കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കേക്ക്. പല രുചിയിലുള്ള കേക്കുകൾ ഇന്നുണ്ട്. ബട്ടർ കേക്ക് എല്ലാവരും കഴിച്ചിട്ടുണ്ടാകും. കുങ്കുമപ്പൂവ് ചേർത്ത ബട്ടർ കേക്ക് നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കുങ്കുമപ്പൂവ് ബട്ടർ കേക്ക്. ടേസ്റ്റി കുങ്കുമപ്പൂവ് ബട്ടർ കേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബട്ടർ(ഉപ്പില്ലാത്തത്) – 1 കപ്പ്
- മെെദ – 11/2 കപ്പ്
- പഞ്ചസാര – 1 കപ്പ്
- മുട്ട – 4 എണ്ണം
- ഇളം ചൂട് പാൽ – 4 ടീസ്പൂൺ
- ബേക്കിംഗ് പൗഡർ – 1 ടീസ്പൂൺ
- വാനില എസൻസ് – 1 ടീസ്പൂൺ
- ഉപ്പ് – 1/2 ടീസ്പൂൺ
- കുങ്കുമപ്പൂവ് – 2 നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഇളം ചൂടുള്ള പാലിൽ കുങ്കുമപ്പൂവ് 20 മിനിറ്റ് നേരം കുതിർത്ത് വയ്ക്കുക(കൂടുതൽ നേരം വച്ചാൽ അത്രയും സത്തു കിട്ടും). ഓവൻ 375F(or 190C) പ്രീഹീറ്റ് ചെയ്തിടുക. ഒരു 9 ഇഞ്ച് റൗണ്ട് കേക്ക് ടിൻ ഇത്തിരി ബട്ടർ തേച്ചു റെഡി ആക്കി വയ്ക്കുക.(അടിയിൽ ബട്ടർ പേപ്പർ വച്ചു കൊടുത്താൽ നല്ലതാണ് ).
ശേഷം ഒരു അരിപ്പ് ഉപയോഗിച്ച് മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ നന്നായി അരിച്ചു യോജിപ്പിക്കുക. ഇനി ഒരു വലിയ ബൗളിൽ ബട്ടറും ഷുഗറും കൂടെ നന്നായി ബീറ്റ് ചെയ്തെടുക്കുക. (നല്ല ക്രീം പരുവത്തിൽ ആകാൻ പ്രത്യേകം ശ്രദ്ധിക്കണം). അതിലേക്ക് ഓരോ മുട്ടയായി പൊട്ടിച്ചൊഴിച്ച് നന്നായി ബീറ്റ് ചെയ്തെടുക്കുക.
അതിലേക്ക് വാനില എസെൻസും കുങ്കുമപ്പൂവോട് കൂടി പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് നേരത്തെ അരിച്ചു വച്ചിരിക്കുന്ന മൈദ കൂട്ടിന്റെ മുന്നിൽ ഒരു ഭാഗം പതുക്കെ ചേർത്ത് ഫോൾഡ് ചെയ്തെടുക്കുക. ബാക്കി മൈദ കൂടി ഇതുപോലെ ചെയ്യുക. (ഒാവർമിക്സ് ചെയ്യരുത്. പതുക്കെ ഫോൾഡ് ചെയ്തു കൊടുക്കാനെ പാടുള്ളൂ.).
ഈ ബാറ്റർ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഒഴിക്കുക. ഒരു spatula വച്ച് നന്നായി ഒന്നു സ്പ്രെഡ് ചെയ്തു കൊടുക്കുക. 40-50 മിനിറ്റ് ബേക്ക് ചെയ്യാം. ടൂത്ത്പിക്കോ ഈർക്കിലോ കുത്തി നോക്കി ക്ലീൻ ആയി വരുന്നുണ്ടെങ്കിൽ കേക്ക് തയ്യാറായി എന്നാണ് മനസിലാക്കേണ്ടത്. (കേക്കിന്റ മുകളിലത്തെ ഭാഗം വല്ലാതെ ബ്രൗൺ നിറം ആകുന്നുണ്ടെങ്കിൽ last 15 മിനിറ്റിൽ കേക്ക് ഒരു അലൂമിനിയം ഫോയിൽ വച്ചു കവർ ചെയ്തു കൊടുക്കാം.)
കേക്കിനെ ഓവനിൽ നിന്ന് എടുത്തു ഒരു 5 മിനിറ്റ് തണുക്കാൻ വച്ച ശേഷം ടിന്നിൽ നിന്നും മാറ്റി ഒരു wire rackലോ മറ്റോ വച്ച് ഒന്നുകൂടെ തണുക്കാൻ അനുവദിക്കുക. കുട്ടികൾ ഇഷ്ടപ്പെടുന്ന കുങ്കുമപ്പൂവ് ബട്ടർ കേക്ക് തയ്യാറായി.