സുരേഷ് ഗോപിക്ക് ശേഷം ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രി സ്ഥാനം കേരളത്തിന് ലഭിച്ച ബിഗ് സര്‍പ്രൈസ് ആയി മാറി. അവസാന നിമിഷം വരെ ഒന്നുമിണ്ടാതിരുന്ന ജോര്‍ജ് കുര്യന്‍ തനിക്ക് ലഭിക്കുമെന്ന് ഉറച്ച വിശ്വസമുള്ള മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള വിവരം അതീവ രഹസ്യമായി സൂക്ഷിച്ചു. മോദി 3.O സര്‍ക്കാരിലേക്ക് അപ്രതീക്ഷിതമായാണ് ജോര്‍ജ് കുര്യന്‍ എത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലേക്ക് ശ്രദ്ധേയമായ ചൂവടുവെപ്പ് നടത്തിയ ജോര്‍ജ് കുര്യന്‍, കേരളത്തില്‍ ഉള്‍പ്പടെ ന്യുനപക്ഷ വിഭാഗങ്ങളെ ബിജെപിയുമായും കേന്ദ്രമന്ത്രിസഭയുമായി ബന്ധിപ്പിക്കാനുള്ള സുപ്രധാന ഇടപെടലുകളായിരിക്കും നടത്തുക.
സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന ഇന്ന് ജോര്‍ജ് കുര്യന്‍, മറ്റു സംസ്ഥാന നേതാക്കളെ പോലെ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയത് എന്നായിരുന്നു കണക്കുകൂട്ടല്‍. അക്കാരണത്താല്‍ മാധ്യമങ്ങള്‍ ഒന്നും ജോര്‍ജ് കുര്യനെ ശ്രദ്ധിച്ചിരുന്നില്ല. കേരള ഹൗസില്‍ രാവിലെ എത്തി ചായയും പ്രഭാത ഭക്ഷണം കഴിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നത് അദ്ദേഹം കേരള ഹൗസിലെ കാന്റീനിലിരുന്ന് വീക്ഷിച്ചിരന്നു. അപ്പോഴും ജോര്‍ജ് കുര്യന്‍ മന്ത്രിയാകുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയവും ഇല്ലായിരുന്നു. ആ സമയത്തും മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത കൊണ്ടുവന്നിരുന്നില്ല. മാധ്യമങ്ങള്‍ക്കൊപ്പം ചായ കുടിച്ചു സംസാരിച്ചു അവിടെയിരുന്ന് ജോര്‍ജ് കുര്യന്‍ പിന്നീട് അദ്ദേഹത്തിന്റെ റൂമിലേക്ക് പോവുകയാണ് ചെയ്തത്. നരേന്ദ്രമോദിയുടെ ചായ സല്‍ക്കാരത്തില്‍ ജോര്‍ജ് കുര്യന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുത്തിരുന്നു. പിന്നീട് ജോര്‍ജ് കുര്യന്‍ ഉള്‍പ്പടെ സംസ്ഥാന നേതാക്കള്‍ വി മുരളീധരന്റെ മന്ത്രി മന്ദിരത്തിലേക്ക് എത്തുകയും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഉച്ചയോടെയാണ് മാധ്യമങ്ങളിലൂടെ ജോര്‍ജ് കുര്യന്റെ മന്ത്രി സ്ഥാനം വാര്‍ത്തകള്‍ വന്നതോടെ, മന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പായി. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജോർജ് കുര്യൻ പങ്കെടുത്തിരുന്നു. ഇതാണ് മാധ്യമങ്ങളിൽ ജോർജിന്റെ പേര് മന്ത്രി സ്ഥാനത്ത് ഉണ്ടെന്ന വാർത്തകൾ വരാൻ കാരണം.
#WATCH | Delhi: NDA leaders attended the tea meeting at 7 LKM, the residence of PM-designate Narendra Modi.
PM-Designate Modi will take the Prime Minister’s oath for the third consecutive term today at 7.15 pm. pic.twitter.com/6RWS8xZBxD
— ANI (@ANI) June 9, 2024
സത്യത്തില്‍ ജോര്‍ജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം കേരളത്തിലെ നേതാക്കള്‍ക്കും സര്‍പ്രൈസ് ആയിരുന്നു. കെ. സുരേന്ദ്രനും വി. മുരളീധരനും ബി.എല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനായി ഡല്‍ഹിയിലുണ്ട്. എന്നാലും സുരേഷ് ഗോപിക്കു പുറമെ ജോര്‍ജ് കുര്യന്റെ മന്ത്രി കാര്യത്തില്‍ ആര്‍ക്കും ഒരു ധാരണയുമില്ലായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രിമാര്‍ക്ക് ഏത് വകുപ്പ് ലഭിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടില്ല. നാളെയോടെ അക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകു.
