പതിയെ പറഞ്ഞു തുടങ്ങി പിന്നീട് അങ്ങോട്ട് കത്തികയറി ജനങ്ങളെ പിടിച്ചിരുത്തുന്ന പ്രസംഗങ്ങളാണ് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ശൈലി. മന്ത്രിയായിരുന്നപ്പോഴും, പാര്‍ട്ടി സെക്രട്ടറി പദവിയില്‍ ഇരുന്നപ്പോഴും ദാ ഇപ്പോള്‍ രണ്ടു വട്ടമായി മുഖ്യമന്ത്രി കസേരയില്‍ ഇരുന്നപ്പോഴും ആ ശൈലിക്ക് ഒട്ടും മാറ്റം വരുത്താതെ പിണറായി വിജയന്‍ തന്റെ പ്രസംഗങ്ങളും പ്രസ്താവനകളും തുടര്‍ന്നു. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങിയ നിരവധി പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്, അതില്‍ പറഞ്ഞ പല വാക്യങ്ങളും ഇന്നും ഇനി എന്നും കേരളം ചര്‍ച്ച ചെയ്യുകയും ഏറ്റു പിടിയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘വിവരദോഷി’, ‘പരനാറി’, ‘സൗഭാഗ്യം’, ‘കുലംകുത്തി’, ‘മാധ്യമ സിന്‍ഡിക്കേറ്റ്’, ‘കടക്ക് പുറത്ത്’ ‘അട്ടംപരതി’, ‘നികൃഷ്ട ജീവി’, എന്നീ വാക്കുകള്‍ കൂടുതല്‍ സുപരിചിതമായത് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവ് പറഞ്ഞപ്പോഴാണ്. അതുവരെ ആരും അധികം ഉപയോഗിക്കാത്ത ഈ വാക്കുകള്‍ മുഖ്യമന്ത്രിയുടെ നാവിലൂടെ എത്തിയപ്പോള്‍ അത് വലിയ വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു. നവീന കാലത്തെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വൈറല്‍ വീഡിയോകളിലും ഈ വാക്കുകള്‍ ഉപയോഗിക്കുന്നത് സര്‍വ്വ സാധരണമായി മാറി. ഇപ്പോള്‍ ട്രെന്റ് ലിസ്റ്റില്‍ നില്‍ക്കുന്ന മലയാളം വാക്കുകളില്‍ ഇവയെല്ലാം പ്രഥമ നിരയില്‍ ഉണ്ടാകും. എന്തു പറ്റി നമ്മുടെ മുഖ്യമന്ത്രിക്ക്, ഇത് അദ്ദേഹത്തിന്റെ ശൈലിയാണെങ്കിലും കുറച്ചുക്കൂടി മിതത്വം പാലിക്കണമെന്നാഭിപ്രായം സമൂഹത്തില്‍ നിന്നുമുണ്ടാകുമ്പോള്‍, പിടിതരാതെ മുഖ്യമന്ത്രി അങ്ങനെ പായുകയാണ്.
‘വിവരദോഷി’
ഇക്കഴിഞ്ഞ ദിവസം യാക്കോബ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസിന്റെ വിമര്‍ശനത്തിനുള്ള മറുപടിയായാണ് ‘വിവരദോഷി’ പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജനങ്ങള്‍ നല്‍കുന്ന ആഘാത ചികിത്സയില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്നും ഇതിലും വലിയ തിരിച്ചടി കാത്തിരിക്കുന്നുണ്ടെന്നും കുറിലോസ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. പ്രളയമാണ് രണ്ടാം പിണറായി സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചത്. ഇനിയുമൊന്ന് ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നുമായിരുന്നു കുറിലോസിന്റെ പ്രസ്താവന. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഗീവര്‍ഗീസ് മാര്‍ കുറിലോസിന് കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പുരോഹിതന്മാരുടെ ഇടയിലും ‘വിവരദോഷി’കള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മളാരും വീണ്ടും പ്രളയമുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. നേരിട്ട ദുരന്തം അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് നമുക്ക് ലോകത്തിന് നല്‍കാന്‍ കഴിഞ്ഞ പാഠം. ഇത് കേരളത്തിനു മാത്രം കഴിയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ മൂന്നുവര്‍ഷ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
കുറയെ മാസങ്ങള്‍ക്കുശേഷമാണ് മുഖ്യമന്ത്രിയില്‍ നിന്നും വീണ്ടും ഒരു പ്രതികരണ വാക്ക് കേള്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ‘വിവരദോഷി’ പ്രയോഗം വന്നതോടെ അത് വീണ്ടും പൊതുജനങ്ങള്‍ക്കിടയില്‍ വിമര്‍ശനത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനും വിഷയത്തില്‍ മുഖ്യമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. വിമര്‍ശനം പിന്‍വലിക്കാന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസോ മാപ്പ് പറയാന്‍ മുഖ്യമന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല.
