ഇന്നും ഹോമകുണ്ഡമണയാത്ത, പരദേവതകൾ കുടിയിരിക്കുന്ന സൂര്യകാലടി മന.. മലപ്പുറത്തെ പൊന്നാനി താലൂക്കിലായിരുന്നു ആദ്യകാലത്ത് കാലടിമന. പുരാണപ്രസിദ്ധമായ മനയാണ് തേക്കിൽ തീർത്ത നാലുകെട്ടോടുകൂടിയ സൂര്യകാലടി മന. പരശുരാമന് മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില് നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള് നല്കി ആചാരവ്യവസ്ഥകള് ചെയ്ത് 64 ഗ്രാമങ്ങളിലായി താമസിപ്പിച്ചു പോന്നിരുന്നു . ചേര-പാണ്ഡ്യ യുദ്ധങ്ങൾക്ക് കുടുംബത്തിലെ ആണുങ്ങൾ പോകുമ്പോൾ ക്ഷേത്രത്തിലെ പൂജകൾ മുടങ്ങാതിരിക്കാനും ക്ഷേത്രം അന്യാധീനപ്പെട്ട് പോകാതിരിക്കാനുമായിരുന്നു ഇത്തരത്തിൽ അന്യദേശങ്ങളിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവന്നിരുന്നത്. ഇവരിൽ മന്ത്രവാദത്തിനായി ചുമതലപ്പെടുത്തിയ 6 കുടുംബങ്ങളിൽ ഒന്നായ കാലടി മന ആദ്യ കാലങ്ങളിൽ മലപ്പുറത്തെ പൊന്നാനിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടിവർ സകുടുംബം മീനച്ചിലാറ്റിന്റെ തീരത്തേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോഴത്തെ മന പണികഴിപ്പിച്ചത് പിന്നീട് സ്വാതി തിരുനാള് മഹാരാജാവാണ്.
ഒരിക്കൽ കാലടി ഇല്ലത്തെ ഭട്ടതിരിയും കൂട്ടുകാരൻ നമ്പൂതിരിയും കൂടി തൃശ്ശൂർപൂരം കാണാനായി പുറപ്പെടുകയുണ്ടായി. യക്ഷികൾ വസിക്കുന്ന യക്ഷിപ്പറമ്പ് കടന്നുവേണം അവർക്ക് അവിടെയെത്താൻ. രാത്രിയിലാണ് അവർ യക്ഷിപ്പറമ്പിന് സമീപം എത്തിച്ചേർന്നത്. ആ സമയം സുന്ദരികളായ രണ്ട് യുവതികൾ വരികയും ഈ സമയത്ത് ഇത് വഴി സഞ്ചരിക്കുന്നത് അപകടമാണെന്നും ഇന്നത്തെ രാത്രി തങ്ങളുടെ മനയിൽ താമസിക്കാം എന്നും യുവതികൾ അവരോട് പറഞ്ഞു. ഇത് കേട്ട ഭട്ടതിരിയും നമ്പൂതിരിയും അവരുടെ ക്ഷണം സ്വീകരിക്കുകയും അവരോടൊത്ത് മനയിലേക്ക് പോവുകയും ചെയ്തു. മനയിലെത്തിയ ശേഷം വിവിധ മുറികളിൽ ഇവർക്ക് ഉറങ്ങുവാനുള്ള സൗകര്യം ചെയ്ത് കൊടുത്തു. നിത്യവും ദേവിമാഹാത്മ്യം പാരായണം ചെയ്യുന്ന ശീലമുള്ള വ്യക്തിയായിരുന്നു നമ്പൂതിരി. പാരായണ ശേഷം പുസ്തകം അരികിൽ വെച്ചാണ് അദ്ദേഹം കിടക്കാറുള്ളത്. അന്നും അദ്ദേഹം പാരായണ ശേഷം പുസ്തകം അരികിൽ വെച്ചു. യുവതി വരുന്നതും കാത്തിരുന്നു. ആരെയും കൊതിപ്പിക്കുന്ന ഭാവത്തിൽ യുവതി മുറിയിലെത്തി. നമ്പൂതിരിയുടെ അരികിലേക്ക് ചേർന്നിരുന്ന അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ആണ് നമ്പൂതിരിക്ക് സമീപം ദേവിമാഹാത്മ്യം ഇരിക്കുന്നത് അവൾ കണ്ടത്.
