റെഡ് ഫോര്‍ട്ടില്‍ അടുത്ത അഞ്ചുവര്‍ഷത്തെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറാന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ ഇന്ത്യാക്കാര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നു. ഈ വാര്‍ത്ത ഡെല്‍ഹിയിലെത്തുമ്പോള്‍ ആറ് സിവിലിയന്‍സ് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞിരുന്നു. എന്നാല്‍, സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക തലവന് നേരിട്ട് നിര്‍ദ്ദേശം നല്‍കിയത്, തീവ്രവാദികള്‍ക്ക് ചുട്ട മറുപടി നല്‍കാനാണ്. ഇന്ത്യന്‍ പധാനമന്ത്രിമാരുടെ ധീരമായ നിലപാടുകള്‍ രാജ്യം മുന്‍പും കണ്ടിട്ടുള്ളതാണ്. ഇന്ത്യയുടെ അയണ്‍ ലേഡിയായ ഇന്ദിരാഗാന്ധിയും ഇത്തരമൊരു തീവ്രവാദ നടപടിക്കെതിരേ നേരിട്ട് നിര്‍ദ്ദേശം നല്‍കിയ ധീരയായ പ്രധാനമന്ത്രിയായിരുന്നു.
അതിന് ആ ഉരുക്കു വനിതയ്ക്ക് പകരം നല്‍കേണ്ടി വന്നത്, സ്വന്തം ജീവനായിരുന്നു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’, എന്ന പേരില്‍ പഞ്ചാബിലെ ഗോള്‍ഡന്‍ ടെമ്പിളില്‍ നടത്തിയസൈനിക ആക്രമണമാണ് ഇന്ദിരാഗാന്ധിയെ പോയിന്റ്ബ്ലാങ്ക് റേഞ്ചില്‍ തന്റെ അംഗരക്ഷകരാല്‍ വെടിയേല്‍ക്കേണ്ടി വന്നത്. സ്വ ജീവനേക്കാള്‍ രാജ്യത്തെ സ്‌നേഹിച്ച വനിത കൂടിയാണ് ഇന്ദിരാഗാന്ധിയെന്ന് തെളിയിക്കുകയായിരുന്നു ആ വീരചരമം. ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളില്‍ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളില്‍ നടന്ന ഈ സൈനിക നടപടി ആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത്. പഞ്ചാബിലെ അമൃത്സറിലാണ് സിഖ് മത വിശ്വാസികളുടെ പവിത്രമായ തീര്‍ത്ഥാടന കേന്ദ്രം ഗോള്‍ഡന്‍ ടെമ്പിള്‍ അഥവാ സുവര്‍ണ്ണക്ഷേത്രം, സ്ഥിതി ചെയ്യുന്നത്.
1984 ജൂണില്‍ ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ എന്ന പേരില്‍ ഇവിടെ സൈനിക നടപടി തുടങ്ങി. ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍, സുവര്‍ണ്ണക്ഷേത്രത്തിനുള്ളിലെ അകാല്‍ തഖ്ത് എന്ന ആരാധനാസ്ഥലയം ഖലിസ്ഥാന്‍ തീവ്രവാദികള്‍ പിടിച്ചെടുത്തു. ഇവരെ ഇവിടെ നിന്നും നീക്കാനായിരുന്നു നിര്‍ണായക ഓപ്പറേഷന്‍ ലക്ഷ്യമിട്ടത്. ഇന്ത്യന്‍ സൈന്യത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതില്‍ നിരവധി സൈനിക ഓപ്പറേഷനുകളില്‍ ഒന്നുമാത്രമാണ് ‘ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍’. അതിനുള്ള ഉത്തരവുകള്‍ നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ടായിരുന്നു. പഞ്ചാബിന്റെ മണ്ണില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ വിതച്ച് വളവും വെള്ളവും നല്‍കി വളര്‍ത്തുന്ന കുപ്രസിദ്ധ ഭീകരവാദി ഭിന്ദ്രന്‍വാലയെ പിടികൂടുക എന്നതായിരുന്നു ഇതിന്റെ പിന്നിലെ യഥാര്‍ത്ഥപ്രേരണ.
