ഇപ്പോൾ എല്ലാം ഓൺലൈൻ യുഗമാണ്. ഭക്ഷണം മുതൽ എന്ത് കാര്യവും ഓൺലൈനിൽ നമുക്ക് ലഭിക്കും. ആമസോണും ഫ്ലിപ്കാർട്ടും ഒക്കെ പോലെ തന്നെ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് ഭക്ഷണങ്ങൾ ഡെലിവർ ചെയ്യുന്ന സ്വിഗ്ഗിയും സൊമാറ്റോയും ഒക്കെ ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഓൺലൈൻ വഴിയും മറ്റും ഭക്ഷണം പാഴ്സലായി വാങ്ങാറുള്ളത്.. അല്ലാത്ത ആളുകൾ പലപ്പോഴും ഹോട്ടലിൽ പോയി ഭക്ഷണം വാങ്ങാറുണ്ട്. കൂടുതലായി ഹോട്ടൽ ഭക്ഷണം വാങ്ങുന്നത് കൊണ്ട് തന്നെ ഭക്ഷ്യ വിഷബാധയുടെ വാർത്തകളും ഒരുപാട് കേൾക്കാറുണ്ട്.
എന്തുകൊണ്ടാണ് ഭക്ഷ്യവിഷബാധ കൂടുതലായും ഉണ്ടാവുന്നത് പലരെയും ആശങ്കയിൽ ആക്കുന്ന ഒരു ചോദ്യം തന്നെയാണ് ഇത്. ഭക്ഷണം സുരക്ഷിതം ആകണം എന്നുണ്ടെങ്കിൽ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക തന്നെ വേണം പ്രത്യേകിച്ച് ഭക്ഷണം പാഴ്സൽ ആക്കി വീട്ടിലേക്കാണ് വാങ്ങുന്നത് എങ്കിൽ അത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണം പാഴ്സലായി വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്. വാങ്ങുന്ന ഭക്ഷണം ഒരു കാരണവശാലും ഒരുപാട് സമയം ആ കവറിൽ സൂക്ഷിച്ചുവയ്ക്കാൻ പാടില്ല.
ഹോട്ടലിൽ നിന്നും വാങ്ങുന്ന ഭക്ഷണം ഒരു മണിക്കൂറിൽ കൂടുതൽ അവിടെ നിന്നും തരുന്ന കവറിൽ സൂക്ഷിച്ചു വയ്ക്കുന്നത് ആരോഗ്യകരമല്ല എന്നാണ് പൊതുവേ പഠനങ്ങൾ തെളിയിക്കുന്നത്..അപ്പോൾ കഴിക്കുന്നില്ലങ്കിൽ അതൊരു പാത്രത്തിലേക്ക് മാറ്റാനെങ്കിലും ഓർമിക്കേണ്ടത് അത്യാവശ്യമാണ്. അതേപോലെ ഒരുപാട് ഭക്ഷണം വാങ്ങി ബാക്കി വന്ന ഭക്ഷണം പിറ്റേദിവസം ചൂടാക്കി കഴിക്കുക എന്ന രീതിയും ഹോട്ടൽ ഭക്ഷണത്തോട് വേണ്ട.. ആവശ്യമുള്ള ഭക്ഷണം മാത്രം വാങ്ങുക ബാക്കി ഉപേക്ഷിക്കുന്നതാണ്.
പ്രത്യേകിച്ച് കുഴിമന്തി അൽഫാം ഷവർമ്മ ഷവായ് തുടങ്ങിയ സാധനങ്ങളൊക്കെ വൈകിട്ട് കഴിച്ചതിന് ശേഷം പിറ്റേന്ന് ചൂടാക്കി കഴിക്കാൻ ഒട്ടും തന്നെ കൊള്ളില്ലാത്ത ഭക്ഷണങ്ങളാണ്. അതോടൊപ്പം തന്നെ ഇവയോടൊപ്പം നൽകുന്ന മയോണൈസ് സോസ് തുടങ്ങിയ സാധനങ്ങളും കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടവയാണ്. ഇവയൊക്കെ തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കേണ്ടത് ആണ് എന്നാൽ പലപ്പോഴും പാഴ്സലിന്റെ ചൂടിൽ ഇവ മറ്റൊരു അവസ്ഥയിലേക്ക് പോകാറുണ്ട് അതുകൊണ്ടു തന്നെ പാഴ്സലായി വാങ്ങുമ്പോൾ തന്നെ ഇവയൊക്കെ മാറ്റിവയ്ക്കേണ്ടത് അത്യാവശ്യമാണ് ഒന്നെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ഹോട്ടലിൽ നിന്നും പാഴ്സലായി വാങ്ങുന്ന ഭക്ഷണം ഒരു കാരണവശാലും ഒന്നിൽ കൂടുതൽ തവണ ചൂടാക്കാൻ പാടുള്ളതല്ല.. അതേപോലെ തന്നെ ഇവ ഫ്രിഡ്ജിൽ സൂക്ഷിച്ച് മണിക്കൂറുകൾക്ക് ശേഷം ചൂടാക്കി കഴിക്കുന്നതും ഒട്ടും ആരോഗ്യകരമല്ല. പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് ഇത് കാരണമായി മാറാറുണ്ട്. ഒരുവട്ടം ഭക്ഷണത്തിന് ഒപ്പം ലഭിച്ച മയോണൈസ് സോസ് തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിച്ച് 2 ദിവസങ്ങൾക്ക് ശേഷം വീണ്ടും അവ തന്നെ ഉപയോഗിക്കുന്ന രീതിയും വളരെ അപകടകരമാണ്. ഇവയിൽ വളരെ പെട്ടെന്ന് അണുബാധ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ അപ്പോഴത്തെ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
ചെറിയ രീതിയിലുള്ള അസ്വസ്ഥത പോലും ഭക്ഷണം കഴിക്കുന്ന സമയത്ത് ഉണ്ടാവുകയാണെങ്കിൽ പിന്നീട് ആ ഭക്ഷണം തുടരാതിരിക്കുക. അതോടൊപ്പം തന്നെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്താനാണ് ശ്രമിക്കേണ്ടത് നാട്ടുവൈദ്യം പരീക്ഷിക്കുന്ന രീതികൾ മാറ്റിവയ്ക്കുക.. ഇഞ്ചിനീര് പോലെയുള്ള കാര്യങ്ങൾ പലപ്പോഴും ഭക്ഷണം കഴിച്ച് വയറുവേദന വരുമ്പോൾ പലരും പരീക്ഷിക്കുന്നത് കാണാറുണ്ട്. അത്തരം രീതികൾ കാണിക്കുന്നതും വളരെ മോശമായ രീതിയാണ്.