Kerala

ദുരന്തം വരുന്നേ ഓടിക്കോ!!: മുന്നറിയിപ്പ് സയറണ്‍ കേട്ട് പരിഭ്രാന്തരാകരുത്, ഇത് വെറും സാമ്പിള്‍; മണ്‍മറഞ്ഞ സയറണ്‍ തിരിച്ചു വരുന്നു

ഓഫീസില്‍ വിളിച്ചാല്‍ കിട്ടുന്ന ഒരു ഫോണെങ്കിലും വാങ്ങിവെച്ചൂടേ സംസ്ഥാന ദുരന്തങ്ങളേ ?

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ നാളെ മുതല്‍ ഒരു പ്രത്യേക പരിഷ്‌ക്കാരം കൊണ്ടു വരികയാണ്. മറ്റൊന്നുമല്ല, പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനുള്ള സയറണ്‍ ആണത്. ഉച്ചത്തില്‍ ശബ്ദിക്കുന്ന ഈ സയറണ്‍ കേട്ടാല്‍ ദുരന്തത്തിന്റെ സൂചനകള്‍ മനസ്സിലാക്കി ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം പ്രാപിക്കണം. ദുരന്തത്തിന്റെ തീവ്രത അനുസരിച്ച് സയറണില്‍ വ്യത്യാസം ഉണ്ടാകും. അതുകൊണ്ടു തന്നെ ഓരോ സയറണിന്റെയും അര്‍ത്ഥം മനസ്സിലാക്കിയിരിക്കുകയും വേണം.

പണ്ടു കാലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ഇത്തരം സയറണുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതില്‍ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഒഫീസ് സ്‌കൂള്‍ സമയങ്ങള്‍ അറിയിക്കാനും സയറണ്‍ മുഴക്കിയിരുന്നു. എന്നാല്‍, പിന്നീട് ഇത് നിര്‍ത്തുകയും ചെയ്തു. ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ച ദിവസം തദ്ദേശസ്ഥാപനങ്ങളിലെ വലിയ ടവറില്‍ സ്ഥാപിച്ചിട്ടുള്ള സയറണ്‍ മുഴങ്ങിയിട്ടുണ്ട്. പണ്ട് ഉണ്ടായിരുന്ന സയറണ്‍ നിലച്ചതിനു പ്രധാന കാരണം ശബ്ദ മലനീകരണമാണ്.

മാത്രമല്ല, എല്ലാവരുടെയും കൈയ്യില്‍ വാച്ചും, മൊബൈലും, പേജറുമൊക്കെ വന്നതോടെ സയറണ്‍ മുഴക്കം നിലച്ചു. പിന്നീടൊരിക്കല്‍പ്പോലും ഇത്തരം സയറണുകള്‍ മുഴങ്ങുന്നത് കേട്ടിട്ടില്ല. എന്നാല്‍, അത്തരം സയറണുകള്‍ തിരിച്ചു വരികയാണ്. നടപ്പാക്കുന്നത് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയാണ്. വര്‍ദ്ധിച്ചു വരുന്ന പ്രകൃതി-മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സയറണ്‍ കൂടി ആവശ്യമായി വന്നിരിക്കുകയാണ്. ഇന്ന് രാവിലെ സയറണ്‍ ട്രയല്‍ നടത്തിയിരുന്നു. ഇനി വൈകിട്ട് നാലു മണിക്കാണ് അടുത്ത ട്രയല്‍ നടത്തുന്നത്.

85 സ്ഥലങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ‘കവചം’ എന്ന പേരിലാണ് സൈറണുകള്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചത്. 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതല്‍ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും നടക്കുന്നത്. പരീക്ഷണമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

പക്ഷെ, ഇതേക്കുറിച്ചറിയാത്തവര്‍ പരിഭ്രാന്തരായി ദുരന്ത നിവാരണ അതോറിട്ടിയെ വിളിച്ചാല്‍ ആര്‍ക്കും അധികൃതരെ കിട്ടില്ല. ദുരന്ത നിവാരണ അതോറിട്ടിയുടെ പേരില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പരുകള്‍ പ്രവര്‍ത്തന ക്ഷമമല്ല. ഒരു ദുരന്തമായി മാറിയിരിക്കുന്ന ഫോണ്‍ നമ്പരും വെച്ചാണ് ജനങ്ങളെ ദുരന്തത്തില്‍ നിന്നും രക്ഷിക്കാന്‍ അഥോറിട്ടിയുടെ സയറണ്‍ അടിയെന്നതാണ് കോമഡി. 0471 2364424 എന്ന നമ്പരും, 4071 2331345 എന്ന നമ്പരും വലിയ ദുരന്തങ്ങളായി ഇപ്പോഴും ദിരന്ത നിവാരണ അതോറിട്ടിയുടെ വെബ്‌സൈറ്റിലുണ്ട്.

ഒരു കോളും സ്വീകരിക്കാത്ത ഈ ഫോണുകള്‍ ആദ്യം മാറ്റണം. എന്നിട്ട്, സാധാരണ ജനങ്ങള്‍ക്കു പോലും വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പര്‍ വെബ്‌സൈറ്റില്‍ ആഡ് ചെയ്യണം. ദുരന്ത നിവാരണ അതോറിട്ടിയില്‍ വിളിച്ചാല്‍ കിട്ടാത്തവര്‍ക്കും, പരിഭ്രാന്തരാകാന്‍ സാധ്യതയുള്ളവര്‍ക്കുമാണ് ഈ മുന്നറിയിപ്പുകള്‍. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായാണ് സൈറണ്‍ അടിക്കുന്നത്.

ഇതിന് പുറമേ ഫ്‌ളാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.