രാവിലെ ഫോണ്‍ വിളിച്ചപ്പോള്‍ പോലും മന്ത്രിസ്ഥാനത്തിന്റെ കാര്യം ഭാര്യയ്ക്ക് പോലും അറിയില്ലായിരുന്നു. മാധ്യമങ്ങള്‍ എത്തിയാണ് ഇക്കാര്യം അവരെ അറിയിച്ചത്. ഇത്രയും നാള്‍ പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ അംഗീകാരമാണ് മന്ത്രി സ്ഥാനം ലഭിച്ചതിലൂടെ ഉണ്ടായതെന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്നും യാതൊരു എതിര്‍പ്പും ഉണ്ടായിട്ടില്ലെന്നും, മന്ത്രിസ്ഥാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി ബിജെപിക്ക് വേണ്ടി കേരളത്തിലും കേന്ദ്രത്തിലും പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ജോര്‍ജിനുള്ളത്. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ മുഖമായി ബിജെപി കരുതിയിരുന്ന വ്യക്തിത്വമാണ് ജോര്‍ജ് കുര്യന്‍. ബിജെപിയിലെ സൗമ്യമുഖമായി അറിയപ്പെടുന്ന ജോര്‍ജ് കുര്യന്റെ സ്വദേശം കോട്ടയമാണ്. ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ യാതൊരു പൊട്ടിത്തെറികളും ഇല്ലാതെ വിഷയത്തില്‍ ഇടപെടുന്ന ജോര്‍ജ് കുര്യന്‍ എല്ലാവര്‍ക്കും ജനപ്രിയനാണ്. ബിജെപി രൂപവല്‍ക്കരിക്കുന്നതിന്റെ തുടക്കം മുതല്‍ തന്നെ പ്രവര്‍ത്തിച്ചുവന്ന വ്യക്തിയാണ് ജോര്‍ജ് കുര്യന്‍. ജനസംഘത്തില്‍ ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ബിജെപി ആശയങ്ങളില്‍ അടിയുറച്ചു നിന്ന് വ്യക്തിയായിരുന്നു ജോര്‍ജ് കുര്യന്‍, അതിനോടൊപ്പം അദ്ദേഹത്തിന്റെ ബന്ധങ്ങളും വളരെ വിപുലമായി കാത്തുസൂക്ഷിച്ചു. ദീര്‍ഘകാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തെ വിവിധ ക്രൈസ്തവ സഭ അധ്യക്ഷന്മാരുമായി മികച്ച ബന്ധമാണ് ജോര്‍ജ് കുര്യന്‍ ഉള്ളത്. അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ജോര്‍ജിന്റെ മന്ത്രി സ്ഥാനത്തോടെ അവര്‍ വിശ്വസിക്കുന്നു.
#WATCH | BJP MP-elect from Kerala, Suresh Gopi arrives in Delhi to take part in the oath ceremony of PM-designate Narendra Modi this evening
He says, “I will speak after the (oath) ceremony.” pic.twitter.com/kNv8jTWzCr
— ANI (@ANI) June 9, 2024
ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം 2026 നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ മുന്നില്‍ കണ്ടു കൊണ്ടുള്ള നീക്കമാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ ഭാഗങ്ങളില്‍ നിന്നും വോട്ട് ലഭിക്കാന്‍ ജോര്‍ജ് കുര്യന്റെ മന്ത്രിസ്ഥാനം കൊണ്ട് കഴിയുമെന്ന് ബിജെപി വിലയിരുത്തുന്നു. കോട്ടയത്തും തൃശൂര്‍ പത്തനംതിട്ട ഉള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ശതമാനം കൂടിയ സാഹചര്യത്തില്‍ ന്യൂനപക്ഷ ഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. ഈഴവ ഭാഗത്തുനിന്നുള്ള ഒരാള്‍ ഈ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ഈഴവ വിഭാഗത്തില്‍ നിന്ന് നല്ലൊരു വോട്ട് ശതമാനം ബിജെപിക്ക് ലഭിച്ചതായി അവര്‍ വിലയിരുത്തിയിരുന്നു. അക്കാരണത്താല്‍ ഈഴവ സമുദായത്തിന് ഒരു മന്ത്രിസ്ഥാനം ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നുവരെ അങ്ങനെ ഒരു ലഭിക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് നടന്നില്ല. പകരം എത്തിയത് ജോര്‍ജ് കുര്യന്റെ സര്‍പ്രൈസ് മന്ത്രി സ്ഥാനം ആയിരുന്നു.