തൃശ്ശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വിക്കും ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നീലെ തൃശ്ശൂര്‍ ഡി.സി.സി അധ്യക്ഷനെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹയിലേക്ക് വിളിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് ഡി.സി.സി അധ്യക്ഷന്‍ ജോസ് വള്ളൂർ ഡൽഹിയില്‍ എത്തിയത്.
അദ്ദഹം കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും കെ. സുധാകരനെയും കാണും. സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി വാർത്താ കുറിപ്പ് പുറത്തിറക്കി.
കൂട്ടത്തല്ല് മദ്യലഹരിയില്‍ ഡി.സി.സി സെക്രട്ടറി സജീവന് കുരിച്ചിറയുടെ നേതൃത്വത്തിലുണ്ടായതാണെന്നാണ് തൃശ്ശൂര്‍ ഡി.സി.സിയുടെ വിശദീകരണം. സജീവൻ കുര്യച്ചിറ മദ്യപിച്ചെത്തി അഴിഞ്ഞാടിയെന്ന് കുറിപ്പിൽ പറയുന്നു. സജീവൻ കുര്യച്ചിറയുടെ നേതൃത്വത്തിൽ ഡിസിസി സെക്രട്ടറി എം.എൽ. ബേബി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി മോൻ, ജില്ലാ സെക്രട്ടറി അഖിൽ ബാബുരാജ്, ബൈജു പുത്തൂർ, നിഖിൽ ജോൺ, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയതെന്ന് കുറിപ്പിൽ പറയുന്നു. കെ.എസ്.യു. നേതാവിനെയും സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവന് മര്‍ദിച്ചുവെന്നും വിശദീകരണത്തില്‍ പറയുന്നുണ്ട്.
പോസ്റ്റര്‍ പതിച്ചത് സജീവന് കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവര്‍ത്തകരും ഓഫീസിന്റെ താഴത്തെ നിലയില്‍ നില്ക്കുമ്പോള് സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സജീവന് കുരിയച്ചിറയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവര്‍ പറയുന്നത്.