ഉരുളക്കിഴങ്ങ് അച്ചിങ്ങ മസാല ഫ്രൈ
1.നിലകടല – ഒരു വലിയ സ്പൂൺ
മല്ലി – ഒരു വലിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
ജീരകം – ഒരു ചെറിയ സ്പൂൺ
എള്ള് – ഒരു ചെറിയ സ്പൂൺ
കുരുമുളക് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി – നാല് അല്ലി
തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ
2.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
3.കടുക് – അര ചെറിയ സ്പൂൺ
ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
4.ഉരുളക്കിഴങ്ങ് – കാൽ കിലോ
5.അച്ചിങ്ങ നീളത്തിൽ അരിഞ്ഞത് – 200 ഗ്രാം
6.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാൻ ചൂടാക്കി ഒന്നാമത്തെ ചേരുവ എണ്ണ ചേർക്കാതെ വറുക്കുക.
∙തേങ്ങ ഗോൾഡൻ നിറമാകുമ്പോൾ വാങ്ങി തണുക്കാനായി മാറ്റി വയ്ക്കുക. ശേഷം തരുതരുപ്പായി പൊടിച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙ഇതിലേക്ക് ഉരുളക്കിഴങ്ങ് തൊലികളഞ്ഞു നീളത്തിൽ അരിഞ്ഞതു ചേർത്തു വഴറ്റി മൂടി വച്ചു അഞ്ചു മിനിറ്റു വേവിക്കുക.
∙അച്ചിങ്ങയും ആറാമത്തെ ചേരുവയും ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കണം.
∙മുക്കാൽ വേവാകുമ്പോൾ മൂടി തുറന്നു പൊടിച്ചു വച്ച മസാല ചേർത്തിളക്കി പത്തു മിനിറ്റു നന്നായി വരട്ടിയെടുക്കുക.