വാഷിങ്ടൺ : കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി യെമനിൽ 49 പേർ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 140 പേരെ കാണാതായി. ആഫ്രിക്കയിൽ നിന്നും യാത്രതിരിച്ച ബോട്ടാണ് മുങ്ങിയതെന്ന് യുണൈറ്റഡ് നേഷൻസ് അറിയിച്ചു. 260 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
എത്യോപിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് വിവരം. ഏദൻ കടലിടുക്ക് കടന്ന് യെമനിലെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും കുടിയേറ്റക്കാർ ബോട്ടിൽ യെമനിലെത്തി അവിടെ നിന്നും സൗദി അറേബ്യയിലേക്ക് കടക്കുകയാണ് ചെയ്യാറ്.
അപകടത്തിൽപ്പെട്ട 71 പേരെ രക്ഷിച്ചുവെന്ന് യു.എന്നിന്റെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു. ഇതിൽ എട്ട് പേരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ 31 സ്ത്രീകളും എട്ട് കുട്ടികളും ഉൾപ്പെടുന്നതായും യു.എൻ ഏജൻസി അറിയിച്ചു.നേരത്തെ ഏപ്രിലിൽ ദിബൂട്ടി തീരത്ത് കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി 62 പേർ മരിച്ചിരുന്നു. യെമനിലേക്ക് തന്നെയാണ് ഇവരും ബോട്ടിൽ യാത്ര തിരിച്ചത്. ഈ റൂട്ടിലൂടെയുള്ള യാത്രക്കിടെ 1860 പേർ മരിക്കുകയും 480 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യു.എന്നിനെ കണക്കനുസരിച്ച് യെമനിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുകയാണ്. 2021ൽ 27,000 കുടിയേറ്റക്കാരാണ് യെമനിലേക്ക് എത്തിയതെങ്കിൽ 2023ൽ ഇത് 90,000 ആയി ഉയർന്നു. നിലവിൽ 3,80,000 കുടിയേറ്റക്കാർ യെമനിലുണ്ടെന്നാണ് യു.എൻ ഏജൻസികൾ അറിയിക്കുന്നത്.