ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തിൽനിന്ന് രാജി സമർപ്പിച്ച ദേവേന്ദ്ര ഫഡ്നാവിസിനോട് തൽസ്ഥാനത്ത് തുടരാൻ നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജി ബിജെപി പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും രാജിയെ സംബന്ധിച്ച് വിശദമായി മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞക്കുശേഷം ചർച്ച ചെയ്യാമെന്നും അമിത് ഷാ പറഞ്ഞതായാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര സർക്കാരിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരാനും സംസ്ഥാനനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള പദ്ധതി രൂപവത്ക്കരിക്കാനും ഫഡ്നാവിസിനോട് ഷാ നിർദേശിച്ചു. തിരഞ്ഞെടുപ്പിലെ തോൽവി കൂട്ടുത്തരവാദിത്വമാണെന്നും പരാജയങ്ങളിൽ തളരാൻ പാടില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനത്തിനുപിന്നാലെ വ്യക്തമാക്കിയിരുന്നു.
2019-ൽ മഹാരാഷ്ട്രയിൽ 23 സീറ്റുകളുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ 10 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിന് ഫഡ്നാവിസ് ബുധനാഴ്ച രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ടയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ ഫഡ്നാവിസ്, പാർട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചുകൊണ്ടായിരുന്നു കത്ത് നൽകിയത്.