ആദ്യം, റോയുടെ ഒരു കമാന്‍ഡോ ഓപ്പറേഷന്‍ ആയിട്ടായിരുന്നു പ്ലാനിംഗ്. കമാന്‍ഡോ ഓപ്പറേഷനുവേണ്ടി, തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടത്തിന്റെ സെറ്റിട്ട് റിഹേഴ്‌സലുകള്‍ വരെ റോ നടത്തുകയും ചെയ്തു. പക്ഷെ, ഇന്ദിരാ ഗാന്ധി അതിന് അനുമതി നിഷേധിക്കുകയും പകരം സൈനിക ഇടപെടല്‍ മതി എന്ന് തീരുമാനിക്കുകയുമായിരുന്നു. കാരണം ഖലിസ്ഥാന്‍ വാദികള്‍ അത്രയേറെ ശക്തരായിരുന്നു. പാക്കിസ്താനില്‍ നിന്നും അവര്‍ക്ക് ആയുധങ്ങള്‍ യഥേഷ്ടം ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ രഹസ്യ നീക്കം കൊണ്ട് തീവ്രവാദികളെ ഇല്ലാതാക്കാനാവില്ലെന്ന് മനസ്സിലാക്കിക്കൊണ്ടാണ് സൈനിക നീക്കം മതിയെന്ന് പ്രധാനമന്ത്രി തീരുമാനിച്ചത്.
ആരാണ് ഭിന്ദ്രന്‍വാല, എന്താണ് ഖലിസ്ഥാന്‍
ഖാലിസ്ഥാന്‍ എന്നത് ഒരു ‘സിഖ് രാഷ്ട്ര’സങ്കല്പമാണ്. ഇന്ത്യന്‍ യൂണിയനില്‍ നിന്ന് പാഞ്ചാബിനെ വേര്‍പെടുത്തിക്കൊണ്ട് സിഖുകാര്‍ക്ക് മാത്രമായി ഒരു പരമാധികാര രാഷ്ട്രം. അതാണ് ഖലിസ്ഥാന്‍ വാദം. ഈചിന്ത ഉടലെടുക്കുന്നത് 1940-1950 കാലഘട്ടങ്ങളിലാണ്. പ്രാദേശിക വാദം എന്നതിനപ്പുറം ഇതിന് രാജ്യവും ഭരണാധികാരികളും വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. ഖലിസ്ഥാന്‍ വാദം മുന്‍ നിര്‍ത്തി നിരവധി തീവ്രവാ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വാദം വളരെ ശക്തമായിരുന്ന ആദ്യ കാലത്ത് ‘ദംദമി തക്തല്‍’ എന്ന പ്രസ്ഥാനവുമായി മുന്നോട്ടുവന്ന ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയാണ് ഈ വാദത്തെ സിഖുകാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ പ്രേരിപ്പിച്ചത്.
സിഖ് മതത്തിന്റെ സങ്കല്‍പ്പങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി യുവതലമുറയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന ഒരു കടുത്ത പാരമ്പര്യവാദിയാണ് ഭിന്ദ്രന്‍വാല. അതുകൊണ്ടുതന്നെ സിഖ് യുവാക്കളില്‍ അയാള്‍ക്ക് നിരവധി ആരാധകരുമുണ്ടായി. പഞ്ചാബില്‍ അധികാരം പിടിക്കാന്‍ വരെ ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരുന്ന അകാലിദളിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്നതാണ് ഭിന്ദ്രന്‍വാലയെ. എന്നാല്‍, ഭിന്ദ്രന്‍വാലയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് വിഘടനവാദപരമായ പ്രസംഗങ്ങളും സമീപനങ്ങളും പുറത്തെടുക്കാന്‍ തുടങ്ങി. ഇത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് തലവേദനയായി തീരുകയായിരുന്നു.
കേന്ദ്രത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച ഭിന്ദ്രന്‍വാല തനിക്ക് സുരക്ഷിതമായിരിക്കാനുള്ള താവളവും അന്വേഷിച്ചു തുടങ്ങി. അങ്ങനെ, 1982ല്‍ തന്റെ ആസ്ഥാനമായ ചൗക്ക് ഗുരുദ്വാരയില്‍ നിന്ന് ആദ്യം സുവര്‍ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഗുരുനാനാക് നിവാസിലേക്കും, പിന്നീട് അതിനുള്ളിലെ അകാല്‍ തഖ്ത്തിലേക്കും തന്റെ ആസ്ഥാനം മാറ്റി. ആരാധനാലയങ്ങള്‍ സുരക്ഷിത താവളമാക്കാം എന്ന ചിന്തയിലാണ് ഈ നീക്കങ്ങള്‍ നടത്തിയതും. ബലം പ്രയോഗിച്ചാണ് കടന്നു കയറ്റങ്ങളേറെയും. ഇവിടെയിരുന്നു കൊണ്ട് അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഐ.എസ്.ഐ സഹായത്തോടെ ഇന്ത്യയില്‍ ഭീകരവാദം അഴിച്ചു വിടുകയും ചെയ്തു.
