പത്തനംതിട്ട: വനമേഖലയില്‍ അനധികൃതമായി നാട്ടിയ കൊടിമരം നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തൊഴിലാളികളെ ചേര്‍ത്ത് രൂപീകരിച്ച സിഐടിയു യൂണിറ്റിന്റെ കൊടിമരമാണ് നീക്കംചെയ്തത്. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപമായിരുന്നു കൊടിമരം.
വനഭൂമിയില്‍ സി ഐ ടി യു അനധികൃതമായി കൊടിമരം സ്ഥാപിച്ചതിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് വനപാലകർ സംഘടനാ നേതൃത്വത്തെ അറിയിച്ചതായി സി പി ഐ എം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കേസെടുത്തതില്‍ പ്രതിഷേധിച്ച് ഞള്ളൂർ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സിപിഐഎമ്മിൻ്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. കൊടിമരം ഊരിയെടുത്ത വനപാലകരുടെ കൈകള്‍ വെട്ടുമെന്ന് സി പി ഐ എം തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പ്രവീണ്‍ പ്രസംഗിച്ചത്. വനപാലകർ കാടിനെ സേവിക്കണമെന്നും നാട്ടില്‍ ഇറങ്ങി സേവിക്കാൻ വന്നാല്‍ വിവരമറിയുമെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.
കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ വിവിധ ജീവനക്കാരെ ചേര്‍ത്ത് അടുത്തിടെയാണ് സിഐടിയു യൂണിറ്റ് രൂപീകരിച്ചത്. നിലവില്‍ ഉണ്ടായിരുന്ന യൂണിയനിലെ ആളുകളെക്കൂടി അടര്‍ത്തിമാറ്റിയാണ് യൂണിറ്റ് രൂപീകരിച്ചത്. വനനിയമം പാലിച്ച് പഴയ യൂണിയന്‍ കൊടിമരം സ്ഥാപിച്ചിരുന്നില്ല. എന്നാല്‍ സിഐടിയു കൊടിമരം നാട്ടുകയും അത് വനപാലകര്‍ നീക്കം ചെയ്യുകയുമായിരുന്നു.
എന്നാല്‍ അന്നുരാത്രി തന്നെ അതേസ്ഥാനത്ത് സിഐടിയു കൊടിമരം വീണ്ടും നാട്ടി. ഇതും നീക്കം ചെയ്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. എന്നാല്‍ വനമേഖലയില്‍ അനധികൃതമായി കൊടിമരം നാട്ടിയതിന് വനം വകുപ്പ് കേസെടുത്തതിനാല്‍ പ്രതികളായവരെ ടൂറിസം സെന്ററിലെ ജോലിയില്‍ നിന്നും ഒഴിവാക്കേണ്ടി വരും. ഇതിനെ പ്രതിരോധിക്കാനാണ് സിഐടിയു ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
അതേസമയം, സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവിടെ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.