കുവൈത്തില്‍ മംഗെഫിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 41 പേര് മരിച്ചതായി കുവൈത്ത് സ്റ്റേറ്റ് മീഡിയ. മരിച്ച 10 പേരില്‍ അഞ്ചുപേര്‍ മലയാളികളാണ്, ഒരാള്‍ കാസര്‍കോട്ടുകാരനെന്നാണ് സൂചന. ഒരു തമിഴ്നാട്ടുകാരനും ഉത്തരേന്ത്യക്കാരനും മരിച്ചു സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോളും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലയാളി ഉടമയായ എന്‍.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്ലാറ്റ്. പൊള്ളലേറ്റും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചവരുമാണ് മരിച്ചത്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രിയിലുള്ള ഏഴുപേരുടെ നില ഗുരുതരമാണ്. പുക ശ്വസിച്ചാണ് കൂടുതലും മരണമെന്ന് പൊലീസ്. ഫ്ലാറ്റില്‍നിന്ന് എല്ലാവരെയും ഒഴിപ്പിച്ചെന്ന് ദുരന്തസ്ഥലത്തുള്ള മലയാളികള്‍ പറഞ്ഞു. ഒട്ടേറെ മലയാളികള്‍ ജോലിചെയ്യുന്ന സ്ഥലത്താണ് ദാരുണമായ ദുരന്തം. നാല്, അഞ്ച് നിലകളില്‍ താമസിച്ചവരാണ് ദുരിതബാധിതരിലേറെയുമെന്ന് സംശയമെന്നും ദുരന്തസ്ഥലത്തുള്ള മലയാളികള്‍. അതേസമയം കെട്ടിടഉടമയ്ക്കെതിരെ നടപടിയെടുക്കാന്‍ കുവൈത്ത് മന്ത്രി നിര്‍ദേശിച്ചു. കെട്ടിടത്തില്‍ ഇത്രയും പേരെ താമസിപ്പിച്ചത് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്താനും നിര്‍ദേശമുണ്ട്.
മംഗെഫ് ബ്ലോക്ക് നാലിൽ എന്‍ടിബിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പുലർച്ചെ നാലരയോടെ തീപിടിത്തമുണ്ടായത്. താഴത്തെ നിലയിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക സൂചന. മലയാളികള്‍ ഉള്‍പ്പെടെ 195 പേരാണ് ഇവിടെ താമസിക്കുന്നത്. ഫ്ലാറ്റുകളിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് മിക്കവര്‍ക്കും പരുക്കേറ്റത്. ഇവരെ മുബാറക്, അദാൻ, ജുബൈർ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീ പൂർണമായി നിയന്ത്രണവിധേയമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്.