ഡൽഹി: സർക്കാർ രൂപീകരണ ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സി.എ.എ റദ്ദാക്കണമെന്ന ആവശ്യം ഇനിയും ഉയർത്തും. പാർലമെന്റിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും മമത പറഞ്ഞു.
‘ബിജെപി ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും സർക്കാർ രൂപീകരിക്കുകയാണ്. ഇന്ന് ഇൻഡ്യാ മുന്നണി സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചിട്ടില്ലായിരിക്കാം. എന്നാൽ നാളെ അവകാശവാദം ഉന്നയിക്കില്ല എന്നല്ല ഇതിനർത്ഥം. നമുക്ക് കുറച്ചുസമയം കാത്തിരിക്കാം’; മമത പറഞ്ഞു.
മൂന്നാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും മമത വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ എന്നിക്കാവില്ല. രാജ്യത്തിനാണ് എന്റെ ആശംസ. ഞങ്ങൾ നിങ്ങളുടെ പാർട്ടിയെ പിളർത്തില്ല. എന്നാൽ നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പിളർപ്പുണ്ടാകും നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ലെന്നും മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി.
ദുർബലവും അസ്ഥിരവുമായ ബിജെപി അധികാരത്തിൽ നിന്ന് പുറത്തായതിൽ സന്തോഷമുണ്ടെന്നും മമത പറഞ്ഞു. രാജ്യം അധികാരത്തിൽ മാറ്റം ആഗ്രഹിക്കുന്നുവെന്നും അതാണ് ജനവിധിയിൽ പ്രതിഫലിക്കുന്നതെന്നും മമത പറഞ്ഞു.