ബെംഗളൂരു: മോദി മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ കർണാടകയിൽ നിന്നുള്ള മുൻ മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മെയ്ക്കും ജഗദീഷ് ഷെട്ടർക്കും അതൃപ്തി. മുൻ ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പയുടെ മകനു സീറ്റ് നിഷേധിച്ചാണ്, ലോക്സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ലാതിരുന്ന ബൊമ്മെയെ നിർബന്ധിച്ചു ഹാവേരിയിൽ കളത്തിലിറക്കിയത്. 43,500 വോട്ടുകളുടെ ഭൂരിപക്ഷത്തിനു മണ്ഡലം പിടിക്കുകയും ചെയ്തു.
ബൊമ്മെയ്ക്കൊപ്പം ഷെട്ടറെയും തഴഞ്ഞ പാർട്ടി, ബിജെപിയുടെ പ്രബല വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയായി വി.സോമണ്ണയ്ക്കാണു മന്ത്രിസഭയിൽ ഇടം നൽകിയത്. മന്ത്രിസഭയിലേക്കു ക്ഷണിക്കുമെന്ന പ്രതീക്ഷയിൽ, കുടുംബാംഗങ്ങൾക്കൊപ്പം ഞായറാഴ്ച ഡൽഹി കർണാടക ഭവനിൽ തമ്പടിച്ച ഇരുനേതാക്കളും ഇതുവരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോൺഗ്രസിൽ ചേക്കേറിയ ഷെട്ടർ പിന്നീടു മടങ്ങിയെത്തി. ബെളഗാവിയിൽ നിന്ന് 1.78 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. മുൻകാലങ്ങളിലെ പോലെ ലിംഗായത്ത് വോട്ടുകൾ പൂർണമായി ബിജെപിക്ക് കിട്ടാതിരുന്ന തിരഞ്ഞെടുപ്പിൽ വടക്കൻ കർണാടകയിൽ നിന്ന് 7 സീറ്റ് മാത്രമാണു ലഭിച്ചത്. കല്യാണ (ഹൈദരാബാദ്) കർണാടകയിൽനിന്ന് ഒരു സീറ്റ് പോലും ലഭിച്ചുമില്ല. ഈ മേഖലയിലെ 5 സീറ്റും കോൺഗ്രസാണു പിടിച്ചത്.