ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും.
പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഊർജം നൽകുന്നതാണിത്. അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയത്. എൻഡിഎ സർക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാൻ അവസരം നൽകിയ ജനത്തിന് നന്ദി. കഴിഞ്ഞ രണ്ട് തവണയും രാജ്യത്തെ മൂന്നോട്ട് നയിക്കാൻ ശ്രമിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു. ഇനിയുള്ള അഞ്ച് വർഷവും അതേ ലക്ഷ്യത്തോടെ, സമർപ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങൾ സഫലമാക്കാൻ പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു.
ഇന്ന് എൻഡിഎ യോഗം നടന്നു, എല്ലാ നേതാക്കളും എന്നെ നേതാവായി തെരഞ്ഞെടുത്തു. രാഷ്ട്രപതിക്ക് കത്ത് നൽകി. രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ അനുമതി നൽകി. ഞായറാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ നടക്കും. കൂടുതൽ വിവരങ്ങൾ രാഷ്ട്രപതി ഭവൻ അറയിക്കും. കഴിഞ്ഞ സർക്കാരുകളുടെ തുടർച്ചയായി കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കുമെന്നും മോദി വ്യക്തമാക്കി.
ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡേ തുടങ്ങിയവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് സര്‍ക്കാര്‍ രൂപവത്കരണം സാധ്യമാകൂ.