ഇതോടെ ഭിന്ദ്രന്‍വാല എന്ന ഖലിസ്ഥാന്‍ ഭീകരന്‍ രാജ്യത്തിനാകെ ശല്യക്കാരനായി മാറി. ഇയാളുടെ രാഷ്ട്രീയ ഉന്മൂലനം തന്നെയായിരുന്നു സൈനിക ഇടപെടലിന്റെ ലക്ഷ്യം പോലും. ഭിന്ദ്രന്‍വാല അടക്കമുള്ളവരെ ഇല്ലാതാക്കിയില്ലെങ്കില്‍ പഞ്ചാബില്‍ സ്ഥിതി കൈവിട്ടുപോകുമെന്ന അവസ്ഥ രൂപപ്പെട്ടു. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഗുരുതരമായ ഈ വിഷയം ചൂണ്ടിക്കാണിച്ചു.
ഓപ്പറേഷന്‍ ‘ബ്ലൂ സ്റ്റാര്‍’ (നീല നക്ഷത്ര ശസ്ത്രക്രീയ)
ഒരു ആരാധനായലയത്തെ അതിന്റെ എല്ലാ പവിത്രതയോടെയും ഭീകരവാദികളില്‍ നിന്നും സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയത്. രണ്ടു സബ് മിഷനുകള്‍ ചേരുന്നതായിരുന്നു സൈന്യത്തിന്റെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. 1) ഓപ്പറേഷന്‍ മെറ്റല്‍. 2) ഓപ്പറേഷന്‍ ഷോപ്പ് എന്നിയായിരുന്നു. ‘ഓപ്പറേഷന്‍ മെറ്റല്‍’; സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഭീകരരെ തുരത്തുക എന്ന ഭാഗം മാത്രമായിരുന്നു അത്. ‘ഓപ്പറേഷന്‍ ഷോപ്പ്’; പഞ്ചാബിന്റെ എല്ലാ ഗ്രാമങ്ങളിലും റെയ്ഡ് നടത്തി ഖലിസ്ഥാനികളെ പിടികൂടി തുറുങ്കലില്‍ അടയ്ക്കുക എന്നതായിരുന്നു.
ലഫ്. ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാര്‍, ലഫ്. ജനറല്‍ കൃഷ്ണസ്വാമി സുന്ദരംജി, ജനറല്‍ എ.എസ് വൈദ്യ എന്നിവര്‍ക്കായിരുന്നു ആക്രമണത്തിന്റെ ചുമതല.
ഇന്ത്യന്‍ സൈന്യത്തിലെ മുന്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാബേഗ് സിംഗ് ആയിരുന്നു ഭിന്ദ്രന്‍വാലയുടെ കൊച്ചു സൈന്യത്തെ നിയന്ത്രിച്ചിരുന്നത്. ഇതു മനസ്സിലാക്കിയായിരുന്നു ഇന്ദിരാഗാന്ധി റോയുടെ രഹസ്യ നീക്കം ഒഴിവാക്കി സൈനീക നീക്കത്തിന് ഉത്തരവിട്ടതു പോലും. ഓപ്പറേഷന്റെ ആദ്യ ഭാഗം വിജയിച്ചതിനു പിന്നാലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ രണ്ടാം ഭാഗം നടപ്പാക്കി. ഈ ഓപ്പറേഷന് സബ് ഓപ്പറേഷനുകള്‍ ഇല്ലായിരുന്നു. , ‘ഓപ്പറേഷന്‍ വുഡ് റോസ്’ എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. അതും ഇന്ത്യന്‍ സൈന്യം തന്നെ മുന്നിട്ടിറങ്ങി നടത്തിയ ഒന്നായിരുന്നു. ഇത് പഞ്ചാബില്‍ മുഴുവനായി നടപ്പാക്കപ്പെട്ടു. ടാങ്കറുകള്‍, ആര്‍ട്ടിലറികള്‍, ഹെലിക്കോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയത്.
ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ നാള്‍വഴി
1984 ജൂണ്‍ 1: ഗുരു രാം ദാസ് ലംഗര്‍ എന്ന സുവര്‍ണക്ഷേത്രത്തിനുള്ളിലെ കെട്ടിടം ഇന്ത്യന്‍ സൈന്യം ആക്രമിക്കുന്നു. ആ ആക്രമണത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെടുന്നു.
1984 ജൂണ്‍ 2: ഇന്ത്യന്‍ സൈന്യത്തിന്റെ ഏഴോളം ഡിവിഷനുകള്‍ക്ക് പഞ്ചാബിലേക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ കിട്ടുന്നു. സംസ്ഥാനത്ത് ‘മീഡിയ ബ്ലാക്ക് ഔട്ട്’ ഏര്‍പ്പെടുത്തപ്പെടുന്നു. ചരക്കുഗതാഗതമടക്കം എല്ലാ യാത്രകളും തടസ്സപ്പെടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ അതിര്‍ത്തിയില്‍ തടഞ്ഞു വെക്കുന്നു. അമൃത്സറിലെ പല ഭാഗങ്ങളിലും വെള്ളവും കറണ്ടും ദിവസങ്ങളോളം വിച്ഛേദിക്കപ്പെടുന്നു.
1984 ജൂണ്‍ 3: പഞ്ചാബില്‍ ഉടനീളം കര്‍ഫ്യൂ നടപ്പില്‍ വരുന്നു. പട്ടാളവും പാരാമിലിട്ടറി സേനകളും സുവര്‍ണക്ഷേത്രം വളയുന്നു. സുവര്‍ണ്ണക്ഷേത്രത്തിനുള്ളിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള ഗതാഗതം തടയുന്നു. ക്ഷേത്രം സീല്‍ ചെയ്യപ്പെടുന്നു.
1984 ജൂണ്‍ 4: സുവര്‍ണ ക്ഷേത്രത്തിനുള്ളിലെ രാംഗഡിയ ബംഗാസ് ബോംബുസ്‌ഫോടനത്തില്‍ തകര്‍ക്കപ്പെടുന്നു. സൈന്യം തങ്ങളുടെ ആയുധശേഖരത്തിലുള്ള ഓര്‍ഡന്‍സ് QF 25 പൗണ്ടര്‍ എന്ന ഫീല്‍ഡ് ഗണ്‍ അഥവാ പീരങ്കി തീവ്രവാദികള്‍ക്ക് നേരെ പ്രയോഗിക്കുന്നു.അതിതീവ്ര പ്രഹരശേഷിയുള്ള ആ പീരങ്കികള്‍ ഇന്ത്യ സ്വന്തം പൗരന്മാര്‍ക്ക് നേരെ പ്രയോഗിക്കുന്നത്, ഒരു പക്ഷേ, അന്നാദ്യമായിട്ടാകും.
അതിനിടെ ഒരു സന്ധിസംഭാഷണം നടത്താന്‍ ശ്രമമുണ്ടാകുന്നു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മുന്‍ തലവന്‍ ഗുര്‍ചരന്‍ സിംഗ് തൊഹ്റയെ ഭിന്ദ്രന്‍വാലയുമായി സംസാരിക്കാന്‍ വേണ്ടി അകത്തേക്ക് പറഞ്ഞയക്കുന്നു. ചര്‍ച്ച പരാജയപ്പെടുന്നു.
1984 ജൂണ്‍ 5: രാവിലെ തന്നെ മേജര്‍ ജനറല്‍ കുല്‍ദീപ് ബ്രാര്‍ തന്റെ സൈനികരോട് അരമണിക്കൂറോളം സംസാരിച്ചു. ഒരു വിശ്വാസകേന്ദ്രം എന്ന നിലയ്ക്ക് സുവര്‍ണ്ണക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ മടിയുള്ള സൈനികര്‍ക്ക് പിന്മാറാന്‍ അവസരം നല്‍കി. ആരും പിന്മാറിയില്ല. മുന്നില്‍ നിന്ന് പോരാടാന്‍, ഭിന്ദ്രന്‍വാലയെ പിടികൂടാന്‍ തനിക്കുതന്നെ അവസരം നല്‍കണം എന്നാവശ്യപ്പെട്ടു മുന്നോട്ടുവന്നത് നാലാം ബറ്റാലിയനിലെ ഒരു സിഖ് ഓഫീസര്‍ തന്നെയായിരുന്നു.
