മുംബൈ: വിമാനത്താവളത്തിൽ വെച്ച് നടിയും നിയുക്ത മാണ്ഡി എംപിയുമായ കങ്കണ റണാവത്തിന് കരണത്തടിയേറ്റ സംഭവത്തിൽ താരത്തോട് സഹതാപം തോന്നുന്നുവെന്ന് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ചില ആളുകൾ വോട്ട് തരുമ്പോൾ ചിലർ അടിയും തരുന്നു എന്നായിരുന്നു റാവുത്തിന്റെ പ്രതികരണം. ഒരു എംപിയും ആക്രമിക്കപ്പെടരുതെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം ഒരു കർഷകനും അപമാനിക്കപ്പെടരുതെന്നും ചൂണ്ടിക്കാട്ടി.
“ചിലർ വോട്ട് തരും ചിലർ അടി തരും. ശരിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. സമരത്തിൽ അവരുടെ അമ്മയുമുണ്ടായിരുന്നുവെന്ന് കോൺസ്റ്റബിൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കും. അവരുടെ അമ്മ സമരത്തിലുണ്ടാവുകയും അതിനെ കുറിച്ച് ആരെങ്കിലും തെറ്റായി എന്തെങ്കിലും പറഞ്ഞാൽ സ്വാഭാവികമായും ദേഷ്യം വരും.
നിയമമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ടെങ്കിൽ നിയമം കയ്യിലെടുക്കരുത്. കർഷക സമരത്തിൽ പങ്കെടുത്തവർ രഇന്ത്യയുടെ മക്കളാണ്. ആരെങ്കിലും ഒരാൾ ഭാരതമാതാവിനെ അവഹേളിക്കുകയും അതിൽ ഒരാൾക്ക് അതൃപ്തിയുണ്ടാകുകയും ചെയ്താൽ ആ വിഷയം പരിഗണിക്കേണ്ടതാണ്. കങ്കണയോട് എനിക്ക് സഹതാപമുണ്ട്. അവർ ഇപ്പോൾ ഒരു എം.പിയാണ്. എം.പി ആക്രമിക്കപ്പെടേണ്ട വ്യക്തിയല്ല, കർഷകർ ബഹുമാനിക്കപ്പെടേണ്ടവരുമാണ്”, സഞ്ജയ് റാവത്ത് പറയുന്നു.
വ്യാഴാഴ്ചയാണ് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ കങ്കണയ്ക്ക് അടിയേറ്റത്. സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫിലെ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ കരണത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇവരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കർഷക സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ കങ്കണ നടത്തിയ പരാമർശമാണ് കോൺസ്റ്റബിളിനെ പ്രകോപിപ്പിച്ചത്. ഈ സമരത്തിൽ കുൽവിന്ദർ കൗറിൻറെ മാതാവും പങ്കെടുത്തിരുന്നു. 100 രൂപക്കുവേണ്ടിയാണ് കർഷകർ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണ അന്ന് പറഞ്ഞത്. ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.