ന്യൂഡൽഹി : ജമ്മു കശ്മീരിലെ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്കർ ഭീകര സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രന്റ് (TRF ). ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ തീർത്ഥാടകരുടെ ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റിയാസി ഭീകരാക്രമണം “പുതിയ തുടക്കത്തിന്റെ ആരംഭം” മാത്രമാണെന്നും വിനോദസഞ്ചാരികളെയും പുറത്തുനിന്ന് വരുന്നവരെയും ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നും ഭീകര സംഘടന പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.
വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. പൊലീസും നാട്ടുകാരും ചർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ റിയാസി, ത്രേയാത്ത്, ജമ്മു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നതും ഇതേ ഭീകരസംഘമാണെന്ന് പെലീസ് വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തെ തുടർന്ന് സ്ഥലത്ത് പൊലീസ്, ഇന്ത്യൻ സൈന്യം, സിആർപിഎഫ് എന്നിവയുടെ നേതൃത്വത്തിൽ അക്രമികളെ കണ്ടെത്താൻ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.