ബലിപെരുന്നാള്‍ അടുത്തതോടെ ഒമാനിലെ സൂക്കുകളില്‍ കച്ചവടക്കാര്‍ പെരുന്നാള്‍ ഉത്പന്നങ്ങളുമായി സജീവമായി. ഒമാനിലെ നാടും നഗരവും പെരുന്നാള്‍ ആഘോഷത്തിനൊരുങ്ങി. നാളെ വൈകുന്നേരം ജോലി കഴിഞ്ഞെത്തുന്നതോടെ രാജ്യം പെരുന്നാള്‍ അവധിയിലേക്ക് കടക്കും. ഇതോടെ പാരമ്പര്യ സൂഖുകളും ഷോപ്പിംഗ് മാളുകളും അവസാന ഘട്ട ഷോപ്പിംഗുകള്‍ക്കായി കൂടുതല്‍ സജീവമാകും. ബലി മൃഗങ്ങളുടെ വില്പനയും തകൃതിയാണ്. പെരുന്നാള്‍ അടുക്കുന്നതോടെ ‘ഹബ്ത ‘ മാര്‍ക്കറ്റുകളും സജീവമാകും.
രാജ്യം ബലിപെരുന്നാള്‍ ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ ഒമാനിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും പരമ്പരാകൃത സൂഖുകളിലും പെരുന്നാള്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു. പകല്‍ സമയങ്ങളിലെ കനത്ത ചൂട് പരമ്പരാകൃത സൂഖിലെ കച്ചവടത്തെ ബാധിക്കുന്നുണ്ടെങ്കിലും വൈകീട്ട് കുടുംബങ്ങളും കുട്ടികളും ആവേശത്തോടെ മാര്‍ക്കറ്റില്‍ എത്തുന്നുണ്ടെന്ന് സൂഖിലെ കച്ചവടക്കാര്‍ പറയുന്നു. റെഡിമെയ്ഡ് വസ്ത്ര വിപണിയും സജീവമായിട്ടുണ്ട്.
ഒമാനില്‍ കൂട്ട് കുടുംബ വാഴ്ച നിലനില്‍ക്കുന്നതിനാല്‍ വലിയ പാത്രങ്ങള്‍ക്കും വലുപ്പമുള്ള ചെമ്പുകളുമാണ് കൂടുതലും വിറ്റു പോകുക. ബലി പെരുന്നാളിന് ബലിഅര്പ്പിക്കാനുള്ള ആടുമാടുകളെ വില്പനക്ക് എത്തിക്കുന്ന ചന്തകളും സജീവമായി. സോമാലിയ, ബ്രസീല്‍, ഇന്ത്യ എന്നിങ്ങനെയുള്ള രാജ്യത്ത് നിന്ന് എത്തുന്ന ആടുകള്‍ വില്പനയ്ക്കായി ഉണ്ട് ഒമാനിലുള്ള ആടുകള്‍ക്ക് വിലയും ഡിമാന്റും കൂടുതലാണ്. ഒട്ടകം, ആട്, പോത്ത്, മറ്റു നാല്കാലികള് എന്നിവയും വില്പനയ്ക്കായി ഉണ്ട്. പെരുന്നാള്‍ അടുക്കുന്നതോടെ അറവുമാടുകള്‍ക്ക് വില വര്‍ധിക്കും. ബലി അറുക്കാനുള്ള വലുതും ചെറുതുമായ കത്തികള്‍ ഇറച്ചി തൂക്കിയിടാനുള്ള കൊളുത്ത്. ഇറച്ചി വെട്ടാനുള്ള മരത്തടി. കത്തി മൂര്‍ച്ച കൂട്ടാനുള്ള ഇരുമ്പ് പ്രത്യേകതരം കല്ല് എന്നിവയും വിപണിയിലുണ്ട്. സ്വദേശികളുടെ പെരുന്നാള്‍ സ്പെഷല്‍ വിഭവമായ ഷുവ ഉണ്ടാക്കാനുള്ള സാധങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള് വിപണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.