തിരുവനന്തപുരം: രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്.
നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്നം അവസാനിപ്പിക്കാന്‍ തയ്യാറായത്.
സാധാരണയായി രാജ്യസഭാസീറ്റ് ഘടകകക്ഷികൾക്കു വിട്ടുകൊടുക്കുന്ന രീതി സി.പി.എം. സ്വീകരിക്കാറില്ല. 2000ത്തിൽ ആർ.എസ്.പിക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരു മാറ്റമുണ്ടായത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സി.പി.എമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചതെന്നാണ് സൂചന.
ലോക്സഭയില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടതോടെ രാജ്യസഭ സീറ്റിന് മേല്‍ മാണി ഗ്രൂപ്പ് പിടിവാശി പിടിക്കുകയായിരുന്നു. ഒരു ക്യാബിനറ്റ് പദവി നല്‍കാമെന്ന് സിപി ഐഎം വാഗ്ദാനം ചെയ്തെങ്കിലും മാണി ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. അതോടെയാണ് സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഐഎം തയ്യാറായത്.
അതേസമയം, സീറ്റ് കിട്ടാത്തതിൽ ആർ.ജെ.ഡിക്ക് കടുത്ത പ്രതിഷേധമുള്ളതായും വിവരമുണ്ട്. നേതൃയോഗം വിളിച്ച് തുടർ തീരുമാനം എടുക്കാൻ പാർട്ടി തയാറെടുക്കുന്നതായാണ് സൂചന.