Features

പൂട്ടിടാന്‍ തയ്യാറായി കേരളത്തിന്റെ പ്രിയ സ്ഥാപനങ്ങള്‍; കരകയറ്റാന്‍ സര്‍ക്കാരിന് കഴിയുമോ? നഷ്ടക്കണക്കില്‍ നട്ടം തിരിഞ്ഞ് 29 എണ്ണം.

വ്യവസായ സംസ്ഥാനമെന്ന ഖ്യാതി നേടിയെടുക്കാൻ ഒരിക്കലും നമ്മുടെ ഈ കൊച്ചു കേരളത്തിന് നേടിയെടുക്കാൻ സാധിക്കില്ല. താരതമ്യേന ചെറിയ സംസ്ഥാനവും സ്ഥല പരിമിതികളും വ്യവസായ അന്തരീക്ഷത്തിന് പറ്റിയ സ്ഥലമല്ലെന്ന ഖ്യാതിയുള്‍പ്പടെ കേരളത്തിനുള്ള ചീത്തപ്പേരുകള്‍ നിരവധിയാണ്. എന്നിരുന്നാലും വ്യവസായ രംഗത്തിന് ഉണർവ്വു പകരാൻ സംസ്ഥാനത്ത് പൊതു-സ്വകാര്യ മേഖലകളില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യവസായ മേഖലയില്‍ കേരളം ബഹുദൂരം പിന്നിലാണ്.

കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് ഒരു പരിധിവരെ താങ്ങായി നില്‍ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്നത്തെ സ്ഥിതി വളരെ മോശം അവസ്ഥയിലേക്കാണ് പോകുന്നത്. കേരളത്തില്‍ 54 പൊതുമേഖലാ സ്ഥാപനങ്ങളാണ് വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതില്‍ 29 സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചു പോകുന്നതെന്ന് വ്യവസായ വകുപ്പ് നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തിന്റെ വ്യവസായ മേഖലയില്‍ തലയെടുപ്പോടെ പ്രവര്‍ത്തിച്ചു നിന്ന ഈ സ്ഥാപനങ്ങള്‍ക്ക് പറയാനുള്ളത് ഇന്ന് നഷ്ടത്തിന്റെ കണക്കുകള്‍ മാത്രമാണ്. പ്രവര്‍ത്തന നഷ്ടത്തിലുള്ള ഈ സ്ഥാപനങ്ങള്‍ക്ക് പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികള്‍ ആസുത്രണം ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്നില്ല എന്നതാണ് ഈ നഷ്ടക്കണക്ക് സൂചിപ്പിക്കുന്നത്. ഓര്‍ഡറുകളുടെ കുറവും, പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവവും കാരണം ചില സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ശേഷിയില്‍ ഏറ്റക്കുറച്ചിലുകള്‍ വരാറുണ്ടെന്ന് വ്യവസായ വകുപ്പ് തന്നെ സമ്മതിക്കുന്നു. എന്നാല്‍ ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി നഷ്ടത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് സമ്മതിച്ചു തരാന്‍ വകുപ്പ് തയ്യാറാകുന്നില്ല. വര്‍ഷങ്ങളോളം നഷ്ടത്തില്‍ പോയി ഒടുവില്‍ ആ സ്ഥാപനം അടച്ചു പൂട്ടേണ്ടി വരുമെന്ന വസ്തുതയാണ് വകുപ്പ് സൗകര്യപൂര്‍വ്വം മറക്കുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍

ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, ഓട്ടോകാസ്റ്റ് ലിമിറ്റഡ്, കാപെക്‌സ്, കയര്‍ഫെഡ്, കരകൗശല വികസന കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡ്, ഹാന്റക്‌സ്, കെ.കരുണാകരന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ്, കെല്‍പാം, കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, മലബാര്‍ സിമന്റ്സ് ലിമിറ്റഡ്, സെയില്‍-എസ്സിഎല്‍ കേരള ലിമിറ്റഡ്, സീതാറാം ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ്, കണ്ണന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, മലബാര്‍ കോ-ഓപ്പറേറ്റീവ് ടെക്‌സ്‌റ്റൈല്‍സ് ലിമിറ്റഡ് (മാല്‍കോടെക്‌സ്), മലപ്പുറം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, പ്രിയദര്‍ശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, ക്വയിലോണ്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ്, ട്രിച്ചൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ്, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ലിമിറ്റഡ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കേരള ഒട്ടോ മൊബൈല്‍സ് ലിമിറ്റഡിന്റെ നഷ്ടക്കണക്ക് ഇന്നലെ നമ്മള്‍ നല്‍കിയ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 10 കോടിയുടെ നഷ്ടത്തിലാണ് നിലവില്‍ കെഎഎല്‍ എന്ന കേരള ഒട്ടോ മൊബൈല്‍സ് ലിമിറ്റഡ് കടന്നു പോകുന്നത്. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലോ കെഎഎല്‍ വിപണി കണ്ടെത്തിയില്ലെങ്കിലോ പ്രശ്‌നങ്ങള്‍ ഗുരതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് വിലയിരുത്തപ്പെടുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത് നയമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളെ സുസ്ഥിരപ്പെടുത്താന്‍ പുതിയ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നയസമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനായി വ്യക്തമായ പ്ലാനുകള്‍ ഒന്നും നടപ്പാക്കാതെ ആസൂത്രണം മാത്രമാണ് നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നത് തത്ക്കാലം നിറുത്തിയിരുക്കുകയാണ്. ബജറ്റില്‍ പൊതുമേഖലയ്ക്ക് കൃത്യമായ വിഹിതം പ്രഖ്യാപിച്ചെങ്കിലും തുക ലഭിയ്ക്കാന്‍ ഇനിയും സമയമെടുക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) പൊതുമേഖല സ്ഥാപനങ്ങളുടെ വിവിധ നവീകരണ, വിപുലീകരണ പദ്ധതികള്‍ക്കായി 266.90 കോടി രൂപ സര്‍ക്കാര്‍ വാര്‍ഷിക ആസൂത്രണ പദ്ധതിയില്‍ വകയിരുത്തി ഘട്ടം ഘട്ടമായി റിലീസ് ചെയ്തു നല്‍കിയാതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇത് വളരെ അപര്യപ്തമാണെന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത്. ഒരു സ്ഥാപനത്തിന് ഏകദേശം അഞ്ചു കോടി രൂപയ്ക്കടുത്ത് മാത്രമാണ് ലഭിക്കുക, ഈ തുക നഷ്ടത്തിന്റെ പത്തു ശതമാനം പോലും നികത്താന്‍ സാധിക്കില്ല. നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം ഒരു ഫണ്ട് വകയിരുത്തിയാല്‍ ഏറെ ഗുണം ചെയ്യും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണ വിപുലീകരണ പദ്ധതികളുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ നടപ്പിലാക്കുവാന്‍, വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയുള്ള ബജറ്റ് ധനസഹായത്തിന് പുറമെ ബാങ്കുകള്‍/ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ മറ്റ് ഉറവിടങ്ങളില്‍ നിന്നോ റിവോള്‍വിംഗ് ഫണ്ട് പോലുള്ള ബജറ്റ് ഇതര സഹായം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരുന്നെന്ന് വ്യവസായ വകുപ്പ് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വകുപ്പിന്റെ ഭാഗത്തു നിന്ന് തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പടെ പുതിയ പദ്ധതികള്‍ക്കായി തുക അനുവദിക്കാന്‍ തയ്യാറാണെങ്കിലും സര്‍ക്കാര്‍ ഗ്യാരന്റി ലഭിക്കാത്തത് കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.

പ്രതിമാസ അവലോകനം നടക്കുന്നുണ്ടോ?

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിമാസ അവലോകനം (ഇന്റര്‍നെറ്റ് അധിഷ്ഠിത മോണിറ്ററിംഗ് സംവിധാനം), ഇന്റേണല്‍ / സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് അവലോകനം എന്നിവ ബിപിറ്റി മുഖേനയും സര്‍ക്കാര്‍തലത്തിലും നടത്തുകയും ആവശ്യമായ നിര്‍ദ്ദേശം കമ്പനികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊക്കെ കത്യമായി നടക്കുന്നില്ലെന്നാണ് വിവിധ പൊതുമേഖലാ സ്ഥാപന പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ഇനി നടക്കുന്നുണ്ടെങ്കില്‍ കൃത്യമായ അവലോകനയോഗമല്ല, ഒരു ചടങ്ങ് പോലെ അതു നടപ്പാക്കുന്നതെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കുന്നുണ്ട്.

കേരത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിച്ചിരുന്നു. പ്രൊഫഷണലിസവും കാര്യക്ഷമതയും ഉള്‍ക്കൊള്ളാന്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. സാമ്പത്തിക മാനേജ്മെന്റ്, ആസൂത്രണം, പദ്ധതികളുടെ നടത്തിപ്പ്, പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ്, നിരീക്ഷണം എന്നിവ മോശമായതാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തിന് കാരണമെന്ന് വിലയിരുത്തല്‍

പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്ര സാങ്കേതിക മേഖലകളിലും വിപണന രംഗത്തും ഉള്‍പ്പെടെ വ്യവസായ സംബന്ധിയായ സമസ്ത മേഖലകളിലും ഉണ്ടായികൊണ്ടിരിക്കുന്ന വളര്‍ച്ചയും മാറ്റങ്ങളും ഉള്‍കൊണ്ട് ഓരോ കമ്പനികളും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കന്‍ വ്യവസായ വകുപ്പ് നിഷ്‌കര്‍ച്ചിരിക്കുന്നു. മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ അടിസ്ഥാനമാക്കിയ ആധുനികവത്ക്കരണ പദ്ധതികള്‍ ഓരോ വര്‍ഷത്തെയും വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്നതായി സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമാക്കിയിരുന്നു. അതൊന്നും കൃത്യമായി നടക്കുന്നില്ലെന്ന് ആരോപണം ഉയരുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഇന്റേണല്‍ ഓഡിറ്റ് സംവിധാനവും സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് സംവിധാനവും പ്രത്യേക അവലോകനത്തിന് വിധേയമാക്കി വരുന്നുണ്ട്. അതിന്റെ ഫലമായി ചില സ്ഥാപനങ്ങളില്‍ ദീര്‍ഘകാലമായി കുടിശ്ശികയായിരുന്ന ഓഡിറ്റുകള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്രയാണ് കണക്കുകള്‍ എന്നത് വ്യക്തമല്ല.