ദുബായ് : ശരീരഭംഗി വർധിപ്പിക്കാനും മറ്റുമായി കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും മുഖത്തിന് മാറ്റം വരുത്തുകയും ചെയ്ത യാത്രക്കാരോട് ഏറ്റവും പുതിയ ഫോട്ടോകൾ ഉടൻ തന്നെ പാസ്പോർട്ടിൽ അപ്ഡേറ്റ് ചെയ്യാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ദുബായ് എമിഗ്രേഷൻ) ആവശ്യപ്പെട്ടു. മുഖത്ത് സംഭവിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് വ്യക്തിഗത ഫോട്ടോ അപ്ഡേറ്റ് ചെയ്യണ്ടേത്.
പാസ്പോർട്ട് ഇഷ്യൂ ചെയ്തതിനുശേഷം മൂക്ക്, കവിൾ, താടി എന്നിവയുടെ ആകൃതിയില്‍ മാറ്റങ്ങൾ വരുത്തുന്നവർ അതനുസരിച്ച് രേഖകളിലും മാറ്റം വരുത്തണം. വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുമ്പോൾ എമിഗ്രേഷൻ സിസ്റ്റത്തിൽ ശരിയായ ഡേറ്റ ലഭിക്കുന്നത് വരെ സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധനയ്ക്കായി നിർത്തുകയും ചില ഘട്ടങ്ങളിൽ അവര്‍ക്ക് യാത്ര ചെയ്യേണ്ടുന്ന വിമാനം നഷ്ടപ്പെടാനിടയാക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് അധികൃതര്‍ ഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്.