1984 ജൂണ്‍ 6: ആദ്യം മുന്നോട്ട് നീങ്ങിയത് കറുത്ത യൂണിഫോമിട്ട ഒന്നാം ബറ്റാലിയന്റെയും പാരച്യൂട്ട് റെജിമെന്റിലെയും കമാണ്ടോകളായിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിനുള്ളിലെ പരിക്രമ ലക്ഷ്യമാക്കി നീങ്ങി, അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഭിന്ദ്രന്‍വാലയും സംഘവും ഒളിച്ചിരിക്കുന്ന അകാല്‍ തഖ്ത്തിലേക്ക് ചെന്ന് എത്രയും പെട്ടെന്ന് ആക്രമണം നടത്താനായിരുന്നു അവര്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം. എന്നാല്‍ മുന്നോട്ടു നീങ്ങിയ ആ കമാന്‍ഡോ ടീമിന് നേര്‍ക്ക് ആ പാതയുടെ ഇരുവശത്തുനിന്നും കടുത്ത ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ ഫയറിംഗ് നടന്നു. ആ സംഘത്തിലെ വിരലില്‍ എണ്ണാവുന്നവര്‍ ഒഴിച്ച് ബാക്കി എല്ലാവരും അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ഈ സംഘത്തിന് കവര്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ടിരുന്ന ലെഫ്റ്റനന്റ് കേണല്‍ ഇസ്റാര്‍ റഹീം ഖാന്റെ നേതൃത്വത്തിലുള്ള പത്താം ബറ്റാലിയനിലെ സായുധസംഘം താമസിയാതെ ഈ ഓട്ടോമാറ്റിക് യന്ത്രത്തോക്കുകളെ നിര്‍വീര്യമാക്കി. അപ്പോഴേക്കും അവര്‍ക്കുനേരെ മുകളില്‍ സരോവര്‍ ഭാഗത്തുനിന്ന് കടുത്ത ഫയറിംഗ് നടന്നു. അത് സൈന്യം പ്രതീക്ഷിക്കാതിരുന്ന ഒരു ആക്രമണമായിരുന്നു. ആദ്യത്തെ നാല്പത്തഞ്ചു മിനിട്ടുനേരത്തെ തീപാറുന്ന വെടിവെപ്പില്‍ സൈന്യത്തിന് ഒരു കാര്യം മനസ്സിലായി. തങ്ങള്‍ കരുതിയിരുന്നതിലും എത്രയോ അധികമാണ് തീവ്രവാദികളുടെ അംഗബലവും, ആയുധമികവുമെന്ന്. അകാല്‍ തഖ്ത്തിനുള്ളില്‍ ഒളിച്ചിരുന്നവര്‍ സൈന്യത്തിന്റെ ആക്രമണം പ്രതീക്ഷിച്ച് തയ്യാറെടുത്തു തന്നെയാണ് ഇരുന്നത്. ജനലുകളും വാതിലുകളും അടച്ച്, മണല്‍ച്ചാക്കുകള്‍ അട്ടിക്കിട്ട്, ഗ്രനേഡ് ആക്രമണങ്ങളെപ്പോലും തടുക്കാന്‍ അവര്‍ തയ്യാറായിരുന്നു.
നടന്നുചെന്നുള്ള ആക്രമണങ്ങള്‍ അകത്തുനിന്നുള്ള യന്ത്രത്തോക്കുകളാല്‍ പരാജയപ്പെട്ടപ്പോള്‍, ജനറല്‍ ബ്രാര്‍ തന്റെ സൈനികരോട് അവരുടെ ആര്‍മേര്‍ഡ് പേഴ്‌സണല്‍ കാരിയര്‍(APC) എന്ന കവചിത വാഹനങ്ങളില്‍ അകാല്‍ തഖ്ത്തിലേക്ക് നീങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അകത്ത് ഒളിഞ്ഞിരുന്ന തീവ്രവാദികളുടെ പക്കല്‍ APC -യെ തകര്‍ത്തു കളയാന്‍ പോന്ന റോക്കറ്റ് ലോഞ്ചറുകള്‍ ഉണ്ടെന്ന് ജനറലിന് അറിയില്ലായിരുന്നു. അകാല്‍ തഖ്ത്തിനോടടുത്ത ആദ്യത്തെ കവചിതവാഹനത്തെ, റോക്കറ്റ് തൊടുത്തുവിട്ട് തകര്‍ത്തു കളഞ്ഞു.
