മൊഹാലി: ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന് സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബളിന്‍റെ മർദനം. മൊഹാലി വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കങ്കണക്കുനേരെ ആക്രമണം ഉണ്ടായത്.
ഇതെതുടര്‍ന്ന്‍ കങ്കണ നല്‍കിയ പരാതിയിൽ വനിത കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ സിഐഎസ്എഫ് സസ്പെൻഡ് ചെയ്തു. ആരോപണമുയർന്ന് 3 മണിക്കൂറിനുള്ളിലാണ് നടപടി ഉണ്ടായത്. ഡല്‍ഹി സിഐഎസ്എഫ് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നാണ് വനിതാ കോൺസ്റ്റബിളിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സിഐഎസ്എഫ് അറിയിച്ചു. അതിനിടെ കങ്കണയുടെ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് കുൽവീന്ദർ കൗറിനെതിരെ കേസ് എടുത്തിട്ടുമുണ്ട്.
താന്‍ സുരക്ഷിതയാണെങ്കിലും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും സംഭവത്തില്‍ കങ്കണ പ്രതികരിച്ചു.
‘ഞാന്‍ സുരക്ഷിതയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ച് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം പുറത്തുവന്നപ്പോള്‍ എന്നെ സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥ മുഖത്ത് മര്‍ദിക്കുകയും ചീത്തപറയുകയും ചെയ്തു. കാരണം ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ അനുകൂലിക്കുന്ന ആളാണെന്ന് പറഞ്ഞു. ഞാന്‍ സുരക്ഷിതയാണെങ്കിലും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദവും തീവ്രവാദവും എന്നെ ഭയപ്പെടുത്തുന്നു’, കങ്കണ എക്‌സില്‍ കുറിച്ചു.
വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നോടെ വിമാനത്താവളത്തിലെത്തിയ കങ്കണയെ പതിവ് സുരക്ഷ പരിശോധനക്കു പിന്നാലെയാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗർ മർദിച്ചത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെ കങ്കണ നടത്തിയ മോശം പരാമർശമാണ് കോൺസ്റ്റബ്ളിനെ പ്രകോപിപ്പിച്ചത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. സംഭവം അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചു
മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ 74,755 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കങ്കണ ജയിച്ചത്. മുൻ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങിനെയാണ് കങ്കണ പരാജയപ്പെടുത്തിയത്.