പാരായണം കഴിഞ്ഞെങ്കിൽ അങ്ങോട്ട് നീക്കി വെയ്ക്കമായിരുന്നില്ലേ നമ്പൂതിരി” എന്നവൾ ചോദിച്ചു. അവളുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയ നമ്പൂതിരി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഇതേ സമയം അപ്പുറത്തെ മുറിയിൽ നിന്നും രക്തം ഊറ്റികുടിക്കുന്ന ശബ്ദം വരുന്നുണ്ടായിരുന്നു. കൂടാതെ എല്ലുകൾ ഒടിയുന്ന ശബ്ദവും. നമ്പൂതിരി ഭട്ടതിരിയെ ഉറക്കെ വിളിച്ചെങ്കിലും മറുപുറത്ത് നിന്നും ശബ്ദമൊന്നും വന്നതേയില്ല. ഭയം തോന്നിയ നമ്പൂതിരി ദേവിമാഹാത്മ്യം നെഞ്ചിനോട് ചേർത്ത് പിടിച്ചു. അപ്പോഴും രക്തം ഊറ്റികുടിക്കാനുള്ള ആഗ്രഹത്തോടെ അവൾ നമ്പൂതിരിയെ നോക്കിക്കൊണ്ടിരുന്നു. വെളുപ്പിന് കണ്ണ് തുറന്ന നമ്പൂതിരിക്ക് അവിടെ ഒരു മന തന്നെ കാണാൻ സാധിച്ചില്ല. ഒരു കരിമ്പനയ്ക്ക് മുകളിൽ ആണ് താൻ ഉള്ളത് എന്ന് നമ്പൂതിരിക്ക് മനസിലായി. താൻ രാത്രിയിൽ കണ്ട മന യക്ഷികളുടെ മായവിദ്യയാണെന്ന് മനസിലാക്കിയ നമ്പൂതിരി തന്റെ സുഹൃത്തായ ഭട്ടതിരിയെയും അന്വേഷിച്ച് അടുത്തുള്ള പനച്ചുവട്ടിൽ എത്തിയപ്പോൾ എല്ലിൻ കഷ്ണങ്ങളും മുടിയും മാത്രമാണ് കാണാൻ സാധിച്ചത്. വേഗം തന്നെ ഇല്ലത്ത് എത്തിയ നമ്പൂതിരി നടന്ന കാര്യങ്ങൾ എല്ലാം ഭട്ടതിരിയുടെ ഭാര്യയെ അറിയിച്ചു.
ഗർഭിണിയായിരുന്ന അന്തർജനം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ ഉപനയന ദിവസം തന്റെ അച്ഛന് എന്താണ് സംഭവിച്ചത് എന്ന് മകൻ അമ്മയോട് ചോദിച്ചു. നടന്നതെല്ലാം ലവലേശം ഭയമില്ലാതെ അമ്മ മകന് പറഞ്ഞുകൊടുത്തു. തന്റെ അച്ഛനെ ഇല്ലാതാക്കിയ യക്ഷിയോടുള്ള പകയെന്നോണം യക്ഷിയെ തളയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങുകയും ഉണ്ണിയുടെ ഉഗ്രതപസ്സിന്റെ ശക്തിയെന്നോണം സൂര്യൻ പ്രത്യക്ഷപ്പെടുകയും സൂര്യനിൽ നിന്ന് ഉഗ്രവിധികൾ ഉണ്ണി പഠിക്കുകയും ചെയ്തു. ഇങ്ങനെയാണ് കാലടി മന സൂര്യകാലടി മന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എല്ലാ മന്ത്രങ്ങളും ഹൃദിസ്ഥമാക്കിയപ്പോൾ തന്റെ പിതാവിനെ ഇല്ലാതാക്കിയ യക്ഷിയെ തേടിയായി ഉണ്ണിയുടെ യാത്ര.
എല്ലാ യക്ഷികളെയും വിളിച്ച് വരുത്തിയ ഉണ്ണിയോട് യക്ഷികൾ തങ്ങളല്ല അദ്ദേഹത്തെ കൊന്നതെന്ന് പറയുകയും അവരെക്കൊണ്ട് സത്യം ചെയ്യിച്ചതിന് ശേഷം ഉണ്ണി അവരെ പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഭട്ടതിരിയുടെ മരണത്തിന് കാരണക്കാരിയായ അവൾ സത്യം ചെയ്തില്ല. മാത്രവുമല്ല ഇന്നേക്ക് നാല്പത്തിയൊന്നാം ദിവസം ഉണ്ണി മരിക്കുമെന്ന് യക്ഷി ശപിക്കുകയും ചെയ്തു. ശേഷം യക്ഷിയെ ഹോമാകുണ്ഡത്തിലേക്ക് ഹോമിക്കുകയും മനയിൽ നിന്നും കുറച്ച് ദൂരം മാറി ദേവതാഭാവത്തിൽ കുടിയിരുത്തുകയും ചെയ്തു. തന്റെ അച്ഛനെ കൊന്ന യക്ഷിയോട് പ്രതികാരം ചെയ്ത് ഹോമിച്ചതിനു ശേഷം യക്ഷിയുടെ ശാപമേറ്റ് നാൽപ്പത്തൊന്നാം നാൾ സൂര്യകാലടി നമ്പൂതിരിയ്ക്കും അന്ത്യം സംഭവിച്ചു. നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും മനയുടെ സൗന്ദര്യവും പാരമ്പര്യവും എല്ലാം ഇന്നും ഇവിടുത്തെ ഇളംതലമുറക്കാർ കാത്തുപോരുന്നു