‘സൗഭാഗ്യം’
മുഖ്യമന്ത്രിയുടെ ഇത്തരം വാക്കുകളും പ്രസംഗ ശൈലിയും ഇന്നും ഇന്നലയോ തുടങ്ങിയതല്ല. മുന്‍ കാലങ്ങളിലും പൊതുസമൂഹത്തില്‍ ട്രെന്റായി മാറുന്ന പദപ്രയോഗങ്ങല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിട്ടുണ്ട്. 2022 ല്‍ തൃക്കാക്കരയില്‍ നടന്ന ഉപതെരഞ്ഞടുപ്പിലും മുഖ്യമന്ത്രി ഉപയോഗിച്ച് ഒരു പദപ്രയോഗം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നമ്മുടെ നാടൊക്കെയും ജനങ്ങള്‍ ആഗ്രഹിക്കുന്നതു പോലെയും ആ 99 ല്‍ നിന്നും നൂറിലേക്ക് എത്തിക്കാനുള്ള ഒരവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത് ആ ഘട്ടത്തില്‍ പറ്റിയ അബ്ദം തിരുത്തുന്നതിനുള്ള ഒരവസരം കൂടി തൃക്കാക്കരയ്ക്ക് ഒരു ‘സൗഭാഗ്യ’ മായി കൈവന്നിരിക്കുകയാണ് എന്നതു നാം കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹവും ദുഃഖകരവും ഒരു മുഖ്യമന്ത്രിക്കു യോജിക്കാത്തതുമാണെന്നായിരുന്നു പി.ടി.തോമസിന്റെ ഭാര്യയും സ്ഥാനാര്‍ഥിയുമായ ഉമ തോമസ് പ്രതികരിച്ചത്. പി ടി തോമസിനെപോലെ ഒരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു. മുഖ്യമന്ത്രി പ്രസ്തവാനയുള്‍പ്പടെ പ്രചാരണ ആയുധമാക്കിയ കോണ്‍ഗ്രസിനും യുഡിഎഫിനും ഉമയിലൂടെ തൃക്കാക്കര സീറ്റ് നിലനിര്‍ത്താന്‍ സാധിച്ചു.
‘പരനാറി’
2014 ല്‍ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് മുന്നണി വിട്ട ആര്‍എസ്പിക്കും അവരുടെ മുന്‍നിര നേതാവുമായ എന്‍.കെ. പ്രേമചന്ദ്രനു നേരെ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ ഉപയോഗിച്ച ‘പരനാറി’ പ്രയോഗം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടവരുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണത്തിനിടിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം. തെരഞ്ഞെടുപ്പ് രംഗത്തൊക്കെ ഒരു പൊതുപ്രചാരണത്തില്‍ പാലിക്കുന്ന മര്യാദയുണ്ട്, സ്ഥാനാര്‍ഥികളെ വ്യക്തിപരമായി പറയുകയെന്നതു സാധാരണ സ്വീകരിക്കുന്ന ഒരു രീതിയല്ല. പക്ഷേ ‘പരനാറി’യായാല്‍ എങ്ങനെ പറയാതിരിക്കും എന്ന പ്രശ്നം വേറെ കിടക്കുകയാണ് ഞാനതിലേക്കു കടക്കുന്നില്ല.
