ്കിലും ഇതിന്റെ കേസുകള്‍ വർദ്ധിക്കുന്നതാണ് ഇപ്പോള്‍ ആശങ്കകള്‍ക്ക് ഇടവരുത്തിയിരിക്കുന്നത്. 1980ല്‍ കിതും ഗുഹയില്‍ അന്വേഷണത്തിനെത്തിയ ഒരു ഫ്രഞ്ച് എൻജിനിയർ മാർബർഗ് ബാധിച്ച് മരിച്ചിരുന്നു. ഏഴ് വർഷങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ഒരു ഡാനിഷ് ബാലനും രോഗത്തിന് ഇരയായി മരണമടഞ്ഞു.
ആന, പോത്ത്, പുള്ളിപ്പുലികള്‍ തുടങ്ങി മേഖലയിലെ വന്യജീവികള്‍ ഈ ഗുഹയിലെ നിത്യസന്ദർശകരാണ്. 600 അടി താഴ്ചയുള്ള ഈ ഗുഹയിലെ വൈറസ് വാഹകരായ വവ്വാലുകളില്‍ നിന്ന് രോഗം വന്യജീവികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പടരാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. 1967ല്‍ ജർമ്മനിയിലെ മാർബർഗ് നഗരത്തില്‍ വച്ചാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് . പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആഫ്രിക്കയുടെ പല ഭാഗത്തും കണ്ടെത്തി. മാർബർഗിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് പടർന്നത് . വവ്വാലുകളില്‍ നിന്നോ വൈറസ് വാഹകരായ മറ്റ് മൃഗങ്ങളില്‍ നിന്നോ രോഗം പടരുന്നു .മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കും പടരുന്നുണ്ട് . കടുത്ത പനി,തലവേദന,ശരീരവേദന,നാഡീവ്യവസ്ഥയുടെ തകരാർ തുടങ്ങിയവയാണ് ലക്ഷണങ്ങൾ