Kerala

തൃശൂരിലെ തോല്‍വി ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനും തെറിച്ചു; വി.കെ. ശ്രീകണ്ഠന് താല്‍ക്കലിക ചുമതല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ, മുരളീധരനുണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനും രാജിവെച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള എം.പി. വിന്‍സന്റ് എക്സ് എംഎല്‍എയുടെ രാജി യുഡിഎഫ് ചെയര്‍മാന്‍ വി.ഡി. സതീശനും അംഗീകരിച്ചു.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ച വി.കെ. ശ്രീകണ്ഠന് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെന്ന് കെപിസിസി ജനറല്‍സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. ജോസ് വള്ളൂരിനെയും എം പി വിന്‍സന്റിനെയും ഇന്നലെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇവരുമായി സംസാരിച്ചു. തൃശൂരിലെ പ്രചാരണത്തില്‍ എവിടെയെല്ലാം വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു നേതാക്കളോട് ആരാഞ്ഞത്. എന്നാല്‍ വിശദീകരണം നേതൃത്വത്തിന് തൃപ്തികരമായിരുന്നില്ല. തുടര്‍ന്നാണ് രാജി ആവശ്യപ്പെട്ടത്.

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിനെയും സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാമത് പോയതിനെയും ഗൗരവമായാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്. ജോസ് വള്ളൂരിനെതിരെയും എം പി വിന്‍സന്റിനും ടി എന്‍ പ്രതാപനും അനില്‍ അക്കരെ തുടങ്ങിയവര്‍ക്കെതിരെ കഴിഞ്ഞ നാല് ദിവസമായി പോസ്റ്റര്‍ പ്രചാരണം തുടര്‍ന്നിരുന്നു. ഡിസിസി ഓഫീസിന്റെ മതിലിലാണ് പോസ്റ്ററുകള്‍ പതിച്ചിരുന്നത്. തോല്‍വിക്ക് പിന്നില്‍ ഈ നേതാക്കളാണെന്നും ഇവരെ പുറത്താക്കണമെന്നുമായിരുന്നു പോസ്റ്ററുകളുടെ ഉള്ളടക്കം.

തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി.ജോസഫ്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ് എംഎല്‍എ , ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ മൂന്നംഗ സമിതിക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചുമതല നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സജീവന്‍ കുര്യാച്ചിറ, എം.എല്‍ ബേബി എന്നിവരെ അന്വേഷണ വിധേയമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

അതേസമയം, തൃശൂരിലെ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്റെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കെപിസിസി അധ്യക്ഷനാകാനോ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഇല്ലെന്നും മറിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സജീവമാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി ജനറല്‍ സെക്രട്ടറി സജീവന്‍ കുര്യച്ചിറ മദ്യപിച്ചെത്തി അഴിഞ്ഞാടിയെന്നാണ് ഡിസിസി ദിവസം കഴിഞ്ഞ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെയും അനുയായികളുടെയും ക്രൂരമര്‍ദ്ദനമേറ്റ കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം വിമല്‍ സി വിയും യൂത്ത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ പഞ്ചു തോമസും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ച് എത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി സജീവന്‍ കുരിയച്ചിറയുടെ നേതൃത്വത്തില്‍ ഡിസിസി സെക്രട്ടറി എം എല്‍ ബേബി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എബി മോന്‍, ജില്ലാ സെക്രട്ടറി അഖില്‍ ബാബുരാജ്, ബൈജു പുത്തൂര്‍, നിഖില്‍ ജോണ്‍, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടുകൂടി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയത്. ഇതിനെതിരെ മറുപടിയുമായി സജീവനും രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഡിസിസി പ്രസിഡന്റ് തെളിയിക്കട്ടെയെന്നും സജീവന്‍ കുരിയച്ചിറ പ്രതികരിച്ചു.