കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ നിർദേശം ലംഘിച്ച് സ്വകാര്യചാനലുകള്‍ക്ക് മുമ്പാകെ പരസ്യപ്രസ്താവന നടത്തിയ എസ്.വൈ.എസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. ഇത്തരം പ്രസ്താവനകള്‍ മേലില്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതാണെന്ന് നാസര്‍ ഫൈസിക്ക് അയച്ച കത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സമസ്ത നേതാവ് ഉമര്‍ ഫൈസിക്ക് എതിരെ നാസര്‍ ഫൈസി നടത്തിയ പരസ്യ പ്രതികരണത്തിലാണ് നടപടി. പോഷക സംഘടന നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്നും കത്തില്‍ സൂചിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ഇടതു അനുകൂല നിലപാട് സ്വീകരിച്ച ഉമര്‍ ഫൈസിയെ വിമര്‍ശിച്ച് നാസര്‍ ഫൈസി പരസ്യ പ്രതികരണം നടത്തിയിരുന്നു. സമസ്തയുടെ നിലപാട് പറയേണ്ടത് സമസ്ഥ അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാനെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നയങ്ങളും തീരുമാനങ്ങളും കാലിക വിഷയങ്ങളിലുള്ള പ്രതികരണങ്ങളും സമസ്തയുടെ നേതൃത്വമോ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ മാത്രമാണ് നടത്തുകയെന്നും പോഷക സംഘടനാ നേതാക്കള്‍ സമസ്തയുടെ പേരില്‍ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമായി കണ്ട് കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും സമസ്ത നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ അറിയിച്ചു.
അതേസമയം, സമസ്തയുടെ നിലപാടിന് വിരുദ്ധമായി തെരഞ്ഞെടുപ്പിന് മുമ്പ് പരസ്യ പ്രസ്താവന നടത്തിയ മുക്കം ഉമർ ഫൈസിയെ താക്കീത് ചെയ്യാൻ സമസ്ത നേതൃത്വം തയാറാകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തി ലീഗ് അനുകൂലികളായ സമസ്ത പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്.