സിഡ്നി: സിഡ്നിയിൽ തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു.
ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മർവയെയും ഷാനിയെയും കണ്ടെടുത്തത്. ഇരുവരും അപ്പോഴേക്കും പൂർണമായും അബോധാവസ്ഥയിലായിരുന്നു. കരക്കെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.