തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം വിവാദത്തില്‍ തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശ്ശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന് പുതിയ പോസ്റ്റിങ് നല്‍കിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്. തൃശൂര്‍ പൂരത്തില്‍ കമ്മീഷ്ണറുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു.
പൂരം അലങ്കോലമാക്കിയതിന്റെ മുഖ്യ ഉത്തരവാദി സിറ്റി പൊലീസ് കമീഷണറാണെന്ന് വ്യക്തമാക്കി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് റിപ്പോർട്ടിലുള്ളത്. കമീഷണറുടെ നടപടിയിൽ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ജില്ല കലക്ടറും മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് വിവരം.
ആനകൾക്ക് പട്ട നൽകാൻ പോയവരെയും കുടയുമായി അകത്ത് കടക്കാൻ ശ്രമിച്ചവരെയുമെല്ലാം കമീഷണറുടെ നേതൃത്വത്തിൽ പൊലീസുകാർ തടയുന്നതും അസഭ്യം പറയുന്നതുമായ വിഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നാണ് കമ്മീഷ്ണര്‍ നല്‍കിയ വിശദീകരണം.