മൂക്കന്നൂർ: വലിയ വിദ്യാഭ്യാസമൊന്നുമില്ല അങ്കമാലി മൂക്കന്നൂർ വടക്കേ അട്ടാറയിലെ കോട്ടയ്ക്കൽ തോമസിന്. ജന്മനാ അംഗപരിമിതിയുള്ള മനുഷ്യൻ. കേൾവി ശക്തിയില്ല, സംസാരശേഷിയുമില്ല. മലയാളം നന്നായിട്ടെഴുതും, വായിക്കും. പക്ഷെ ഈ മനുഷ്യൻ എഴുതുന്ന മലയാളം പെട്ടെന്നൊരാൾക്ക് വായിച്ചെടുക്കുക അസാധ്യം. തലകുത്തനെ തിരിച്ചാണ് തോമസിന്റെ മലയാളം എഴുത്തു ശീലം. മനോഹരമായ സ്വന്തം കൈപ്പടയിൽ അനായാസം അതിവേഗം തന്റെ സിദ്ധിവിശേഷം കാഴ്ചവെക്കുന്ന തോമസിന്റെ എഴുത്തുകൾ വായിക്കണമെങ്കിൽ എഴുത്തു കടലാസ് നിഴലറിയാൻ കഴിയുന്നതാകണം.
മറിച്ചുനോക്കിയാൽ വായിച്ചെടുക്കാൻ കഴിയും. അതല്ലെങ്കിൽ ഒരു മുഖം നോക്കുന്ന കണ്ണാടിയ്ക്കഭിമുഖമായി പിടിയ്ക്കണം. അംഗനവാടിയിൽ നിന്നും സാക്ഷരതാ ക്ലാസിൽ നിന്നും നേടിയ പരിമിതമായ അക്ഷരജ്ഞാനം കൊണ്ട് അധികമാർക്കും കഴിയാത്ത അത്ഭുതം സൃഷ്ടിയ്ക്കുന്ന തോമസ് നിത്യേനയുള്ള പത്രപാരായണം മുടക്കാറില്ല. സെഹിയോൻ ജംഗ്ഷനിലെ അയ്യപ്പാസ് ഹോട്ടൽ, രാവിലെ 7 മുതൽ 8 വരെ തോമസിന്റെ വായനശാലയാണ്. ഒറ്റയിരുപ്പിലെ വായനയിൽ നാട്ടുവാർത്തകളെല്ലാം ഹൃദിസ്ഥമാക്കുന്നതിനിടയിൽ ഹോട്ടലിൽ എത്തുന്ന പതിവുകാരോടെല്ലാം ആംഗ്യഭാഷയിൽ കുശാലാന്വേഷണവും കഴിഞ്ഞാൽ പിന്നെ നേരെ മഞ്ഞിക്കാട് ജംഗ്ഷനിലേയ്ക്ക്. അവിടെയാണ് അന്നത്തേയ്ക്കുള്ള വട്ടച്ചെലവിനുള്ള വഴി തോമസ് കണ്ടെത്തുന്നത്.
ജംഗ്ഷനിലെ സ്റ്റേഷനറി കച്ചവടക്കാരനും കപ്പലണ്ടിക്കച്ചവടക്കാരനും ലോട്ടറി വില്പനക്കാരനും സഹായിയായി വൈകിട്ടുവരെ തോമസ് കൂടെയുണ്ടാകും. അവർ നൽകുന്ന സഹായത്തിലാണ് വട്ടച്ചെലവുകൾ നടന്നുപോകുന്നത്. 52 വയസ്സുള്ള അവിവാഹിതനായ ഇദ്ദേഹം ജീവിതച്ചെലവിനായി മറ്റാരെയും ആശ്രയിയ്ക്കാറില്ല. പ്രതിമാസം 1600 രൂപ വികലാംഗ ക്ഷേമപെൻഷൻ കിട്ടിയിരുന്നതാണ്. മാസങ്ങളായി അത് മുടങ്ങിക്കിടക്കുകയാണെന്നു തോമസ് പറഞ്ഞു. കോട്ടയ്ക്കൽ പരേതനായ വർഗ്ഗീസിന്റെയും ത്രേസ്യാമ്മയുടെയും ആറു മക്കളിൽ നാലാമനാണ്. അമ്മയോടൊപ്പം കനാൽ പുറമ്പോക്കിലാണ് താമസം. ഇല്ലായ്മകൾക്കിടയിൽ അക്ഷരങ്ങൾ തലതിരിച്ചഴുതുന്ന ശീലം മനസ്സന്തോഷത്തിനുള്ള ഒരു ഹോബിയായി കൊണ്ടുനടക്കുന്ന ഈ മനുഷ്യന്റെ കഴിവ് അംഗീകരിയ്ക്കപ്പെടേണ്ടതു തന്നെയാണ്.