അതോടെ സുവര്‍ണക്ഷേത്രത്തിനുള്ളിലേക്ക് ശത്രുസൈന്യത്തിനെതിരെ ഉപയോഗിക്കുന്ന സായുധ ടാങ്കര്‍ തന്നെ പ്രയോഗിക്കാന്‍ ജനറല്‍ ബ്രാര്‍ തീരുമാനിച്ചു. എങ്ങനെയും രാത്രിയില്‍ തന്നെ ആക്രമണം പൂര്‍ത്തിയാക്കാന്‍ സൈന്യം തീരുമാനിച്ചു. ടാങ്കുകള്‍ കൊണ്ട് അകാല്‍ തഖ്ത്തിന്റെ പലഭാഗങ്ങളും തകര്‍ത്തു. ആ ആക്രമണത്തില്‍ ഭിന്ദ്രന്‍ വാലയും ജനറല്‍ ഷാബേഗ് സിംഗും അടക്കമുള്ള എല്ലാ ഭീകരവാദികളും കൊല്ലപ്പെട്ടു. ഒന്നിരുട്ടി വെളുത്തപ്പോള്‍ സൈന്യം അകാല്‍ തഖ്ത്തിനുള്ളില്‍ കടന്നിരുന്നു. വെടിയൊച്ചകള്‍ അവസാനിച്ചു. അതിനിടെ ഭിന്ദ്രന്‍വാല അവിടെ നിന്ന് ജീവനോടെ രക്ഷപ്പെട്ടെന്നും തങ്ങളുടെ അടുത്ത് സുരക്ഷിതനായി എത്തിയിട്ടുണ്ടെന്നുമുള്ള അവകാശവാദങ്ങള്‍ പാക്കിസ്ഥാന്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടാന്‍ ആരംഭിച്ചിരുന്നു.
എന്നാല്‍, ആക്രമണത്തില്‍ മരിച്ച ഭിന്ദ്രന്‍വാലയുടെ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞിരുന്നു. രക്ത രൂക്ഷിതമായ സൈനിക ഓപ്പറേഷനില്‍ അന്ന് 83 ഇന്ത്യന്‍ സൈനികര്‍ രക്തസാക്ഷികളായി. 248ല്‍ അധികം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചിലരുടെയൊക്കെ കൈകാലുകള്‍ മുറിച്ചു കളയേണ്ടിവന്നു. ആ സമയത്ത് ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്ന ഖാലിസ്ഥാനി തീവ്രവാദികള്‍ അടക്കം 492 സിവിലിയന്മാര്‍ക്കും ജീവന്‍ നഷ്ടമായി. 1592 പേരെ അന്ന് ഈ ഓപ്പറേഷന്റെ ഭാഗമായി സൈന്യം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഓപ്പറേഷനു ശേഷം
ലോകമെമ്പാടുമുള്ള സിഖ് മത വിശ്വാസികളില്‍ തങ്ങളുടെ പുണ്യസ്ഥലത്തിനുള്ളില്‍ നടന്ന സൈനിക നടപടി ആഴത്തില്‍ മുറിപ്പെടുത്തി. ആ ഓപ്പറേഷന്റെ ആഘാതം പിന്നീടിങ്ങോട്ട് ഇന്ത്യയില്‍ സൃഷ്ടിച്ച ദുരന്തങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. നിരവധി കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ പ്രേരണ ഈ ഓപ്പറേഷനിലൂടെ വ്രണപ്പെട്ട സിഖ് മത വികാരമായിരുന്നു. ഇന്ത്യ കണ്ട ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അകാലത്തില്‍ തന്റെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നതും ഇതുകൊണ്ടാണ്. ഇന്ദിരാവധത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി പതിനായിരക്കണക്കിന് സിഖുകാര്‍ വേട്ടയാടപ്പെട്ടു.
