History

മനുഷ്യന്റെ രൂപമുള്ള ഇരുമ്പ് കൂട്; ശരീര ഭാഗം മുറിച്ച് കഴുകന് ഭക്ഷിക്കാൻ കൊടുക്കുന്ന സ്ഥലം!!!

മനുഷ്യനെ ക്രൂരമായി ചിത്രവധം ചെയ്ത് കൊല്ലുക.. ജീവനോടെ ശരീരം ഒരു ഇരുമ്പ് കൂടിലാക്കി പട്ടിണിക്കിട്ട് വെയിലത്ത് നിർത്തി പക്ഷികളെ കൊണ്ട് കൊത്തി കൊല്ലിക്കുക. കേൾക്കുമ്പോൾ തന്നെ ഒരു മരവിപ്പ് അനുഭവപ്പെടുന്നില്ലേ..? ചിത്രവധം എന്ന് കേട്ടിട്ടുണ്ടോ? അത് പോലെ ചിത്രവധക്കൂട് എന്നും കേട്ടിട്ടുണ്ടോ.?

ചിത്രവധക്കൂട് എന്ന വാക്കിന്റെ പ്രസിദ്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.രാജ ഭരണ കാലത്ത് തിരുവതാംകൂറിൽ കുറ്റവാളികളെ ശിക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ശിക്ഷാ രീതിയാണ് ചിത്രവധക്കൂട്.

മനുഷ്യ രൂപത്തിൽ പൂർണമായും ഇരുമ്പിലാണ് ഈ കൂടിന്റെ നിർമാണം. ആറടിയോളം ഉയരം ഉള്ള ചിത്രവധക്കൂട്ടിൽ ഒരാൾക്ക് കഷ്ടിച്ച് നിൽക്കത്തക്ക സ്ഥലം മാത്രമേ ഉണ്ടാവുകയുള്ളൂ. കുറ്റവാളികൾ എന്ന് മുദ്ര കുത്തപ്പെടുന്നവരെ ഈ കൂട്ടിൽ തടവിലാക്കി പൊതുജന മധ്യത്തിൽ നിർത്തും. ജലപാനം ഇല്ലാതെ അതിൽ നിർത്തി പട്ടിണിക്കിട്ട് പക്ഷികളെ കൊണ്ട് കൊത്തിച്ചു കൊല്ലുന്ന ശിക്ഷാ രീതിയാണ് ചിത്രവധം. കുറ്റകൃത്യങ്ങളുടെ അളവ് അനുസരിച്ചു ശിക്ഷാ രീതിയിൽ ചില മാറ്റങ്ങളും ഉണ്ടാവുന്നു. അവയവങ്ങൾ മുറിച്ച് മാറ്റുക, കഴുകനും പരുന്തിനും കാക്കക്കും ഒക്കെ ഭക്ഷണം ആയിട്ട് കൊടുക്കുക, കല്ല് എറിയുക എന്നതുൾപ്പടെ കുറ്റകൃത്യങ്ങളുടെ തോത് അനുസരിച്ച് ശിക്ഷാ വിധികളിലും മാറ്റം ഉണ്ടാവുന്നു.

ഈ ശിക്ഷാ രീതി പക്ഷെ സവർണ്ണ ഹിന്ദുക്കൾക്ക് ബാധകമായിരുന്നില്ല. ക്ഷേത്ര പ്രവേശനവും, വഴി നടക്കൽ അവകാശവും, സ്വന്തം ഇഷ്ടപ്രകാരം വസ്ത്രങ്ങൾ പോലും ധരിക്കാൻ ഉള്ള അവകാശവും നിഷേധിക്കപ്പെട്ട അവർണ്ണ ഹിന്ദുക്കളെയായിരുന്നു ചിത്ര വധത്തിന് വിധേയരാക്കിയിരുന്നത്.

വിശപ്പ് സഹിക്കവയ്യാതെ തേങ്ങയും കപ്പയും മോഷ്ടിച്ചവരിൽ പോലും അതി കഠിനമായ ഈ ശിക്ഷാ രീതി നടപ്പാക്കി പോന്നിരുന്നു. തിരുവതാംകൂറിലെ ഭരണം ലോകത്തിനു ഒരു മാതൃക തന്നെയായിരുന്നു എന്ന് പറഞ്ഞവർക്കുള്ള മറുപടി ആയിരുന്നു ചിത്രവധക്കൂട്. ജാതി വ്യവസ്ഥ കൃത്യമായി നില നിർത്താൻ കൂടിയാണ് ഈ വിചിത്ര ശിക്ഷാ രീതി നടപ്പാക്കി പോന്നത്.

കൂലി ചോദിക്കുന്ന അവർണ്ണനെ പാടത്തു ചവിട്ടി താഴ്ത്തുകയും അവരെ മാനസികമായും ശരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്ന ജന്മികൾക്ക് ചെറു ശിക്ഷ പോലും കിട്ടാതെ ഇരിക്കുന്ന അതേ സമയത്താണ് വിശപ്പ് സഹിക്കവയ്യാതെ ഒരു ചെറിയ മോഷണം നടത്തിയ അവർണ്ണന് ചിത്രവധക്കൂട്ടിൽ കടുത്ത ശിക്ഷ നൽകിയിരുന്നത്.

പിന്നീട് ബ്രിട്ടീഷുകാരുടെ വരവോടെ തിരുവതാംകൂർ ഭരണം സമ്മർദ്ദത്തിലാവുകയും ശേഷം 1880ൽ ആയില്യം തിരുനാൾ ചിത്രവധം നിർത്തലാക്കുകയും ചെയ്തു.