ആര്‍എസ്പി കൊടും വഞ്ചനയാണ് കാട്ടിയത്. ഞങ്ങള്‍ക്കതു മനസ്സിലായില്ല. ഒരുമിച്ചു നടക്കുമ്പോള്‍ നിങ്ങള്‍ കഠാര കരുതിയിട്ടുണ്ടെന്നും പിന്നില്‍നിന്ന് കുത്തിവീഴ്ത്തുമെന്നും ആരെങ്കിലും പ്രതീക്ഷിക്കുമോയെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസംഗിച്ചു. ജനങ്ങള്‍ക്കിടയിലും മുന്നണിയില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ അന്ന് പിണറായിക്ക് നേരിടേണ്ടി വന്നു. കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ അന്നു മത്സരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ എതിര്‍ സ്ഥാനാര്‍ത്ഥി എം.എ. ബേബിയെ 37,609 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചു. പൊതുവേ എല്‍ഡിഎഫ് അനുകൂല മണ്ഡലമെന്ന് വിലയിരുത്തപ്പെടുന്ന കൊല്ലം 2014 മുതല്‍ എന്‍.കെ. പ്രേമചന്ദ്രന്റെ മണ്ഡലമായി മാറി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തു നിന്നും യുഡിഎഫ് ബാനറില്‍ ഹാട്രിക്ക് വിജയമാണ് പ്രേമചന്ദ്രന്‍ നേടിയത്. ഏതെങ്കിലുമൊരു വ്യക്തിയുടെ പേരെടുത്ത് താന്‍ പറഞ്ഞില്ലെന്നും തന്റെ പ്രയോഗം ഒരാള്‍ സ്വയം ഏറ്റെടുക്കുകയോ ഒരാളുമായി സമൂഹം അതിനെ ബന്ധിപ്പിക്കുകയോ ചെയ്തതിന് താനുത്തരവാദിയല്ലെന്നുമണ് പിണറായി വിജയന്‍ പിന്നീട് വിശദീകരിച്ചത്.
‘കുലംകുത്തി’
2012 ല്‍ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടാണ് ‘കുലംകുത്തി’ പ്രയോഗം കേള്‍ക്കുന്നത്. കോഴിക്കോടി കുലംകുത്തിയെന്നാല്‍ വര്‍ഗവഞ്ചകന്‍ എന്നാണര്‍ഥമെന്നും പാര്‍ട്ടിയെ ആക്രമിക്കുന്നവരെ മാര്‍ക്‌സിയന്‍ രീതിയില്‍ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കാറുണ്ടെന്നും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ പറഞ്ഞത്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഞെഞ്ചിയം ഏരിയയില്‍ അക്രമത്തിനിരയായ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും പരാതി കേട്ടശേഷം വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതുയോഗത്തിലാണ് പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞത്. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബി.ടി.ആര്‍ പോലും ഇങ്ങനെ വിളിക്കുന്നത് താന്‍ കേട്ടിട്ടുണ്ട്. വര്‍ഗവഞ്ചകര്‍ എന്നതിന്റെ ഗ്രാമീണ പ്രയോഗം മാത്രമാണ് കുലംകുത്തിയെന്നത്. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയവരെ ഈ രീതിയിലല്ലാതെ മറ്റെന്താണ് വിളിക്കുകയെന്നും പിണറായി അന്നു ചോദിച്ചു. ടി.പി വധത്തിന് ശേഷം തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ നേരത്തെ നടത്തിയ കുലംകുത്തി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ചു. അതെയെന്ന് മറുപടി നല്‍കി. എന്നാല്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ശരിയല്ലെന്നാണ് ഞാന്‍ പറഞ്ഞതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണ്. നമ്മുടെ കുടുംബത്തിലെ ഒരാള്‍കുടുംബത്തിനെതിരെ എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവരെ നമ്മള്‍ കുടുംബദ്രോഹികളായല്ലേ കാണുന്നത്. അതുപോലെ തന്നെയാണ് ഇവിടെയുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
