Features

കുതിപ്പില്‍ നിന്നും കിതപ്പിലേക്ക്; എന്തു പറ്റി സംസ്ഥാനത്തിന്റെ സ്വന്തം ഓട്ടോമൊബൈല്‍ കമ്പിനിക്ക്?

കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്ന പൊതുമേഖല സ്ഥാപനം, ഒരു കാലത്ത് വമ്പന്‍ സ്വകാര്യ കമ്പിനികളെ പോലും പിന്നിലാക്കി ഓട്ടോയിറക്കി നാടിന് അഭിമാനമായി മാറി, ഇന്ന് പറയാന്‍ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം. പൂട്ടിടുമോ അതോ ചക്രശ്വാസം വലിച്ച് അങ്ങനെ പോകുമോ. പറഞ്ഞു വരുന്നത് സംസ്ഥാനത്തിന്റെ സ്വന്തം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍)നെ കുറിച്ചാണ്. വിപണിയില്‍ തലയെടുപ്പോടെ നിറഞ്ഞു നിന്ന കെഎഎല്‍ ഇന്ന് നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്കാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പത്തു കോടിയിലധികം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎഎല്‍, ഇന്ന് പിടിച്ചു നില്‍ക്കാന്‍ സകല അടവുകളും പയറ്റുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണ്. ഇലക്ടിക്ക് ഓട്ടോ നീം ജിം ഇറക്കി വിപണി പിടിയ്ക്കാന്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോയെങ്കിലും കുത്തക കമ്പിനികളുടെ മാര്‍ക്ക്റ്റ് പിടിയ്ക്കലില്‍ കെഎഎല്‍ പിന്നോട്ട് തഴയപ്പെട്ടു. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങൾക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നെങ്കിലും ഒന്നും ക്ലച്ചു പിടിയ്ക്കുന്നില്ല.

പുതിയ പദ്ധതികളുമായി കെഎഎല്‍ മുന്നോട്ടു പോകുന്നെങ്കിലും ARAI എന്ന ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഡിസൈനുകള്‍ക്ക് അനുമതി കിട്ടാത്തതിനാല്‍ പല പദ്ധതികളും വിപണിയില്‍ അവതരിപ്പിക്കാന്‍ കഴിയാതെ കെഎഎല്‍ ബുദ്ധിമുട്ടുകയാണ്. കെഎഎല്ലിന്റെ റിസര്‍ച്ച് വിങ് പുത്തന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വാഹനങ്ങളുടെ ഡിസൈന്‍ ഉള്‍പ്പടെ തയ്യാറാക്കി പുറത്തിറാക്കാന്‍ ശ്രമം നടത്തുമ്പോഴും സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പല പദ്ധതികളും പാതി വഴിയില്‍ നിലച്ച അവസ്ഥയാണ്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പിനി എത്ര നാള്‍ പിടിച്ചു നില്‍ക്കുമെന്ന് അറിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ലഭ്യമായാല്‍ മാത്രമെ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളുവെന്ന് കമ്പിനി മാനെജ്‌മെന്റ് വ്യക്തമാക്കുന്നു.

2021 -22 സാമ്പത്തിക വര്‍ഷത്തില്‍ ഇ-ഓട്ടോ, ഇ- റിക്ഷ, ഇ-സ്‌കൂട്ടര്‍ എന്നിവയുടെ ഉത്പാദന സൗകര്യങ്ങളുടെ വികസനത്തിനും നവീകരണത്തിനുമായി നാല് കോടി രൂപ അനുവദിച്ചിരുന്നു. 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ഇ-ഓട്ടോ, ഇ-റിക്ഷ, ഇ-സ്‌കൂട്ടര്‍ എന്നിവയുടെ ഉത്പാദന സൗകര്യങ്ങളുടെ വികസനത്തിനും നവീകരണത്തിനുമായി രണ്ടര കോടി രൂപയും പ്രവര്‍ത്തന മൂലധനമായി ഒരു കോടി രൂപയും കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡിന് അനുവദിച്ചിട്ടുണ്ട്.

നിലവില്‍ പത്തു കോടി രൂപ നഷ്ടത്തിലാണ് കെഎഎല്‍ മുന്നോട്ട് പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ കെഎഎല്ലിന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല. വിപണി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കെഎഎല്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധയിലേക്ക് കൂപ്പ് കുത്താന്‍ സാധ്യതയുണ്ട്. ഫ്രണ്ട് എഞ്ചിന്‍ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കായുള്ള മാര്‍ക്കറ്റ് സര്‍വേ നടത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പനയും വികസനത്തിനും വേണ്ടിയുള്ള താല്‍പ്പര്യം പത്രം ഈയടുത്തായി കെഎഎല്‍ ക്ഷണിച്ചിരുന്നു. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമാണ് പുതിയ ടെന്‍ഡര്‍ ക്ഷണിക്കല്‍. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത പുതിയ പദ്ധതികളുടെ നടത്തിപ്പ് സങ്കീര്‍ണമാക്കും.

