തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന് ഇടതുമുന്നണി അനുവദിച്ച രാജ്യസഭ സീറ്റില്‍ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവും. ഔദ്യോഗിക തീരുമാനം അല്‍പ്പസമയത്തിനകം ഉണ്ടാവും. സീറ്റിനെ ചൊല്ലി മുന്നണിയിലുള്ള തര്‍ക്കം പരിഹരിക്കാൻ സ്വന്തം രാജ്യസഭാ സീറ്റ് സിപിഎം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകി. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് എം മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാര്‍ത്ഥി മത്സരിക്കും.
നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ തയ്യാറായത്.
തീരുമാനം മുന്നണിയുടെ ഐക്യത്തിനു വേണ്ടിയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതുമുന്നണിയുടെ ഐക്യവും കെട്ടുറപ്പുമാണ് ഏറ്റവും പ്രധാനം. അതിനുതകുന്ന നിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മിന് ഒറ്റയ്ക്ക് തന്നെ ഒരു സീറ്റിൽ വിജയിക്കാൻ കഴിയുമായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.