‘നികൃഷ്ടജീവി’
2007 ലാണ് വിവാദമായ ‘നികൃഷ്ടജീവി’ പ്രയോഗം ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ നിന്നും കേള്‍ക്കുന്നത്. ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ താമരശേരി രൂപത സംഘടിപ്പിച്ച പൊതുസമ്മേളനമായിരുന്നു. വിവാദത്തിന്റെ തുടക്കം. സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തിയ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മത്തായി ചാക്കോയുടെ സംസ്‌കാരം പാര്‍ട്ടി ഏറ്റെടുത്ത് നടത്തിയതിനെ വിമര്‍ശിച്ചിരുന്നു. മത്തായി ചാക്കോ മരിക്കുന്നതിന് മുന്‍പ് സഭാ വിശ്വാസപ്രകാരം ആശുപത്രിയില്‍ വച്ച് രോഗീലേപനം നല്‍കിയിരുന്നു. സഭാ നിയമങ്ങള്‍ അനുസരിച്ച് സംസ്‌കാരം നടത്താന്‍ ഇതു മതിയെന്നായിരുന്നു ബിഷപ്പിന്റെ പ്രസംഗം. തുടര്‍ന്നാണ് പിണറായി വിജയന്‍ ‘നികൃഷ്ടജീവി’ പ്രസ്തവനയ്ക്കു കാരണമായ പ്രസംഗം നടത്തിയത്. കള്ളം പറയില്ല എന്ന് നമ്മള്‍ വിശ്വസിക്കുന്ന ഒരു മഹാന്‍ യുഡിഎഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ് ഇങ്ങനെയുള്ളവരെ നികൃഷ്ട ജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടത് എന്നാണ് ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ഉദ്ദേശിച്ചുകൊണ്ട് പിണറായി വിജയന്‍ മത്തായി ചാക്കോ അനുസ്മരണ പരിപാടിയില്‍ തിരുവമ്പാടിയില്‍ പറഞ്ഞത്.
2013 ല്‍ ‘നികൃഷ്ടജീവി’ പ്രയോഗം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് ക്ഷമിച്ചെന്ന് താമരശ്ശേരി രൂപത അറിയിച്ചു. പിണറായി താമരശ്ശേരി ബിഷപ്പിനെ കണ്ടു നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താമരശേരി രൂപതയുടെ ഈ പ്രസ്താവനയും വരുന്നത്. പിണറായി വിജയന്റെ നികൃഷ്ടജീവി പ്രയോഗം മാപ്പാക്കുന്നതായി താമരശേരി രൂപതാ മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളി നേരത്തെ തന്നെ വ്യക്തമാക്കയിരുന്നു. ‘കൃപയുടെ വഴികള്‍’ എന്ന പേരില്‍ പുറത്തിറക്കിയ ആത്മകഥയിലാണു ചിറ്റിലപ്പള്ളി ഇക്കാര്യമറിയിച്ചിരുന്നത്.
‘ഒക്കച്ചങ്ങായി’
ഇതിനു പുറമെ നിരവധി പദപ്രയോഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുണ്ട്. 2018 നവംബര്‍ ഇരുപതിന് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞത് കോണ്‍ഗ്രസ്സുകാര്‍ ബിജെപിയുടെ ‘ഒക്കച്ചങ്ങായി’മാര്‍ എന്നാണ്. വിവാഹത്തിനുപോകുമ്പോള്‍ വരനൊപ്പം അനുഗമിക്കുന്ന ഒരു ഉറ്റ സുഹൃത്തുകൂടി ഉണ്ടാവും. മറ്റു സുഹൃത്തുക്കളെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും അധികാരവും ഒക്കച്ചങ്ങായിക്കുള്ളതാണ്. വരന്റെ മുഖത്ത് പൗഡറിടാനും ഒരുക്കാനും കൂടെയിരുന്ന് ഭക്ഷണം കഴിക്കാനുമെല്ലാം ഒക്കച്ചങ്ങായിയാണ് ഉണ്ടാവുക. ശബരിമല് വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപി നിലപാടുകളെയാണ് മുഖ്യമന്ത്രി ഇങ്ങനെ വിമര്‍ശിച്ചത്.
