Kerala

കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി പ്രളയം

കൊച്ചി: എറണാകുളത്ത് ഹൈബി ഈഡനോട് തോറ്റ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ജെ ഷൈനെതിരെ സി.പി.എം നേതൃത്വത്തിന് പരാതി പ്രളയം. മുതിർന്ന നേതാക്കള്‍ അടക്കമുള്ള പ്രവർത്തകരോട് ക്ഷോഭിച്ചു, ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടു തുടങ്ങിയ പരാതികളാണ് ഉയർന്നിട്ടുള്ളത്. പതിനൊന്നിന് ചേരുന്ന സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചർച്ചയാകും.

ലത്തീന്‍ സഭാംഗം, വനിത എന്നീ മാനദണ്ഡങ്ങള്‍ വെച്ചാണ് കെ.ജെ ഷൈനെ എറണാകുളത്ത് സി.പി.എം സ്ഥാനാർഥിയാക്കിയത്. പറവൂർ ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭാ കൗണ്‍സിലറുമായ ഷൈന്‍ സംഘടനയില്‍ ജൂനിയറാണെങ്കിലും പ്രസംഗ പാടവം കൊണ്ട് പെട്ടെന്ന് ശ്രദ്ധ നേടി.

എന്നാല്‍ എല്‍.ഡി.എഫ് നിശ്ചയിച്ച പ്രചാരണ പരിപാടികളോട് കെ.ജെ ഷൈന്‍ വേണ്ട രീതിയില്‍ സഹകരിച്ചില്ലെന്നാണ് ഇപ്പോഴുയരുന്ന പരാതി. പലപ്പോഴും നിശ്ചയിച്ച സമയത്ത് പ്രചാരണത്തിന് എത്തിയില്ല, പ്രചാരണ ചുമതലയുള്ള പ്രവർത്തകരോടും നേതാക്കളോടും അനാവശ്യമായി ക്ഷോഭിച്ചു. വിശ്രമ വേളകളില്‍ എയർകണ്ടീഷന്‍ സൗകര്യമുള്ള മുറി വേണമെന്ന് വാശിപിടിച്ചു തുടങ്ങിയവയാണ് പ്രധാന പരാതികള്‍.

പ്രചാരണത്തിന് എത്താന്‍ വൈകിയപ്പോള്‍ അന്വേഷിച്ച് വിളിച്ച ഘടകകക്ഷി പാർട്ടിയുടെ ജില്ലാ സെക്രട്ടറിയോട് സംസാരിക്കാന്‍ പോലും ഷൈന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. പാർട്ടിയോട് ആലോചിക്കാതെ സംഭാവന വാങ്ങിയെന്ന ആരോപണവും നേതൃത്വത്തിന് മുന്നിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന എല്‍.ഡി.എഫിന്റെ മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ വ്യാപക പരാതികളാണ് ഉയർന്നത്. തിങ്കളാഴ്ച ചേരുന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചർച്ചയാകും.