74 സ്ഥിരം ജീവനക്കാരും, കരാര്‍- അപ്രന്റീസുകളുടെ ശമ്പളമുള്‍പ്പടെയുള്ള പ്രവര്‍ത്തന ചിലവ് വര്‍ദ്ധിക്കുന്ന സാഹചര്യവും, ഉല്‍പ്പന്നങ്ങള്‍ക്ക് ഗണ്യമായ വില്‍പ്പനയില്ലാത്തതും കെഎഎല്ലിനെ വന്‍ കടത്തിലേക്കാണ് തള്ളിയിടുന്നത്. ഒരു മാസം പുതിയ വാഹനങ്ങള്‍ ഉല്‍പ്പാദിച്ച് നിരത്തില്‍ ഇറക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും പല മാസങ്ങളിലും ഇതു പൂര്‍ത്തികരിക്കാന്‍ സാധിക്കുന്നില്ല. കേരള നീം ജി ഇലകിട്രിക് ഓട്ടോ, പിക്ക് ഓട്ടോ ശ്രേണിയിലുള്ള കേരള ഗ്രീന്‍ സ്ട്രീം ഇ കാര്‍ട്ട്, ഇലക്ട്രിക് ടിപ്പര്‍ ഓട്ടോ എന്നിവയാണ് നിലവില്‍ കെഎഎല്‍ പുറത്തിറക്കുന്നത്. 150 വാഹനങ്ങള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്ന് കെഎഎല്‍ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്, ഇത്കൂടാതെ മൂന്നുറ് ഡീലര്‍മാര്‍, ഒരു ലക്ഷം കസ്റ്റമേഴ്‌സും 125000 വാഹനങ്ങള്‍ ഇതുവരെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും കെഎഎല്‍ അവകാശപ്പെടുന്നു.

സര്‍വ്വീസും സ്‌പെയര്‍ പാര്‍ട്‌സും കിട്ടാനില്ല

വാഹങ്ങള്‍ വാങ്ങിയവര്‍ പറയുന്ന പ്രധാന പ്രശ്‌നം സര്‍വ്വീസും സ്‌പെയര്‍ പാര്‍ട്‌സും കിട്ടാനില്ലെന്നാണ്. മുന്നൂറ് ഡിലര്‍മാര്‍ നിലവില്‍ ഉണ്ടെന്ന് കെഎഎല്‍ തന്നെ വ്യക്തമാക്കുമ്പോള്‍ സര്‍വ്വീസ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എങ്ങനയെന്ന് ചോദ്യം ഉയരുന്നുണ്ട്. പല വണ്ടികളും കട്ടപ്പുറത്ത് കയറിയാല്‍ പിന്നെ പുറത്തിറക്കാന്‍ സാധിക്കില്ലെന്ന് ഉടമകള്‍ തന്നെ വ്യക്തമാക്കുന്നു. ഇതിന് ഒരു കേന്ദ്രീകൃത പരിഹാരം ഉണ്ടാക്കാന്‍ ഇതുവരെ കെഎഎല്ലിനു സാധിച്ചിട്ടില്ല. ഇലക്ട്രിക് വാഹന ശ്രേണിയില്‍ മുന്‍ നിരയില്‍ എത്താന്‍ സാധിക്കുമായിരുന്ന കെഎഎല്‍ ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന ഉദാസീനതയാണ് ഉപഭോക്താക്കള്‍ പോകാന്‍ കാരണം. ഒട്ടും കസ്റ്റമര്‍ ഫ്രണ്ട്‌ലി അല്ലാത്തതും, പ്രൊഫഷണല്‍ ഇടപെടലുകളിലെ പരിചയക്കുറവും കെഎഎല്ലിന് വെല്ലുവിളിയായി മാറി.

പദ്ധതികള്‍ പലവിധം ഇതെല്ലാം നടന്നോ ?

ത്രീ വീലര്‍ ഓട്ടോ നിര്‍മ്മിക്കുന്നതോടൊപ്പം ISRO, VSSC ബ്രഹ്‌മോസ് എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വര്‍ക്ക് ഏറ്റടുത്ത് നടത്തി വരുന്നു. സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2016-ല്‍ കേന്ദ്ര ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ രൂപകല്‍പന ചെയ്ത് നിര്‍മ്മാണം നടത്തി വാണിജ്യപരമായ ഉത്പാദനം ആരംഭിച്ചു. 2017-18- കാലഘട്ടത്തില്‍ 7 കോടി രൂപ മുതല്‍ മുടക്കില്‍ VSSC ജോബ് വര്‍ക്കുകള്‍ കൃത്യമായി സൂക്ഷ്മതയോടും ചെയ്യുന്നതിന് ആധുനിക CNC മെഷീനുകള്‍ കമ്പനിയില്‍ സ്ഥാപിച്ചു.