‘പിപ്പിടി വിദ്യ’
മാര്‍ച്ച് 2022ല്‍ കണ്ണൂരിലെ പാനൂരില്‍ നടന്ന പൊതുയോഗത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞുതുടങ്ങിയ മുഖ്യമന്ത്രി ‘പിപ്പിടി വിദ്യ’യിലേക്കെത്തിയത്. പിപ്പിടി വിദ്യ എന്നതിന്റെ അര്‍ഥം ‘പേപ്പിടി’ എന്നാണ്. പേപ്പിടി എന്നാല്‍ ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക എന്നൊക്കെയാണ് ഭയപ്പെടുത്താനായി പറഞ്ഞുകൂട്ടുന്ന പൊയ്വാക്കുകളെയാണ് പിപ്പിടി വാക്കുകള്‍ എന്നു പറയുന്നത്. കെ.റെയിലിന്റെ പേരും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പിപ്പിടിവിദ്യ തന്റെയടുക്കല്‍ ചെലവാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവും മരണപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയുമായ മുല്ലപ്പള്ളി ഗോപാലനെ ‘അട്ടംപരതി കോവാലന്‍’ എന്നാണ് പിണറായി വിജയന്‍ ആക്ഷേപിച്ചത്. മാതൃഭൂമി പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണ’ എന്ന് വിളിച്ചതും പിണറായിക്കെതിരെ ഏറെനാള്‍ പ്രതിപക്ഷം ആയുധമാക്കപ്പെട്ടിട്ടുണ്ട്.
‘മാധ്യമ സിന്‍ഡി’ക്കേറ്റ്& ‘കടക്ക് പുറത്ത്’
‘മാധ്യമ സിന്‍ഡി’ക്കേറ്റ്, ‘കടക്ക് പുറത്ത്’ ഈ രണ്ടു പ്രയോഗങ്ങളും കേരളത്തിലെ മാധ്യമങ്ങള്‍ക്കു നേരെ പിണറായി വിജയന്‍ ഉപയോഗിച്ച വാക്കുകളാണ്. തിരുവനന്തപുരം കേന്ദ്രമായി മാധ്യമ പ്രവര്‍ത്തകരുടെ ഒരു സിന്‍ഡിക്കേറ്റ് ഉണ്ടെന്നും അവര്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നുവെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
2017 ല്‍ തിരുവനന്തപുരം ജില്ലയിലെ ബിജെപി-സിപിഎം അക്രമണങ്ങളെത്തുടര്‍ന്ന് മസ്‌ക്കറ്റ് ഹോട്ടലില്‍ സമാധാന ചര്‍ച്ച നടത്തിയിരുന്നു. ഇവിടെ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് മുറിയില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെല്ലാം പുറത്തിറങ്ങി. ഇതിനു ശേഷം മാത്രമാണ് മുഖ്യമന്ത്രി ഹാളിനുള്ളില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല. ചര്‍ച്ചയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. അന്നത്തെ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ചര്‍ച്ച നടന്നത്. വലിയ മാധ്യമ ശ്രദ്ധ നേടിയ ചര്‍ച്ചയായിരുന്നു തിരുവനന്തപുരത്ത് നടന്നത്.
ഈ രണ്ടു വാക്കുകളും ഇന്നും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ വൈറലും ട്രെന്റുമെല്ലാമാണ്, ഇപ്പോഴും ഈ വാക്കുകള്‍ പല സന്ദര്‍ഭങ്ങളിലും പലരും ഉപയോഗിച്ചു പോകുന്നുണ്ട്. ഇതില്‍ ‘കടക്ക് പുറത്ത്’ ആണ് സൂപ്പര്‍ ഹിറ്റെന്ന് പറയാം. പിണറായി വിജയന്‍ എന്ന പാര്‍ട്ടി സെക്ട്രറിയും, മുഖ്യമന്ത്രിയായിരുന്ന സമയത്ത് പറഞ്ഞ വാക്കുകള്‍ എന്നും ശ്രദ്ധേയമാണ്. വിവാദങ്ങള്‍ക്കും, വിമര്‍ശനങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ഈ പ്രയോഗങ്ങള്‍ ഉപകരിച്ചതിനപ്പുറം കേരളക്കരയില്‍ നത്യേന ഉപയോഗിക്കപ്പെടുന്ന വാക്കുകള്‍ക്കിടയില്‍ ഇതിനൊക്കെ ഒരു സ്ഥാനവും ഉണ്ടായി.