മോസ്കോ : റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി കൊല്ലപ്പെട്ടു. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തവരാണ് കൊല്ലപ്പെട്ടത്. റഷ്യൻ വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ റഷ്യൻ സൈന്യത്തിന് ഇന്ത്യ താക്കീത് നൽകി. റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി നിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. റഷ്യയിൽ തൊഴിലവസരങ്ങൾ തേടി പോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി.
റഷ്യയിലേക്ക് ജോലി അന്വേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും റഷ്യൻ സൈനിക സംഘത്തിലേക്കുള്ള അപകടകരമായ ജോലികൾ ഏറ്റെടുക്കരുതെന്നും വിദേശകാര്യ മന്ത്രാലയം മുമ്പും നിർദേശം നൽകിയിരുന്നു. യുദ്ധത്തിൽ പങ്കാളികളായ രണ്ട് ഇന്ത്യക്കാർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നിർദേശം.
നിരവധി ഇന്ത്യക്കാരെ ഇത്തരത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധഭൂമിയിലേക്ക് അയച്ചതായി സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികളായിരുന്നു. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരുൾപ്പെടെ 19 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഉൾപ്പെടെ ഏഴ് നഗരങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.