Kuwait

വന്‍ തീ പിടുത്തം, ഞെട്ടിവിറച്ച് കുവൈത്തിലെ സ്വകാര്യ കമ്പനി: ക്യാമ്പിലെ തീ പിടുത്തം തുടര്‍ക്കഥ: മരണ സംഖ്യ 50 കടക്കും

കുവൈത്തിലെ മംഗെഫിലെ സ്വകാര്യ കമ്പനിയുടെ ക്യാമ്പില്‍ ഉണ്ടായ തീ പിടിത്തത്തില്‍ 45 ഓളം പേര്‍ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എന്നാല്‍, മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കുവൈത്തിലുള്ള മലയാളികള്‍ നല്‍കുന്ന സൂചന. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെയെല്ലാം വിവിധ ആശുപത്രികളില്‍ പ്രവേശിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി എന്ന കമ്പനിയിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം. ഫ്‌ളാറ്റുകളില്‍ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാന്‍, ജുബൈര്‍ തുടങ്ങിയ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍, ഫ്‌ളാറ്റിനുള്ളില്‍ കറുത്ത പുക പടലങ്ങള്‍ നിറഞ്ഞിട്ടുണ്ട്. വിഷപ്പുകയുടെ സാന്നിധ്യവും രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഫര്‍ഫോഴ്‌സും, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ജീവനുള്ളവരെ കണ്ടെത്തുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഫ്‌ളാറ്റിന്റെ സ്റ്റെയറുകളിലും മൃതദേഹങ്ങളുണ്ട്.

രക്ഷപ്പെടാന്‍ ഓടുന്ന വഴിയില്‍ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചിരിക്കുന്നത്. മാത്രമല്ല, നിരവധിപ്പേര്‍ രക്ഷപ്പെടാനായി ഫ്‌ളാറ്റില്‍ നിന്നും എടുത്തു താഴേക്കു ചാടിയിരുന്നു. ഇങ്ങനെ ചാടിയവരില്‍ ഭൂരിഭാഗംപേരും മരിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കാലും കൈയ്യും ഒടിഞ്ഞ് ആശുപത്രിയിലുമാണ്. എത്ര പേര്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു എന്നതിന് വ്യക്തമായ കണക്ക് അധികൃതര്‍ക്കുമില്ല. ഡ്യൂട്ടി കഴിഞ്ഞ് എത്തിയവരും ഡ്യൂട്ടിക്ക് പോകാനുള്ളവരും ഫ്‌ളാറ്റില്‍ ഉണ്ടായിരുവെന്നാണ് കുവൈത്തിലെ മലയാളികള്‍ അന്വേഷണത്തോട് പറയുന്നത്. 2014ലും സമാനമായ തീ പിടുത്തം ഉണ്ടായിട്ടുണ്ട്.

അന്നും ഫ്‌ളാറ്റ് പൂര്‍ണ്ണമായി കത്തിയിരുന്നു. അന്നും തീ പിടുത്തം ഉണ്ടായത് എങ്ങനെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. ഇപ്പോഴുണ്ടായ തീ പിടുത്തം അണയ്ക്കാന്‍ കഴിയുന്ന ഫര്‍ എക്സ്റ്റിംഗ് ഗുഷറുകളോ, മറ്റ് സംവിധാനങ്ങളോ ഈ ഫ്‌ളാറ്റില്‍ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ഈ ദൂരന്തം ഇത്രയും ഭീകരമാകില്ലായിരുന്നു. പുലര്‍ച്ചെ ആയതു കൊണ്ടാണ് ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നത്. എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് തീ പടര്‍ന്നത്.

ഫ്‌ളാറ്റ് വിട്ട് പുറത്തേക്ക് എത്താന്‍ പെട്ടെന്ന് സാധിക്കാത്തവരാണ് മരണത്തിന് കീഴടങ്ങിയത്. ബെഡ് റൂമില്‍ നിന്നും നേരെ പുറത്തേക്ക് ചാടിയവരും, സ്റ്റെയര്‍ കേയ്‌സ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചവരും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്ത് ഭരണ കൂടം ഔദ്യോഗികമായി മരണ സംഖ്യ പുറത്തു വിട്ടിട്ടില്ല. എന്നാല്‍, കുവൈത്തില്‍ നിന്നുള്ള മലയാളികള്‍ പറയുന്നത്, വളരെ മോശം സിറ്റുവേഷനാണെന്നാണ്. ഫ്‌ളാറ്റില്‍ ജീവനുള്ളവരെയെല്ലാം രക്ഷിച്ചിട്ടുണ്ട്. ഫ്‌ളാറ്റിനു പുറത്തും, വിന്റോയ്ക്കടുത്തു നിന്നവരെയുംരക്ഷപ്പെടുത്തിയിട്ടുണ്ട്.

ഇനി കെട്ടിടത്തിനുള്ളില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്നുള്ള കണക്കെടുക്കാന്‍ ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഉള്ളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോഴും കറുത്ത പുക നിറഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ട് അകത്തേക്കു കയറാന്‍ ഫയര്‍ഫോഴ്‌സിന് സാധിക്കുന്നില്ല. മകനെ കാണാതെ ഒരു അച്ഛന്‍ ഫ്‌ളാറ്റിനു പുറത്തു നിന്ന് കരയുന്നുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

മകനെ ആശുപത്രിയിലും കണ്ടില്ല, രക്ഷപ്പെടുത്തിവരുടെ കൂട്ടത്തിലും കണ്ടില്ലെന്നു പറഞ്ഞാണ് കരയുന്നത്. ഇങ്ങനെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി പേരുടെ കണ്ണീരും നിലവിളികള്‍ക്കും ഇടയില്‍ ജീവന്റെ തുടിപ്പുകള്‍ ബാക്കിയുണ്ടോ എന്നു തേടി ഫര്‍ഫോഴ്‌സുകാര്‍ ഫ്‌ളാറ്റിനുള്ളില്‍ കയറുന്നതും കാത്തിരിക്കുകയാണ് പലരും.

കാര്യങ്ങള്‍ സൂക്ഷമായി നിരീക്ഷിച്ചു വരികയാണെന്നും ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഒരുക്കിയതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഫൊറന്‍സിക് എവിഡന്‍സ് സംഘം കെട്ടിടത്തില്‍ എത്തി പരിശോധന ആരംഭിച്ചു.

മംഗഫ് ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ നാലു മണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പില്‍ താമസിക്കുന്നത്.