മഴക്കാലമാകുന്നതോടെ ഒച്ചകളും അട്ടകളും വീടുകളിലേക്ക് പ്രവേശിക്കാൻ തുടങ്ങും. അട്ടകൾ അല്ലെങ്കിൽ തേരട്ടകൾ അതേസമയം തണുപ്പ് ഇഷ്ടപ്പെടുന്ന ജീവിയാണ്. ഇത്തരം സാഹചര്യം മുതലാക്കി ഇവ വീട്ടിൽ കയറും. കുറേശെ അഴുകിത്തുടങ്ങിയ വസ്തുക്കളോ ഉണങ്ങിയ ഇലയോ ഒക്കെയുള്ളവ അട്ടകൾ ഭക്ഷണമാക്കും.
ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നത്. കൃഷിത്തോട്ടങ്ങളിൽ വിഹരിക്കുന്ന ഇവ പയർ, പാവൽ, വെണ്ട, കപ്പ, ചേന, വാഴ, മത്തൻ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു. മെനിഞ്ചൈറ്റിസ് അടക്കം രോഗം പരത്താൻ ഇവയ്ക്ക് കഴിയും.
ആഫ്രിക്കൻ ഒച്ചുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ, എന്നിവ വിതറിയാൽ ഒരു പരിധി വരെ ഇവയുടെ ശല്യം കുറയ്ക്കാം. പഴത്തൊലി, പഴവർഗങ്ങളുടെ തൊലി എന്നിവയിൽ മൈദ പുരട്ടി വെച്ചാൽ ഇവ പെട്ടന്ന് ആകർഷിക്കപ്പെടും. തുടർന്ന് പുകയില കഷായം ഉപയോഗിച്ച് ഇവയെ നശിപ്പിക്കാം.
ഒച്ചുകളില്‍നിന്ന് പകരുന്ന ഇസിനോഫിലിക് മെനിംഗോ എന്‍സെഫലൈറ്റിസ് എന്ന ഗുരുതരരോഗം ദക്ഷിണേന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ വ്യാപകമാകുന്നതായി പഠന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കൊച്ചി അമൃത ആശുപത്രി 14 വര്‍ഷമായി നടത്തിയ പഠനത്തിലാണ് മരണത്തിന് ഇടയാക്കുന്നതോ തലച്ചോറിനും ഞരമ്പിനും ശാശ്വതമായ തകരാറുണ്ടാക്കുന്നതോ ആയ ഈ രോഗം കുട്ടികളില്‍ വ്യാപിക്കുന്നുവെന്ന് കണ്ടെത്തിയത്.
ഒച്ചുകളില്‍ കാണപ്പെടുന്ന ആന്‍ജിയോസ്ട്രോങ്ങ്ലസ് കാന്റൊനെന്‍സിസ് അഥവാ റാറ്റ് ലങ് വേം (എലിയുടെ ശ്വാസകോശത്തില്‍ രൂപപ്പെടുന്ന അണുക്കള്‍) ആണ് ഇതിനുകാരണമാകുന്നത്. ഒച്ചുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ ഒച്ചിന്റെ ലാര്‍വ വീണ വസ്തുക്കളിലൂടെയോ അണുബാധയേല്‍ക്കാം. സാധാരണ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളായ കടുത്തപനി, അലസത, ദേഷ്യം, ഛര്‍ദി തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങള്‍.
എന്നാല്‍, മെനിഞ്ചൈറ്റിസിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍കൊണ്ട് ഈ രോഗലക്ഷണങ്ങള്‍ കുറയുന്നില്ല എന്നതാണ് വ്യത്യാസം. സെറിബ്രോസ്പൈനല്‍ ദ്രാവകത്തില്‍ ഇസിനോഫിലുകളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
കൊതുകുകളെ തുരത്താൻ കൊതുകുവല മുതൽ പല മാർഗങ്ങളുമുണ്ടെങ്കിലും അട്ടകളെ തുരത്തുക അത്ര എളുപ്പമല്ല. കട്ടിയേറിയ കടലാസോ മറ്റോ എടുത്ത് അട്ടയെയും ഒച്ചിനെയും നാം വെളിയിലേക്ക് കളയാറുണ്ടെങ്കിലും ഇവ ഒരുകാരണത്താലും വീട്ടിലേക്ക് കയറാതിരിക്കാൻ ഒരു വഴിയുണ്ട്.
ഒരൽപം വിനാഗിരി എടുക്കുക.ചെറിയൊരു പാത്രത്തിൽ സോപ്പും എടുക്കുക. ഇതിലേക്ക് വിനാഗിരിയും അതേ അളവിൽ വെള്ളവും ചേർക്കണം. ഇനി ഇതിലേക്ക് ഉപ്പും ചേർത്ത് യോജിപ്പിച്ച് അട്ടയും ഒച്ചുമടക്കം പ്രാണികൾ കയറിവരുന്ന മൂലകളിൽ തളിക്കുകയോ സ്പ്രേ ചെയ്യുകയോ ആകാം. ഇതോടെ അട്ടയും ഒച്ചും ഒതുങ്ങുമെന്ന് തീർച്ച.