കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. 3 സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് അന്വേഷണം നടത്തുന്നത്. പെൺകുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉൾപ്പെടെ പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്.
കേസിൽ നിലപാടു മാറ്റിയ യുവതി ഭർത്താവ് രാഹുൽ പി. ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാമെന്നു പെൺകുട്ടിയുടെ വീട്ടുകാർ പ്രതികരിച്ചപ്പോൾ, തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും നിലപാടു മാറ്റാൻ പ്രേരിപ്പിച്ചിട്ടില്ലെന്നും പറഞ്ഞു മറ്റൊരു വിഡിയോയും യുവതി പോസ്റ്റ് ചെയ്തു. യുവതിയെ കാണാനില്ലെന്ന പരാതിയിൽ വീട്ടുകാരുടെ മൊഴി വടക്കേക്കര പൊലീസ് രേഖപ്പെടുത്തി. മകൾ സ്വന്തമായി ഇത്തരത്തിൽ മാറ്റിപ്പറയുമെന്നു കരുതുന്നില്ലെന്നും പെൺകുട്ടി രാഹുലിന്റെ ആളുകളുടെ കസ്റ്റഡിയിലാണെന്നും അവർ നിർബന്ധിച്ചു പറയിപ്പിക്കുന്നതാണെന്നുമാണു വിശ്വസിക്കുന്നതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.