നാലാം നൂറുദിന പരിപാടി
സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടി ജൂലായ് 15 ന് ആരംഭിച്ച് ഒക്ടോബർ 22-ന് അവസാനിക്കുന്ന വിധത്തിൽ നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഏറ്റെടുക്കുന്ന പദ്ധതികളുടെ പുരോഗതിയുടെ വിശദാംശങ്ങൾ പരിപാടി പൂർത്തിയാകുന്ന മുറയ്ക്ക് വെബ്സൈറ്റിൽ ലഭ്യമാക്കും.
സർക്കാർ അധികാരത്തിൽ വന്നശേഷം മൂന്ന് നൂറുദിന പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. ആദ്യ നൂറുദിന പരിപാടി 2021 ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയും രണ്ടാം നൂറുദിന പരിപാടി 2022 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയും മൂന്നാം നൂറുദിന പരിപാടി 2023 ഫെബ്രുവരി 10 മുതൽ മേയ് 20 വരെയുമാണ് നടപ്പാക്കിയത്.
മൂന്നാം നൂറുദിന പരിപാടിയിൽ 1295 പദ്ധതികൾ ലക്ഷ്യമിട്ടതില്‍ 100 ദിവസം കൊണ്ട് 1157 എണ്ണം പൂർത്തീകരിച്ചിട്ടുണ്ട്. സാമൂഹിക, പശ്ചാത്തല സൗകര്യ, തൊഴിൽ മേഖലകളിൽ ഗണ്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ മുമ്പ് നടപ്പാക്കിയ മൂന്ന് നൂറുദിന പരിപാടികൾക്കും കഴിഞ്ഞിട്ടുണ്ട്.
നിയമനം
കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജരായ സി അബ്ദുള്‍ മുജീബിനെ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ മനേജിങ്ങ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിക്കും.
ഹൈക്കോടതിയിലെ സ്പെഷ്യല്‍ ഗവണമെന്റ് പ്ലീഡര്‍ പി നാരായണനെ അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി മൂന്ന് വര്‍ഷ കാലയളവില്‍ നിയമിക്കും.
പാട്ടത്തിന് നല്‍കും
ആലപ്പുഴ വെട്ടിയാര്‍ വില്ലേജില്‍ 23 സെന്റ് ഭൂമി ഇ സി എച്ച് എസ് പോളിക്ലിനിക്ക് നിര്‍മ്മിക്കുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് നല്‍കും. പ്രതിവര്‍ഷം ആര് ഒന്നിന് 100 രൂപ എന്ന നാമമാത്ര നിരക്ക് ഈടാക്കിയാണ് നല്‍കുക. കമ്പോള വിലയുടെ 3 ശതമാനം നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ച 2021ലെ ഉത്തരവ് ഭേദഗതി ചെയ്യും. ഇ സി എച്ച് എസ് പോളിക്ലിനിക്കുകള്‍ വിമുക്ത ഭടന്മാരുടെ ചികിത്സയ്ക്ക് പ്രവര്‍ത്തിക്കുന്നതിനാലും സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്തുമാണിത്.