ഇ-സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കുന്നതിനായി മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോര്‍ഡ്സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെട്ടു. ഇ-സ്‌കൂട്ടറുകളുടെ ഉത്പാദനം ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ച് വരുന്നു. സ്ഥാപനത്തിന്റെ ഇ- ഓട്ടോയുടെ വിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴില്‍രഹിത യുവതി യുവാക്കള്‍ക്ക് സബ്സിഡിയോടുകൂടി 420 ഇ- ഓട്ടോ 14 ജില്ലകളിലുമായി നല്‍കുന്ന ഉകഇയുടെ ഒരു ഒരു പദ്ധതി ബാങ്കുകളുടെ സഹായത്തോടെ നടപ്പിലാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിക്ക് 100 ഇ-ആട്ടോ നല്‍കുവാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടമായി 10 ഇ-ആട്ടോ നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മാര്‍ക്കറ്റ് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. കെഎഎല്ലിന്റെ മെഷീന്‍ ഷോപ്പ് വികസനത്തിനായി ഏഴ് കോടി രൂപയും ഇ-വെഹിക്കിള്‍ നിര്‍മ്മാണത്തിനായി വിവിധ ഘട്ടങ്ങളിലായി 83 ലക്ഷം രൂപ, 34 ലക്ഷം രൂപ, രണ്ടു കോടിയും, 50 ലക്ഷം രൂപ, നാല് കോടിയും, രണ്ടര കോടിയും സര്‍ക്കാരില്‍ നിന്നും ലഭിച്ചിരുന്നു.

കെഎഎല്ലിന്റെ ചരിത്രം

ഒരു കേരള സര്‍ക്കാര്‍ പൊതുമേഖലാ വാഹന നിര്‍മ്മാണ സ്ഥാപനമാണ് കേരള ഓട്ടോമൊബല്‍സ് ലിമിറ്റഡ്. 1978-ല്‍ തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര താലൂക്കില്‍ ആറാലുംമൂട് എന്ന സ്ഥലത്താണ് ഫാക്ടറി ആരംഭിച്ചത്. 2012-ല്‍ കടഛ 9001: 2000 സര്‍ട്ടിഫിക്കറ്റ് കമ്പനിക്ക് ലഭിച്ചു. നിലവിലെ ഉല്‍പ്പന്ന ശ്രേണിയില്‍ ഓട്ടോറിക്ഷ (മൂന്ന്/ആറ് സീറ്റര്‍), പിക്കപ്പ്/ഡെലിവറി വാന്‍, ഡീസല്‍ പതിപ്പിന്റെ ത്രീ വീലര്‍ ടിപ്പര്‍, മലിനീകരണ രഹിത സിഎന്‍ജി ഘടിപ്പിച്ച ഓട്ടോ, ലോഡ് കാരിയറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കമ്പനിയുടെ പുരോഗതിക്കായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ഫാക്ടറി സമുച്ചയത്തിന് ചുറ്റും കമ്പനി വികസിപ്പിച്ച അനുബന്ധ യൂണിറ്റുകള്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നു.

1984-ല്‍ ഉല്‍പ്പാദനം ആരംഭിച്ചതുമുതല്‍, കമ്പനി 85,000-ലധികം ത്രീ വീലറുകള്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കണക്കാക്കേണ്ട ഒരു ശക്തിയായി കെഎഎല്‍ സ്വയം വേറിട്ടുനില്‍ക്കുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, സുഡാന്‍, ബോട്‌സ്വാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഗ്വാട്ടിമാല (മധ്യ അമേരിക്ക) എന്നിവിടങ്ങളിലേക്കും കമ്പനി നിരവധി മുച്ചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. 1993-94-ല്‍ കമ്പനിക്ക് ആദ്യമായി വഴിത്തിരിവ് നല്‍കുകയും അതേ പ്രവണത ഉയര്‍ന്ന തലത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. മൂന്നാം ലോക രാജ്യങ്ങളില്‍ കെഎഎല്‍ ത്രീ വീലറുകളുടെ സ്വീകാര്യത ലഭിച്ചു. വിഎസ്എസ്സി/ഐഎസ്ആര്‍ഒയുടെ ബഹിരാകാശ പരിപാടികളില്‍ ഉപയോഗിക്കുന്നതിനുള്ള സങ്കീര്‍ണ്ണമായ ഘടകങ്ങളും കെഎഎല്‍ നിര്‍മ്മിക്കുന്നുണ്ട്.

കെഎഎല്ലിന്റെ അത്യാധുനിക ഫാക്ടറിയില്‍ ഓരോ ഘടകത്തിന്റെയും ഡൈമന്‍ഷണല്‍ കൃത്യത ഉറപ്പാക്കാന്‍ ഏറ്റവും ആധുനികമായ CNC മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഓരോ ഘട്ടത്തിലും ശക്തമായ ഗുണനിലവാര നിയന്ത്രണം നിലനിര്‍ത്തുന്നതിന് ഫാക്ടറിയില്‍ അത്യാധുനിക പരിശോധനാ സൗകര്യങ്ങളുണ്ട്.

ഇന്ത്യയുടെ സ്റ്റെര്‍ലിംഗ് ബഹിരാകാശ പദ്ധതിക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് നിര്‍ണായക ഘടകങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള സവിശേഷമായ പദവിയുണ്ട്.