മനുഷ്യൻ സാമൂഹ്യ ജീവിയാണെന്ന് പറയാറുണ്ട്. ഒറ്റയ്ക്ക് അധിക കാലം അതിജീവിക്കാൻ കഴിയാത്തത് കൊണ്ടും ആകാം മനുഷ്യന് ഇങ്ങനെ ഒരു വിശേഷണം കിട്ടിയത്. പ്രിയപ്പെട്ടവർ ഒക്കെ ഇപ്പോഴും ചുറ്റിലും ഉണ്ടാകണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടാകില്ല. ബന്ധുക്കളും,സുഹൃത്തുക്കളുമായി ഒരു വലയം തന്നെ ചുറ്റും വേണമെന്ന് ആഗ്രഹിക്കുന്നവർ . എന്നാൽ ഒരു ദിവസമോ , ഒരു വർഷമോ അല്ല നീണ്ട 18 വർഷങ്ങൾ ഒരു വിജനമായ ദ്വീപിൽ ഒറ്റയ്ക്ക് താമസിക്കേണ്ടി വന്ന ഒരു വ്യക്തിയെ കുറിച്ചാണ് പറയുന്നത്. അതും ഒരു സ്ത്രീ . ലോസ് ഏഞ്ചൽസിന് പടിഞ്ഞാറ് 53 മൈൽ അകലെയുള്ള സാൻ നിക്കോളാസ് എന്ന വിദൂരദ്വീപിലാണ് അവൾ താമസിച്ചിരുന്നത്.
പലരും അവൾക്ക് അവരവർക്കിഷ്ടമുള്ള പേരുകൾ സമ്മാനിച്ചു . ചിലർ അവളെ ‘വൈൽഡ് വുമൺ ‘ എന്നും ‘ലോസ്റ്റ് വുമൺ’ എന്നും വിളിച്ചു.കത്തോലിക്കാ പുരോഹിതന്മാർ അവളെ ജുവാന മരിയയെന്ന് സ്നാനപ്പെടുത്തി. അവളെ കുറിച്ചെഴുതിയ പുസ്തകത്തിൽ കഥാകാരി അവളെ കരന എന്ന് വിളിച്ചു. അവളുടെ യഥാർത്ഥ പേരെന്താണ് എന്നത് ഇന്നും പക്ഷേ വ്യക്തമല്ല.ജുവാന മരിയയുടെ ഗോത്രം, നിക്കോളാനോസ് എന്നാണ് അറിയപ്പെട്ടിരുന്നത്. തിമിംഗലത്തിന്റെ എല്ലുകളും, മരച്ചില്ലകളും കൊണ്ട് നിർമ്മിച്ച കുടിലിനു മുന്നിൽ നിന്നാണ് 1853 -ൽ ആളുകൾ അവളെ കണ്ടെത്തിയത്. ഏകദേശം 10,000 വർഷത്തോളം ആ ദ്വീപിൽ നിക്കോളാനോസ് വർഗ്ഗത്തിൽപ്പെട്ടവർ താമസിച്ചു. ജുവാന മരിയ ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ അവിടെ ഒരു വലിയ ദുരന്തം നടന്നു.
റഷ്യൻ രോമക്കച്ചവടക്കാരും അലാസ്കൻ കടല്‍വേട്ടക്കാരും ഗോത്രത്തെ ആക്രമിച്ചു. അവർ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തു. 1835 ആയപ്പോഴേക്കും 300 പേരുണ്ടായിരുന്ന സ്ഥാനത്ത്, ആളുകളുടെ എണ്ണം 20 ആയി. ആ വർഷം തന്നെ ജുവാന മരിയയുടെ മുഴുവൻ ഗോത്രത്തെയും സാൻ നിക്കോളാസ് ദ്വീപിൽ നിന്ന് കപ്പലിൽ കപ്പലിൽ കയറ്റി കൊണ്ടുപോയി. എന്നാൽ, അവൾ മാത്രം എങ്ങനെയോ രക്ഷപ്പെട്ടു. പിന്നീടുള്ള 18 വർഷകാലം ആ ദ്വീപിൽ അവൾ ഏകാന്തജീവിതം നയിച്ചു . . പക്ഷികളുടെ തൂവലുകളില്‍ നിന്നും, ഇലകളിൽ നിന്നും വസ്ത്രമുണ്ടാക്കി. താറാവുകളെയും , മത്സ്യത്ത്യും പിടിച്ച് ജീവിച്ചു. അവൾ അവ്യക്തമായ ഒരു പ്രാദേശിക ഭാഷയാണ് സംസാരിച്ചിരുന്നത്.
രക്ഷാപ്രവർത്തകർ, അവളെ കണ്ടെത്തി, സാന്താ ബാർബറയിലേയ്ക്ക് കൊണ്ടുവന്നപ്പോഴും വർഷങ്ങൾക്കുമുമ്പ് രക്ഷപ്പെട്ട അവളുടെ ബാക്കി ഗോത്രക്കാർ മരിച്ചിരുന്നു. അവൾക്കാകട്ടെ നാട്ടിൽ ആരുമായും ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നില്ല. ഭാഷ അറിയാത്തതിനാൽ അവളുടെ കഥ ആരോടും പറയാൻ അവൾക്ക് കഴിഞ്ഞില്ല. എങ്കിലും കാണാൻ വന്നവർക്കായി അവൾ പാട്ടുകളും നൃത്തങ്ങളും അവതരിപ്പിച്ചിരുന്നു. നാട്ടിൽ എത്തിയ കുതിരകളും, കെട്ടിടങ്ങളും കണ്ട് അവൾ അത്ഭുതപ്പെട്ടു . കാപ്പിയും മദ്യവും അവൾ ആസ്വദിച്ചിരുന്നു. എന്നിരുന്നാലും സാന്താ ബർബറയിൽ എത്തി ഏഴ് ആഴ്ചകൾ മാത്രമേ അവൾ ജീവിച്ചിരുന്നുള്ളൂ. വിജനമായ ദ്വീപിൽ , വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിച്ചപ്പോഴും അസുഖങ്ങൾ ഇല്ലാതെ ആരോഗ്യകരമായ ജീവിതം നയിച്ചവൾ ബർബറയിൽ എത്തിയപ്പോൾ രോഗപ്രതിരോധ ശേഷി ഇല്ലാത്ത ദുർബലയായി . ഒടുവിൽ വയറിളക്കം ബാധിച്ച്, 1853 ഒക്ടോബർ 19 -ന് അവർ ദാരുണമായി മരണപ്പെടുകയായിരുന്നു. ഏകാന്ത ജീവിതത്തിൽ നിന്നുള്ള പറിച്ചു നടൽ അവൾക്ക് മനസുകൊണ്ട് താങ്ങാനാകാത്താതാകാം ചിലപ്പോൾ മരണത്തിനിടയാക്കിയത് .