ന്യൂഡൽഹി: ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം 3 മാസം കൂടി നീട്ടി. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന കാലാവധിയാണ് സെപ്റ്റംബർ 14 വരെ നീട്ടിയത്. ഓൺലൈനായി അപ്ഡേറ്റ് ചെയ്യാനുള്ള 25 രൂപയെന്ന നിരക്കാണ് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, അക്ഷയ സെന്ററുകൾ അടക്കമുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചാർജ് 50 രൂപയായി തുടരും.
10 വർഷത്തിലൊരിക്കൽ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ പുതുക്കുന്നത് നിർബന്ധമല്ലെങ്കിലും രേഖകൾ അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. ആധാർ വിവരശേഖരത്തിന്റെ കൃത്യത വർധിപ്പിക്കുകയാണ് ലക്ഷ്യം. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി രേഖകൾ പുതുക്കാം.