ഹവാന: സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കൊല വംശഹത്യയുടെ തെളിവാണന്നെ് ക്യൂബ. കൂട്ടക്കൊലയെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗ്വസ് അപലപിച്ചു.
ഹമാസിന്റെ കൈവശമുള്ള നാല് ബന്ദികളെ മോചിപ്പിക്കുന്നതിനിടെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 274 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 698 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരിൽ 64 കുട്ടികളും 57 സ്ത്രീകളുമാണ്.
അതേസമയം, ബന്ദിളെ മോചിപ്പിക്കാൻ നടത്തിയ രണ്ട് മണിക്കൂർ നീണ്ട സങ്കീർണമായ ഓപ്പറേഷനിടെ ജീവൻ നഷ്ടമായവരുടെ എണ്ണം 100 താഴെയാണെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളെ രക്ഷിക്കുന്നതിനിടെ ഒരു ഇസ്രയേലി സൈനികനും കൊല്ലപ്പെട്ടിരുന്നു.
അഭയാർത്ഥി ക്യാമ്പായ നുസൈറത്തിൽ ആയിരങ്ങളാണ് തിങ്ങിപ്പാർക്കുന്നത്. ഇതിനിടെ, ഇന്നലെയും മദ്ധ്യഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. ദെയ്‌ർ അൽ – ബലാഹിലും അൽ – ബുറെയ്ജിലും വീടുകൾക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ നിലവിലെ വെടിനിറുത്തൽ ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും. പാലസ്തീനികളുടെ സുരക്ഷ ഉറപ്പാക്കാത്ത പക്ഷം വെടിനിറുത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹമാസ് പ്രതികരിച്ചു. 37,080ലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.