പലരെയും പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയും, വഴിയില്‍ തടഞ്ഞുവെച്ചും തീവെച്ചും വെട്ടിയും കൊന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഒന്നാണ് ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍. പക്ഷെ, ഇന്നത്തെ തലമുറയില്‍പ്പെട്ടവരില്‍ പലര്‍ക്കും ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ എന്താണ് എന്നുപോലും അറിയില്ല എന്നതാണ് സത്യം.
ഇന്ദിരാഗാന്ധി വധം
1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖുകാരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകര്‍ പോയിന്റ് ബ്ലാങ്കില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധമെന്നാണ് കൊലാളികള്‍ പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്തിനോവുമായുള്ള അഭിമുഖത്തിനായുള്ള വഴിയിലാണ് കൊലചെയ്യപ്പെടുന്നത്. അദ്ദേഹം ഐറിഷ് ടെലിവിഷനു വേണ്ടി ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് അഭിമുഖത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. പ്രധാന മന്ത്രിയുടെ നം:1, സഫ്ദര്‍ജംഗ റോഡിലുള്ള വസതിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാഗാന്ധി. ഈ സമയം അവിടെ സംരക്ഷകരായി നിന്നിരുന്ന സത്വന്ത് സിംഗും ബിയാന്ത് സിംഗും ഇന്ദിരയുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ബിയാന്ത് സിംഗ് ഇന്ദിരാഗാന്ധിയുടെ കൈയിലേക്ക് മൂന്ന് റൗണ്ട് വെടിവച്ചു. സത്വന്ത് സിംഗ് ഇന്ദിരയുടെ ശരീരത്തിലേക്ക് മുപ്പത് റൗണ്ട് വെടിയുതിര്‍ത്തു. ബിയാന്ത് സിംഗിനെ ഇന്ദിരാഗാന്ധിയുടെ മറ്റ് അംഗരക്ഷകര്‍ വെിവെച്ചു കൊല്ലുകയും ചെയ്തു. സത്വന്ത് സിംഗിനെ ജീവനോടെ പിടിച്ചു. ശരീരമാസകലം വെടിയേറ്റ ഇന്ദിരാഗാന്ധിയെ ഡെല്‍ഹി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശരീരത്തില്‍ കയറിയ 19 വെടിയുണ്ടകളില്‍ നിന്നും ആറെണ്ണം നീക്കുന്നതു വരെ ജീവന്‍ തുടിച്ചു. ഏഴാമത്തെ വെടിയുണ്ട നീക്കിയതോടെ ഇന്ദിരയുടെ മരണം സംഭവിച്ചു. ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രീയകള്‍ക്കൊടുവിലാണ് പ്രധാനമന്ത്രിയുടെ അന്തം. സംഭവിച്ചത്. ഇന്ദിരയുടെ ശരീരം ശക്തിസ്ഥലില്‍ നവംബര്‍ 3ന് സംസ്‌ക്കരിച്ചു. ശക്തിസ്ഥല്‍ മഹാത്മാഗാന്ധിയുടെ സംസ്‌ക്കാരസ്ഥലമായ രാജ്ഘട്ടിനടുത്താണ്
കലാപം പൊട്ടിപ്പുറപ്പെട്ടു
1984ലെ സിഖ് വിരുദ്ധ കലാപം ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ഡെല്‍ഹിയിലും പരിസരത്തും കലാപം പുറപ്പെട്ടു. ഇത് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെട്ടു. ഈ കലാപത്തില്‍ ആയിരക്കണക്കിനു സിഖുകാര്‍ കൊല്ലപ്പെട്ടു. ഇന്ദിരാഗാന്ധി വധം അന്വേഷിക്കാന്‍ പിന്നീട് ജസ്റ്റിസ് താക്കര്‍ കമ്മീഷന്‍ നിയമിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കൊലപാതകിയായ സത്വത് സിംഗിനും (25 വയസ്സ്) ഇതിന്റെ ആസൂത്രകനെന്ന് തെളിയിക്കപ്പെട്ട കേഹര്‍ സിംഗിനും (54 വയസ്സ്) പിന്നീട് വധശിക്ഷ വിധിക്കപ്പെട്ടു. 1989 ജനുവരി 6ന് ഡെല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഇവരെ തൂക്കിലേറ്റി. ഇവരുടെ മൃതശരീരങ്ങള്‍ ജയിലിനുള്ളില്‍ തന്നെ സംസ്‌ക്കരിക്കുകയും ചെയ്തു.