Kerala

ഇനി ക്യൂ നില്‍ക്കേണ്ട, കണ്‍സെഷന്‍ കാര്‍ഡുകളുടെ അപേക്ഷയും വിതരണവും ആപ്പ് വഴിയാക്കും: കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കണ്‍സെഷന്‍ കാര്‍ഡുകളുടെ അപേക്ഷയും വിതരണവും ഉള്‍പ്പടെ ആപ്പ് വഴിയാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വിദ്യാര്‍ത്ഥികള്‍ ഇനി കണ്‍സെഷനായി ക്യൂ നില്‍ക്കേണ്ട. മുതിര്‍ന്നവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും എളുപ്പത്തില്‍ ആപ്പ് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

കണ്‍സെഷന്‍ കാര്‍ഡിനായി ബസ് സ്റ്റാന്‍ഡിലോ ഓഫീസിലോ ഇനി അപേക്ഷ നല്‍കേണ്ട. കണ്‍സെഷന്‍ എടുക്കാന്‍ കുട്ടിയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡും മാത്രം മതി. ആപ്പിലൂടെ തന്നെ പണമടച്ച് അപേക്ഷിക്കാം. പിന്നീട് ഡിപ്പോയില്‍ പോയി കണ്‍സെഷന്‍ കാര്‍ഡ് വാങ്ങിയാല്‍ മതി. കണ്‍സെഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമരം അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷകര്‍ എത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന പുതിയ നിബന്ധനയിൽ നിന്ന് പിന്മാറില്ലെന്നും മന്ത്രി അറിയിച്ചു.

ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയ്ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഡ്രൈവിംഗ് സ്കൂൾ ഉടമകള്‍ പ്രതിഷേധിച്ചിരുന്നു. നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്നുമായിരുന്നു മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കിയത്.

കഴിഞ്ഞ ദിവസം മുട്ടത്തറയിൽ ടെസ്റ്റിനെത്തിയപ്പോള്‍ ഇൻസ്ട്രക്ടർമാരുള്ളവർ മാത്രം ടെസ്റ്റിൽ പങ്കെടുത്താൻ മതിയെന്ന് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ നിർദ്ദേശിച്ചു. ഇതോടെ പ്രതിഷേധമുണ്ടായത്. ഇൻസ്ട്രക്ടർമാരുമായി വന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പോലും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.