Oman

പ്രവാസിയെ കൊലപ്പെടുത്തി, ഒമാനിൽ മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍

പൊലീസിന്‍റെ പിടിയിലായ മൂന്നു പ്രതികളും ഏഷ്യക്കാരാണെന്നും കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണെന്നും പൊലീസ്

മസ്കറ്റ്: ഒമാനിലെ വിലായത്ത് ബർക്കയിൽ പ്രവാസി കൊല്ലപ്പെട്ടതായി റോയൽ ഒമാൻ പൊലീസ്. സംഭവത്തിൽ മൂന്ന് പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടി. തെക്കൻ അൽ ബത്തിന ഗവർണറേറ്റിൽ നിന്നുമാണ് മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.

പൊലീസിന്‍റെ പിടിയിലായ മൂന്നു പ്രതികളും ഏഷ്യക്കാരാണെന്നും കൊല്ലപ്പെട്ടയാളും പ്രതികളും ഒരേ രാജ്യക്കാരാണെന്നും പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും റോയൽ ഒമാൻ പൊലീസ് പുറത്ത് വിട്ടിട്ടില്ല. തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ്, ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും പൊലീസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ ഒമ്പത്​​ ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. ജൂൺ 23 ഞായറാഴ്ച മുതലായിരിക്കും അവധിക്ക് ശേഷം പ്രവൃത്തി ദിവസം വീണ്ടും ആരംഭിക്കുക.